ലോസ്ആഞ്ചലസ് : ഓസ്കാർ വേദിയിൽ അപമാനിക്കപ്പെട്ട അമേരിക്കൻ നടിയും ആക്ടിവിസ്റ്റുമായ സഷീൻ ലിറ്റിൽഫെതറിനോട് 50 വർഷത്തിനിപ്പുറം മാപ്പ് പറഞ്ഞ് അക്കാഡമി ഒഫ് മോഷൻ പിക്ചർ ആർട്ട്സ് ആൻഡ് സയൻസസ്.
1973ലെ ഓസ്കാർ അവാർഡ് ചടങ്ങിൽ ' ഗോഡ്ഫാദറി"ലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം നേടിയ മർലൻ ബ്രാൻഡോയ്ക്ക് വേണ്ടി വേദിയിലെത്തിയത് സഷീൻ ആയിരുന്നു. റെഡ് ഇൻഡ്യക്കാരോട് ഹോളിവുഡ് കാട്ടുന്ന അവഗണനകളിൽ പ്രതിഷേധിച്ച് പുരസ്കാരം നിരസിക്കാനുള്ള തന്റെ തീരുമാനം അറിയിക്കാനാണ് തന്റെ പ്രതിനിധിയായി സഷീനെ ബ്രാൻഡോ അയച്ചത്.
വേദിയിലെത്തി ബ്രാൻഡോയുടെ തീരുമാനം അറിയിച്ചതിന് പിന്നാലെ സദസ്സിൽ നിന്ന് ശക്തമായ പ്രതിഷേധമാണ് സഷീൻ നേരിട്ടത്. സഷീന്റെ നേർക്ക് ചിലരിൽ നിന്ന് അസഭ്യവർഷവും കൂവിവിളികളുമുണ്ടായി. കുറച്ച് പേർ മാത്രം സഷീനെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചിരുന്നു.
സംഭവത്തിന് ശേഷം വർഷങ്ങളോളം താൻ പരിഹാസവും വിവേചനവും വ്യക്തിപരമായ ആക്രമണങ്ങളും നേരിട്ടതായി സഷീൻ വെളിപ്പെടുത്തിയിരുന്നു. അടുത്ത മാസം അക്കാഡമി സംഘടിപ്പിക്കുന്ന ചടങ്ങിൽ സഷീൻ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |