SignIn
Kerala Kaumudi Online
Friday, 26 April 2024 11.07 PM IST

ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജീവിതപങ്കാളി എന്ന നിലയ്ക്ക് സോഷ്യൽ ഓഡിറ്റിനെ ഭയന്ന് ജീവിക്കുന്ന ഒരാളാണ് ഞാൻ, നിയമന വിവാദത്തിൽ പ്രതികരണവുമായി പ്രിയ വർഗീസ്

priya

കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ മലയാളം പഠന വകുപ്പിലെ അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസ്. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് പ്രിയയുടെ പ്രതികണം.

ഒരു കമ്മ്യൂണിസ്റ്റ്‌കാരന്റെ ജീവിതപങ്കാളി എന്ന നിലക്ക് എല്ലായ്‌പോഴും സോഷ്യൽ ഓഡിറ്റിനെ ഭയന്നു ജീവിക്കുന്ന ഒരാളാണ് ഞാൻ. അതുകൊണ്ട് തന്നെ അപേക്ഷ പൂരിപ്പിക്കുമ്പോഴും അതിജാഗ്രത ഉണ്ടായിരുന്നുവെന്ന് പ്രിയ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

യൂ. ജി. സി റെഗുലേഷനെ തെറ്റായി വ്യാഖ്യാനിച്ച് എഫ്. ഡി. പി ഗവേഷണകാലയളവ് അധ്യാപനപരിചയമായി കൂട്ടാനാവില്ല എന്ന് പറഞ്ഞു തുടങ്ങിയ വിവാദമാണ്. ഇപ്പൊ യൂ. ജി. സി റെഗുലേഷനൊക്കെ ആറ്റിൽ ഒഴുക്കി ചില വിവരാവകാശരേഖകളുടെ മാത്രം ബലത്തിൽ കൈകാലിട്ടടിക്കുന്നത്. ഏതായാലും ചില വിവരങ്ങൾ ഞാനും അവകാശപ്പെട്ടിട്ട് മതി പ്രതികരണം എന്ന് കരുതി ഇരിക്കുകയായിരുന്നു. പക്ഷേ വിവരാവകാശരേഖ എന്ന് പറഞ്ഞ് എഴുന്നള്ളിക്കുന്ന ചില അക്കങ്ങളിലെ കള്ളക്കളികൾ ഇപ്പൊ തന്നെ തുറന്നു കാട്ടേണ്ടതുണ്ട് എന്ന് കഴിഞ്ഞ രണ്ടു ദിവസമായി നുണരമയാദി പത്രങ്ങളുടെയും ഏഷ്യാനെറ്റാദി പരദൂഷണചാനലുകളുടെയും ഇളകിയാട്ടം കണ്ടപ്പോൾ തോന്നി.

1. എന്താ ഈ കണക്കിലെ കളികൾ? അതിന് കണ്ണൂർ സർവ്വകലാശാലയുടെ അപേക്ഷ സമർപ്പണത്തിന്റെ ചരിത്രം കൂടി അറിയണം. കോവിഡ് കാലമായിരുന്നതുകൊണ്ട് അപേക്ഷ ഓൺലൈൻ അപേക്ഷയായിട്ടായിരുന്നു സമർപ്പിക്കേണ്ടിയിരുന്നത്. ഈ ഓൺലൈൻ ഡാറ്റാ ഷീറ്റിലെ ഓരോ കോളത്തിലും നമ്മൾ ടൈപ്പ് ചെയ്തു കൊടുക്കുന്ന മുറക്ക് സ്കോർ കോളത്തിൽ തത്തുല്യമായ അക്കം ഓട്ടോ ജനറേറ്റ് ആവും. അങ്ങിനെ അപേക്ഷ പൂരിപ്പിച്ചു കഴിയുമ്പോൾ നമ്മുടെ ആകെ സ്കോറും ഓട്ടോ ജനറേറ്റ് ആയി വരും. ഇങ്ങിനെ ഓൺലൈൻ അപേക്ഷയിൽ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ അടയാളപ്പെടുത്തിയ അക്കങ്ങൾ ആണ് ഇപ്പോൾ ഈ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്മേൽ സർവ്വകലാശാല നേരിട്ടുള്ള ഒരു തെളിവെടുപ്പ് (ഫിസിക്കൽ വെരിഫിക്കേഷൻ )നടത്തിയിട്ടില്ല. സാധാരണ ഇതു നടക്കാറുള്ളത് ഇന്റർവ്യൂ ദിവസമാണ്. ഇന്റർവ്യൂ ഓൺലൈൻ ആയിരുന്നത്കൊണ്ട് അന്നും അത് നടന്നില്ല. അതായത് എന്റെ 156ഉം അപരന്റെ 651ഉം എല്ലാം ഞങ്ങളുടെ അവകാശവാദങ്ങൾ മാത്രമാണ്. സർവ്വകലാശാല അത് മുഴുവൻ പരിശോധിച്ചു വക വെച്ചു തന്നിട്ടുള്ളതല്ല

2. എന്നാലും അക്കങ്ങളിലെ ഇത്ര ഭീമമായ അന്തരം എങ്ങിനെയാ?

ഒരു കമ്മ്യൂണിസ്റ്റ്‌കാരന്റെ ജീവിതപങ്കാളി എന്ന നിലക്ക് എല്ലായ്‌പോഴും സോഷ്യൽ ഓഡിറ്റിനെ ഭയന്നു ജീവിക്കുന്ന ഒരാളാണ് ഞാൻ. അതുകൊണ്ട് അപേക്ഷ പൂരിപ്പിക്കുമ്പോഴും അതിജാഗ്രത ഉണ്ടായിരുന്നു. യൂ. ജി. സി. കെയർ ലിസ്റ്റിൽ മലയാളത്തിൽ നിന്ന് അധികം ജേർണലുകൾ ഒന്നുമില്ല. പിന്നെ പിയർ റിവ്യൂഡ് എന്ന ഗണത്തിൽ ഏതൊക്കെ വരും? സംശയമായി. എ. കെ. പി. സി. ടി. എ യുടെ ISSN രെജിസ്ട്രേഷൻ ഒക്കെയുള്ള കോളേജ് ടീച്ചറിൽ ഒക്കെ ഞാൻ ചിലത് എഴുതിയിട്ടുണ്ട് അതൊക്കെ ക്ലയിം ചെയ്യാമോ?(ചെയ്താൽ നാളെ അത് ഒരു ആക്ഷേപമായി വരുമോ? )സമകാലിക മലയാളത്തിൽ എഴുതിയത്? സ്ത്രീ ശബ്ദത്തിലെ കോളം? സംശയം തീർക്കാൻ സർവ്വകലാശാലയുടെ തന്നെ അക്കാദമിക് വിഭാഗത്തിൽ വിളിച്ച്, Approved journals in Malayalam ലിസ്റ്റ് എടുത്തു. അതിൽ പട്ടികപ്പെടുത്തിയിരുന്ന ജേർണലുകളിൽ വന്ന പ്രബന്ധങ്ങൾ മാത്രമേ എന്റെ അപേക്ഷയിൽ ഞാൻ പൂരിപ്പിച്ചു നൽകിയുള്ളൂ. മേൽപ്പറഞ്ഞ പ്രസിദ്ധീകരണങ്ങളിൽ വന്നതിന്റെ ഒക്കെ പേരുവിവരങ്ങൾ ടൈപ്പ് ചെയ്തു വെച്ചിരുന്നെങ്കിൽ സ്കോർ കോളത്തിൽ അതിനൊക്കെ മാർക്ക് വീണേനെ. വിവരാവകാശ രേഖയിൽ എന്റെ സ്കോർ ഇപ്പോൾ ഉള്ളതിന്റെ ഇരട്ടി എങ്കിലും ആയേനെ. പക്ഷേ ഒരു കാര്യം എനിക്ക് ഉറപ്പിച്ചു പറയാം ഞാൻ ക്ലയിം ചെയ്തതത്രയും ഈ കഴിഞ്ഞ ഒന്നാം തിയ്യതി താവക്കരയിലെ സർവ്വകലാശാല ആസ്ഥാനത്തു വെച്ച് നേരിട്ട് പരിശോധിക്കുകയും പ്ലേജിയരിസം പരിശോധനക്കായി സോഫ്റ്റ്‌കോപ്പി അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടപ്രകാരം അയച്ചു നൽകുകയും ചെയ്തതിന് ശേഷമാണ് ഇപ്പോൾ ഈ വിവാദങ്ങൾ ഉയർന്നിരിക്കുന്നത്. റിസർച്ച് സ്കോർ ഷോർട്ലിസ്റ്റ് ചെയ്യാൻ മാത്രമേ പരിഗണിക്കൂ എന്നുള്ളതിനാൽ അതിനാവശ്യമായ 75പോയിന്റ് ഉണ്ടോ എന്നല്ലാതെ അവകാശപ്പെട്ട മുഴുവൻ പോയിന്റ്റും അർഹതപ്പെട്ടതാണോ എന്ന പരിശോധന മറ്റ് ഉദ്യോഗാർത്ഥികളുടെ ഒന്നും കാര്യത്തിൽ ഇനിയും നടന്നിട്ടില്ല. അത് നടന്നു കഴിഞ്ഞാലേ ഈ അക്കങ്ങളിലെ നെല്ലും പതിരും തിരിയൂ.അതുകൊണ്ട് ഈ അക്കങ്ങളെ അങ്ങ് വല്ലാതെ ആഘോഷിക്കേണ്ടതില്ല.

3. ആശാന്റെ സീതാകാവ്യത്തിൽ സീത പറയുന്ന ഒരു വാക്യമുണ്ട് :

"ജനമെന്നെ വരിച്ചു മുമ്പുതാ-

നനുമോദത്തൊടു സാർവ്വഭൗമിയായ്

പുനരെങ്ങനെ നിന്ദ്യയായി ഞാൻ

മനുവംശാങ്കുരഗർഭമാർന്ന നാൾ?"

യൂ. ജി. സി. റെഗുലേഷന്റെ കാര്യത്തിലും ഇവിടെ സംഭവിച്ചത് ഏതാണ്ട് ഇങ്ങിനെ ഒക്കെയാണ്. എഫ്. ഡി. പി. കാലയളവ് അധ്യാപനപരിചയമായി ഗണിക്കില്ല എന്ന് യൂ. ജി. സി റെഗുലേഷനിലുണ്ടെന്ന് വാദിച്ചുകൊണ്ടിരുന്നപ്പോൾ യു. ജി. സി റെഗുലേഷൻ സാർവ്വഭൗമിയായിരുന്നു. അത് തെറ്റായ വ്യാഖ്യാനമാണെന്ന നിയമോപദേശം വന്നതോടെ യു. ജി. സി. റെഗുലേഷൻ നിന്ദ്യയായി. റിസർച്ച് സ്കോർ ചുരുക്കപ്പട്ടിക തയ്യാറാക്കാനെ ഉപയോഗിക്കാവൂ എന്ന് യാതൊരു അർഥശങ്കക്കും ഇട നൽകാതെ യു. ജി. സി റെഗുലേഷനിൽ പറഞ്ഞു വെച്ചിരിക്കുന്നത് കെ. കെ. രാഗേഷ് യു. ജി. സി ചെയർമാനെ വി. സി ആക്കാം എന്ന് പറഞ്ഞതുകൊണ്ടല്ല എന്നെങ്കിലും സമ്മതിക്കുമോ ഇവിടുത്തെ മാ. പ്ര കൾ?

4. ഒരു നിശ്ചിത കട്ട്‌ ഓഫ്ന് ശേഷമുള്ള റിസർച്ച് സ്കോർ പണ്ടും കണക്കിലെടുത്തിരുന്നില്ലല്ലോ! അന്ന് പത്തു പ്രബന്ധമുണ്ടെങ്കിൽ അഞ്ചെണ്ണത്തിന് മാത്രമേ മാർക്ക് കൂട്ടിയിരുന്നുള്ളൂ. അപ്പോഴും ഈ പറയുന്ന ഇന്റർവ്യൂവിന് മാർക്ക് കൂട്ടി കൊടുത്തു എന്ന ദുരാരോപണത്തിന് സാധ്യത ഉണ്ടായിരുന്നു. ഇതിപ്പോ കണ്ണൂർ സർവ്വകലാശാലയുടെ ഇന്റർവ്യൂ ഓൺലൈൻ ആയി നടന്നതായത്കൊണ്ട് റിക്കോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. അതും കൂടി വിവരാവകാശം ചോദിച്ച് എടുത്തുവെച്ച് ചാനലിൽ സംപ്രേഷണം ചെയ്യ്. അതിൽ മാത്രം ഇനി ചാനൽ വിധിനിർണയം നടന്നില്ല എന്ന് വേണ്ട. ഒട്ടും ആത്മവിശ്വാസക്കുറവില്ലാത്തത്കൊണ്ട് ഞാൻ അതിനെ സുസ്വാഗതം ചെയ്യുന്നു. കാണിക്കുമ്പോൾ എല്ലാവരുടെയും കാണിക്കണം എന്ന് മാത്രം. മാധ്യമതമ്പ്രാക്കളോട് തല്ക്കാലം ഇത്രമാത്രം തെര്യപ്പെടുത്തികൊള്ളട്ടെ. ശേഷം പിന്നാലെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRIYA VARGHESE, FB POST, PRIYA VARDHESE FB POST
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.