SignIn
Kerala Kaumudi Online
Tuesday, 04 October 2022 3.44 AM IST

കേരള യൂണിവേഴ്‌സിറ്റി വി.സി നിയമനം നേരിട്ടു നടത്താൻ ഗവർണർ

gov

തിരുവനന്തപുരം: കേരള സർവകലാശാലാ വൈസ്ചാൻസലർ നിയമനം സർക്കാരിന്റെ സഹായങ്ങളൊന്നുമില്ലാതെ നടത്താൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടപടി തുടങ്ങി. ഇതോടെ സർക്കാരും ഗവർണറുമായുള്ള ഏറ്റുമുട്ടൽ കൂടുതൽ കലുഷമായി. കോഴിക്കോട് ഐ.ഐ.എം ഡയറക്ടർ പ്രൊഫ. ദേബാഷിഷ് ചാറ്റർജിയെ ചാൻസലറുടെ പ്രതിനിധിയാക്കിയും കർണാടക കേന്ദ്രസർവകലാശാല വി.സി പ്രൊഫ. ബട്ടുസത്യനാരായണയെ യു.ജി.സി പ്രതിനിധിയാക്കിയും രൂപീകരിച്ച സെർച്ച് കമ്മിറ്റിയോട്, ദേശീയ മാദ്ധ്യമങ്ങളിൽ പരസ്യം നൽകി വി. സിയാകാൻ യോഗ്യരായവരുടെ അപേക്ഷ സ്വീകരിക്കാനും നിയമനത്തിനു പാനൽ നൽകാനും ഗവർണർ നിർദ്ദേശിച്ചു. സെനറ്റിന്റെ പ്രതിനിധിയെ ഉൾപ്പെടുത്താതെ സെർച്ച് കമ്മിറ്റി രൂപീകരിച്ച ഗവർണർ, നാളെ സെനറ്റിന്റെ പ്രത്യേക യോഗം ചേരുന്നതുപോലും പരിഗണിക്കാതെയാണ് നിയമനനടപടികൾക്ക് തുടക്കമിട്ടത്. വി.സി നിയമനത്തിൽ ഗവർണറുടെ അധികാരം കവരുന്ന ബിൽ 23ന് നിയമസഭയിൽ വരാനിരിക്കെയാണ് ഗവർണറുടെ കരുനീക്കം.

കേരള സർവകലാശാല വൈസ്ചാൻസലർ വി.പി. മഹാദേവൻ പിള്ളയുടെ കാലാവധി ഒക്ടോബർ 24ന് അവസാനിക്കുകയാണ്. ഈ ഒഴിവിലേക്ക് യു.ജി.സി ചട്ടപ്രകാരം യോഗ്യരായവർക്ക് അപേക്ഷിക്കാമെന്ന് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പരസ്യം നൽകാനാണ് നിർദ്ദേശം. കമ്മിറ്റിക്ക് ഓൺലൈനായി എവിടെനിന്നുമുള്ള അപേക്ഷകൾ സ്വീകരിക്കാം. യോഗ്യതകൾ വിലയിരുത്തി ഏറ്റവും മികച്ചവരുടെ പാനൽ നൽകണം. മുൻപ് സെർച്ച്കമ്മിറ്രി കൺവീനറായിരിക്കുന്ന ചീഫ്സെക്രട്ടറിയാണ് കമ്മിറ്റിക്ക് യോഗം ചേരാനടക്കം സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത്. എന്നാൽ ഇത്തവണ സൗകര്യങ്ങൾക്കായി സർക്കാരിനെ സമീപിക്കേണ്ടതില്ലെന്നും എല്ലാ സൗകര്യങ്ങളും രാജ്ഭവനിൽ നിന്ന് നൽകാനും ഗവർണർ നിർദ്ദേശിച്ചു. രാജ്ഭവനിലോ കോഴിക്കോട് ഐ.ഐ.എമ്മിന്റെ ഗസ്റ്റ്ഹൗസിലോ സെർച്ച് കമ്മിറ്റിക്ക് യോഗം ചേരാം. കമ്മിറ്റിയുടെ എല്ലാ ചെലവുകളും രാജ്ഭവൻ വഹിക്കാനും ഗവർണർ നിർദ്ദേശിച്ചു.

 സർക്കാർ നീക്കത്തിന് ബദൽ!

സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നൽകാതെ വി.സി നിയമനത്തിന് തടയിടാൻ സർക്കാർ ശ്രമിക്കുന്നതിനിടെയാണ് ഗവർണറുടെ മിന്നൽ നടപടി. സെനറ്റിന്റെ പ്രതിനിധിയെ തിരഞ്ഞെടുത്തശേഷം സെർച്ച് കമ്മിറ്റി രൂപീകരിക്കുകയാണ് പതിവ്. ജൂൺ15ന് സെനറ്റ് ചേർന്ന് ആസൂത്രണബോർഡ് ഉപാദ്ധ്യക്ഷൻ പ്രൊഫ. വി.കെ. രാമചന്ദ്രനെ സെനറ്റിന്റെ പ്രതിനിധിയാക്കിയിരുന്നു. എന്നാൽ,​ വൈസ്ചാൻസലർ നിയമനത്തിൽ ഗവർണറുടെ പ്രതിനിധിയെ സർക്കാർ തീരുമാനിക്കുമെന്ന ഭേദഗതി ബിൽ കൊണ്ടുവരുന്നതിന് മുന്നോടിയായി, പ്രൊഫ. വി.കെ. രാമചന്ദ്രൻ സ്വയം ഒഴിഞ്ഞു. വീണ്ടും സെനറ്റ് വിളിച്ച് പ്രതിനിധിയെ നിശ്ചയിക്കാൻ കൂടുതൽ സമയം തേടി കേരള വി.സി ഗവർണർക്ക് കത്തെഴുതി. ഇതിനു പിന്നാലെ സെനറ്റ് പ്രതിനിധിയെ ഒഴിച്ചിട്ട്, സെർച്ച് കമ്മിറ്റി രൂപീകരിച്ച് ഗവർണർ വിജ്ഞാപനമിറക്കുകയായിരുന്നു. സർവകലാശാലയിൽ നിന്ന് പേര് ലഭിക്കുമ്പോൾ ഉൾപ്പെടുത്തുമെന്നാണ് വിജ്ഞാപനത്തിലുള്ളത്. ആറുമാസമാണ് സെർച്ച്കമ്മിറ്റിയുടെ കാലാവധി.

കോടതി കയറാൻ വഴി

 സർവകലാശാലാ നിയമപ്രകാരം രണ്ടംഗങ്ങളുടെ സെർച്ച് കമ്മിറ്റി നിലനിൽക്കുന്നതല്ലെന്നും കോടതിയിൽ പോയാൽ അസാധുവാകുമെന്നും തുടർനടപടി പരിഗണനയിലെന്നും കേരളസർവകലാശാല.

 മൂന്നംഗ പാനലിൽ രണ്ട് അംഗങ്ങളെ നിയമിച്ചതോടെ ഭൂരിപക്ഷമായി, അവർക്ക് വി.സി നിയമനത്തിനുള്ള നടപടികൾ ആരംഭിക്കാം, സെനറ്റ് പ്രതിനിധിയെ ചട്ടപ്രകാരം തീരുമാനിച്ച് അറിയിച്ചേ പറ്റൂവെന്നും രാജ്ഭവൻ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CM AND GOVERNER
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.