'ഏഷ്യയുടെ ഹൃദയഭാഗത്ത് ദക്ഷിണേഷ്യയുടെ മദ്ധ്യേഷ്യയുടെയും നടുക്കാണ് കശ്മീരിന്റെ കിടപ്പ്. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ചൈനയും കശ്മീരിനോടു തൊട്ടുരുമ്മി നിൽക്കുന്നു. 86,000 ചതുരശ്രമൈൽ ഭൂവിസ്തൃതിയുണ്ട് കശ്മീരിന്. ജനസംഖ്യ 13 ദശലക്ഷം. രാജ്യവിഭജനകാലത്ത് കശ്മീരും രണ്ടായി പകുത്തു. ഇരു കശ്മീരുകൾക്കും സ്വയം നിർണയാവകാശം ബ്രിട്ടീഷുകാർ നൽകിയിരുന്നു. ഷേക്ക് അബ്ദുള്ളയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട നാട്ടുകാരും ഇന്ത്യയോടു ചേർന്നു. അതിനുള്ള സമ്മാനമെന്നോണം പണ്ഡിറ്റ് നെഹ്റു അവർക്കു നൽകിയ സമ്മാനമാണ് പ്രത്യേക പദവി . പാകിസ്ഥാനോട് ചേർക്കപ്പെട്ട കശ്മീരിന്റെ ഭാഗം ''ആസാദ് കശ്മീർ" എന്നറിയപ്പെട്ടു. പാകിസ്ഥാൻ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണവിടം. കറൻസിയും പട്ടാളസഹായവും മാത്രമാണ് പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ളത്. സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നു. സിയാ ഉൾ ഹഖ് പാകിസ്ഥാൻ പ്രസിഡന്റായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ പൊതുസൈന്യമായി മാറി. പാകിസ്ഥാൻ സർക്കാരിന് ഭരണപരമായി പാക്ക് അധീന കശ്മീരിൽ എടുത്തു പറയത്തക്ക അധികാരങ്ങളൊന്നുമില്ലെന്ന് ചുരുക്കം. ജമ്മുവും കശ്മീർ താഴ്വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മു കശ്മീർ....... "
ഇതാണ് തവന്നൂർ എം.എൽ.എ ഡോ. കെ.ടി. ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റിലെ വിവാദപരമായ പരാമർശങ്ങൾ. ഇതിലുള്ള അബദ്ധങ്ങൾ പലതാണ് ; പരാമർശങ്ങൾ ചിലതെങ്കിലും ഇന്ത്യയുടെ ഭൂപരമായ ഐക്യത്തെയും അഖണ്ഡതയെയും വെല്ലുവിളിക്കുന്നതുമാണ്. അതുകൊണ്ടാണ് ദേശീയതലത്തിൽ തന്നെ വലിയ വിവാദം ഉയർന്നു വന്നതും ഒടുവിൽ ഗത്യന്തരമില്ലാതെ ജലീൽ പോസ്റ്റ് പിൻവലിക്കേണ്ടി വന്നതും.
ബ്രിട്ടീഷ് അധിനിവേശ കാലത്ത് ഇന്ത്യയിലെ ഏറ്റവും വിസ്തീർണമുള്ള നാട്ടുരാജ്യമായിരുന്നു കശ്മീർ. അതിന് ജിൽജിത്ത്, ലഡാക്ക്, കശ്മീർ താഴ്‌വര, ജമ്മു എന്നീ നാലുഭാഗങ്ങൾ ഉണ്ടായിരുന്നു. ഹിന്ദുക്കളും സിക്കുകാരും ബുദ്ധമതക്കാരും സാമാന്യേന ഉണ്ടായിരുന്നെങ്കിലും ജമ്മു കശ്മീരിൽ മുസ്ളിങ്ങൾക്കായിരുന്നു വലിയ ഭൂരിപക്ഷം. മഹാരാജാവ് ഹിന്ദുവായിരുന്നു - ഹരി സിംഗ്. വിഭജനകാലത്ത് കശ്മീരിനെ പാകിസ്ഥാനോടു ചേർക്കണമെന്നായിരുന്നു വൈസ്രോയി മൗണ്ട് ബാറ്റൺ പ്രഭുവും മുഹമ്മദാലി ജിന്നയും ആഗ്രഹിച്ചത്. ഇന്ത്യയോടു ചേർക്കണമെന്ന് സർദാർ പട്ടേൽ പോലും മോഹിച്ചില്ല. എന്നാൽ നെഹ്റുവിന്റെയും ഷേക്ക് അബ്ദുള്ളയുടെയും താത്പര്യം മറിച്ചായിരുന്നു. ജിന്നയോടു കടുത്ത എതിർപ്പുള്ളയാളായിരുന്നു അബ്ദുള്ള. നെഹ്റുവിന്റെ പൂർവികർ കശ്മീരികളായിരുന്നു. അതിലുപരി ഒരു മുസ്ളിം ഭൂരിപക്ഷ സംസ്ഥാനം ഇന്ത്യൻ യൂണിയന്റെ മതേതര പ്രതിഛായക്ക് മാറ്റുകൂട്ടുമെന്ന് അദ്ദേഹം വിശ്വസിച്ചു. ബ്രിട്ടൻ ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം നൽകിയപ്പോൾ നാട്ടുരാജ്യങ്ങളുടെ മേലുണ്ടായിരുന്ന മേൽക്കോയ്മയും അവസാനിച്ചു. അവർക്ക് ഇന്ത്യയിലോ പാകിസ്ഥാനിലോ ചേരാനോ സ്വതന്ത്രമായി തുടരാനോ ഉള്ള അനുവാദം നൽകിയിരുന്നു. കശ്മീർ മഹാരാജാവ് സ്വതന്ത്രമായി നിൽക്കാനാണ് ആഗ്രഹിച്ചത്. സെപ്തംബർ 21 ന് പാകിസ്ഥാൻ പ്രധാനമന്ത്രി ലിയാഖത്ത് അലിഖാന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗം പൂഞ്ച്, മിർപൂർ മേഖലയിൽ കലാപം ആളിക്കത്തിക്കാനും അതിർത്തി പ്രവിശ്യയിലെ രണോത്സുകരായ പത്താൻകാർക്ക് ആയുധം നൽകി കശ്മീരിലേക്ക് അയയ്‌ക്കാനും പദ്ധതിയിട്ടു. അതേസമയം പണ്ഡിറ്റ് നെഹ്റു മഹാരാജാവിന്റെ മേൽ സമ്മർദ്ദം ചെലുത്തി ഷേക്ക് അബ്ദുള്ളയെ മോചിപ്പിക്കാനും ഇന്ത്യൻ യൂണിയനുമായി കരാർ ഒപ്പിടാനും പ്രേരിപ്പിച്ചു. സെപ്തംബർ 29 ന് മഹാരാജാവ് അബ്ദുള്ളയെ മോചിപ്പിച്ചു. അതറിഞ്ഞ ലിയാഖത്ത് അലിഖാൻ 'ഓപ്പറേഷൻ ഗുൽമാർഗ് "എന്നു പേരിട്ട സൈനിക നടപടിക്ക് പച്ചക്കൊടി കാട്ടി. ഒക്ടോബർ 21 ന് പത്താൻകാർ അബട്ടാബാദിൽ നിന്ന് കശ്മീരിലേക്ക് കുതിച്ചു. നാലു ദിവസത്തിനകം ശ്രീനഗർ കീഴടക്കാനായിരുന്നു പദ്ധതി. പാക് സൈനികരും പത്താൻകാർക്ക് വഴികാട്ടാൻ കൂടെയുണ്ടായിരുന്നു. നുഴഞ്ഞുകയറ്റക്കാരെ ചെറുക്കാനുള്ള ശക്തി കാശ്മീർ സൈന്യത്തിന് ഉണ്ടായിരുന്നില്ല. ഒക്ടോബർ 24 ന് പൂഞ്ച്, മിർപൂർ മേഖല സ്വാതന്ത്യം പ്രഖ്യാപിക്കുകയും മുഹമ്മദ് ഇബ്രാഹീം ഖാന്റെ നേതൃത്വത്തിൽ ആസാദ് കശ്മീർ ഗവൺമെന്റ് രൂപീകരിക്കുകയും ചെയ്തു. ബ്രിട്ടീഷുകാർ പാട്ടത്തിനെടുത്തിരുന്ന ജിൽജിത്തും ബാൾട്ടിസ്ഥാനും ഒക്ടോബർ 31 ന് പാകിസ്ഥാൻ സൈന്യം കൈവശപ്പെടുത്തി.
പാകിസ്ഥന്റെ നുഴഞ്ഞു കയറ്റത്തെക്കുറിച്ചുള്ള വാർത്ത ഒക്ടോബർ 24 നാണ് ഡൽഹിയിലെത്തിയത്. അന്നു തന്നെ ഡിഫൻസ് കൗൺസിൽ യോഗം ചേർന്ന് കശ്മീരിന് സൈനിക സഹായം നൽകാൻ തീരുമാനിച്ചു. നെഹ്റു ഉടനെ വി.പി. മേനോനെ ശ്രീനഗറിലേക്ക് അയച്ചു. ആക്രമണകാരികളെ ഭയന്ന് പിറ്റേന്ന് മഹാരാജാവും പ്രധാനമന്ത്രിയും ജമ്മുവിലേക്ക് രക്ഷപ്പെട്ടു. ഒക്ടോബർ 26ന് ലയനക്കരാർ ഒപ്പിട്ടു. ഷേക്ക് അബ്ദുള്ളയും ആ നടപടിയെ അനുകൂലിച്ചു. ഒക്ടോബർ 27ന് "ഓപ്പറേഷൻ ജാക്ക് "എന്നുപേരിട്ട സൈനികനീക്കം ആരംഭിച്ചു. യുദ്ധവിമാനങ്ങളിലും യാത്രാ, ചരക്കുവിമാനങ്ങളിലുമായി ആയിരക്കണക്കിന് സൈനികരും യുദ്ധസാമഗ്രികളും ശ്രീനഗറിലേക്ക് പറന്നു. കശ്മീർ ഇന്ത്യയുമായി ലയിച്ച വിവരം നെഹ്റു ഒക്ടോബർ 28 ന് ലിയാഖത്ത് അലിഖാനെ ടെലഗ്രാം വഴി അറിയിച്ചു. അതറിഞ്ഞ മുഹമ്മദാലി ജിന്ന കോപാകുലനായി. കശ്മീരിലേക്ക് ഉടൻ സൈന്യത്തെ അയയ്‌ക്കാൻ ഉത്തരവിട്ടു. വഞ്ചനയിലൂടെയും അക്രമത്തിലൂടെയുമാണ് ഇന്ത്യ കശ്മീരിനെ കൂട്ടിച്ചേർത്തിട്ടുള്ളതെന്ന് ഒക്ടോബർ 30 ന് പാകിസ്ഥാൻ ആരോപിച്ചു. അന്നുതന്നെ ഷേക്ക് അബ്ദുള്ള കശ്മീരിൽ ഇടക്കാല സർക്കാർ രൂപീകരിച്ചു. നവംബർ എട്ടിന് ഇന്ത്യൻ സൈന്യം ബാരമുള്ള തിരിച്ചുപിടിച്ചു. പിന്നാലെ ഉറിയും ഗുൽമാർഗും തൻമാർഗും ഇന്ത്യൻ സൈന്യത്തിനു കീഴടങ്ങി. നുഴഞ്ഞുകയറ്റക്കാർ ജീവനും കൊണ്ടോടി.
ഡിസംബർ 23 ന് നെഹ്റു കശ്മീരിന്റെ ചുമതല പട്ടേലിൽ നിന്ന് എടുത്തു ഗോപാലസ്വാമി അയ്യങ്കാരെ ഏൽപിച്ചു.
മൗണ്ട് ബാറ്റണും നെഹ്റുവും അയ്യങ്കാരും കൂടിയാലോചിച്ച് കാശ്മീർ വിഷയം ഐക്യരാഷ്ട്രസഭയിൽ ഉന്നയിച്ചു. എന്നാൽ പ്രതീക്ഷിച്ച പിന്തുണ ലോകരാഷ്ട്രങ്ങളിൽ നിന്ന് ലഭിച്ചില്ല. ബ്രിട്ടണും അമേരിക്കയും പാകിസ്ഥാനെ പിന്തുണച്ചു. സോവിയറ്റ് യൂണിയൻ പോലും ഇന്ത്യയ്ക്ക് അനുകൂലമായ നിലപാട് കൈക്കൊണ്ടില്ല. 1948 ലെ വസന്തകാലത്ത് സൈനിക നടപടി ഉൗർജ്ജിതമാക്കി. നുഴഞ്ഞുകയറ്റക്കാരെ പിൻവലിച്ച് പാകിസ്ഥാൻ സൈന്യത്തെ കശ്മീരിലേക്ക് അയച്ചു. ലഡാക്ക് പിടിക്കാൻ പാകിസ്ഥാൻ നടത്തിയ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തി. സൊജീല ചുരവും കാർഗിലും ഇന്ത്യ കീഴടക്കി. നൗഷേറയും റജൗരിയും പൂഞ്ചും ഉറിയും ഇന്ത്യയുടെ പൂർണനിയന്ത്രണത്തിലായി. എന്നാൽ ഡോയലും മുസാഫറാബാദും തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ല. ജിൽജിത്തും ബാൾട്ടിസ്ഥാനും പാകിസ്ഥാന്റെ നിയന്ത്രണത്തിൽ തുടർന്നു. അനന്തമായി യുദ്ധം തുടരുന്നതിൽ കഥയില്ലെന്ന് നെഹ്റുവും ലിയാഖത്ത് അലിഖാനും തിരിച്ചറിഞ്ഞു. 1949 ജനുവരി ഒന്നിന് ഇരു രാജ്യങ്ങളും വെടിനിറുത്തി. ജമ്മു കശ്മീരിന്റെ 37ശതമാനം പാകിസ്ഥാന്റെ നിയന്ത്രണത്തിൽ അവശേഷിച്ചു.
കശ്മീർ പ്രശ്നം സമാധാനപരമായി പരിഹരിക്കണമെന്ന് നെഹ്റു ആഗ്രഹിച്ചെങ്കിലും നടന്നില്ല. അദ്ദേഹത്തിന്റെ മരണശേഷം 1965 ൽ പാകിസ്ഥാൻ വീണ്ടും നുഴഞ്ഞുകയറ്റക്കാരെ അയച്ചു. അതും ഫലിക്കാതെ വന്നപ്പോൾ അതിശക്തമായ സൈനിക ആക്രമണം അഴിച്ചുവിട്ടു. ഇന്ത്യൻ സൈന്യം വീരോചിതമായി ചെറുത്തുനിന്നു. കശ്മീർ പിടിക്കാനുള്ള പാകിസ്ഥാന്റെ ശ്രമം പരാജയപ്പെട്ടു. 1966 ജനുവരിയിലെ താഷ്‌കന്റ് കരാർ പ്രകാരം ഇന്ത്യയും പാകിസ്ഥാനും പിടിച്ചെടുത്ത പ്രദേശങ്ങൾ തിരിച്ചുകൊടുത്തു. 1971 ഡിസംബറിലെ യുദ്ധത്തിനുശേഷം സിംല കരാർ ഒപ്പിട്ടു. അതുപ്രകാരം ഇരുരാജ്യങ്ങളും നിയന്ത്രണരേഖ അംഗീകരിച്ചു. അതിനുശേഷവും പാകിസ്ഥാൻ കശ്മീർ വിഷയം അന്താരാഷ്ട്ര വേദികളിൽ ഉന്നയിച്ചു. കഴിയും വിധം വിഘടനവാദികളെ പിന്തുണയ്ക്കുകയും ചെയ്തു. 1989 -91 കാലത്ത് തീവ്രവാദ ആക്രമണങ്ങൾ പെരുകി ; കശ്മീരി പണ്ഡിറ്റുകൾ താഴ്‌വര വിട്ടുപോകേണ്ടി വന്നു. 1999 ൽ പാകിസ്ഥാൻ വീണ്ടും നുഴഞ്ഞുകയറ്റക്കാരെ അയച്ച് കാർഗിൽ മലനിരകൾ കൈവശപ്പെടുത്തി. ഇന്ത്യൻ സൈന്യം അതിശക്തമായി തിരിച്ചടിച്ചു. കാർഗിലും ദ്രാസും മോചിപ്പിച്ചു.
പാകിസ്ഥാൻ ആദ്യം നുഴഞ്ഞുകയറ്റക്കാരെയും പിന്നീട് സൈന്യത്തെയും അയച്ചു കൈവശപ്പെടുത്തിയ പ്രദേശത്തെ ആസാദ് കശ്മീർ എന്നു വിളിച്ചു. ഇന്ത്യ ആ പ്രദേശത്തെ പാക് അധിനിവേശ കശ്മീർ എന്നാണ് വിശേഷിപ്പിക്കുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് ജമ്മു കശ്മീർ വിഭജിച്ചിരുന്നില്ല ; സ്വയം നിർണയാവകാശവും അനുവദിച്ചില്ല. മറിച്ചുള്ള ജലീലിന്റെ പരാമർശം തെറ്റും പരമഅസംബന്ധവുമാണ്. ആസാദ് കശ്മീർ, ഇന്ത്യൻ അധീന കശ്മീർ എന്നീ രണ്ടു പദപ്രയോഗങ്ങളും സാധാരണയായി പാകിസ്ഥാൻ സർക്കാരും പാക് അനുകൂല മാദ്ധ്യമങ്ങളും മാത്രം ഉപയോഗിക്കുന്നവയാണ്. ഇന്ത്യ ജമ്മുകശ്മീരിനെ അവിഭാജ്യ ഘടകമായി കാണുന്നു. അതുകൊണ്ടുതന്നെ പാകിസ്ഥാൻ കൈയേറി കൈവശം വച്ച് അനുഭവിക്കുന്ന കശ്മീർ താഴ്‌വരയുടെ ഭാഗങ്ങളെ പാക് അധിനിവേശ കശ്മീർ എന്നു വിളിക്കുന്നു. എന്നാൽ ഈ നിലപാടിനെ അംഗീകരിക്കാത്ത ചില വ്യക്തികളും സംഘടനകളും നമ്മുടെ രാജ്യത്തുണ്ട്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് ജമാ അത്തെ ഇസ്ളാമി. മതമൗലികവാദികളും മത രാഷ്ട്രവാദികളുമായ ജമായത്തുകാർക്ക് കശ്മീരിനെ ഇന്ത്യയുടെ ഭാഗമായി കരുതാൻ കഴിയില്ല. ആ സംഘടനയ്ക്ക് ഇന്ത്യയിലും പാകിസ്ഥാനിലും ബംഗ്ളാദേശിലും കാശ്മീരിലും വെവ്വേറെ ഘടകങ്ങളുണ്ട്. ജമ്മു കശ്മീരിനെ സ്വതന്ത്ര രാജ്യമായിട്ടോ പാകിസ്ഥാന്റെ ഭാഗമായിട്ടോ കാണാനാണ് അവർക്ക് താത്പര്യം. ആ സംഘടനയുടെ നേതാക്കന്മാരും ബുദ്ധിജീവികളും ആ നിലയ്ക്കാണ് ഒളിഞ്ഞും തെളിഞ്ഞും കശ്മീരിനെ പരാമർശിക്കാറുള്ളത്. ഈ ചരിത്രവും രാഷ്ട്രീയവും അറിയാത്ത ആളല്ല കെ.ടി. ജലീൽ. അദ്ദേഹം ചരിത്ര പണ്ഡിതനും ഗവേഷകനുമാണ്. പി.എസ്.എം. ഒ കോളേജിൽ ഹിസ്റ്ററി ലക്‌ചറർ ആയിരുന്നു. ജമാ അത്തെ ഇസ്ളാമിയുടെ വിദ്യാർത്ഥി വിഭാഗമായിരുന്ന സ്റ്റുഡന്റ്സ് ഇസ്ളാമിക് മൂവ്മെന്റ് ഒഫ് ഇന്ത്യ (സിമി) യുടെ പ്രവർത്തകനായി രാഷ്ട്രീയജീവിതം ആരംഭിച്ചയാളുമാണ് . 'ഇന്ത്യയുടെ മോചനം ഇസ്ളാമിലൂടെ" എന്ന മുദ്രാവാക്യം മുഴക്കിയ സിമിയെ അടുത്ത ഘട്ടത്തിൽ ജമാ അത്തെ ഇസ്ളാമിക്കു തന്നെ തള്ളിപ്പറയേണ്ടി വന്നു ; ഇന്ത്യാ ഗവൺമെന്റ് ആ സംഘടനയെ നിരോധിക്കുകയും ചെയ്തു. അതേത്തുടർന്ന് ജലീൽ മുസ്ളിം ലീഗിൽ ചേക്കേറി. പിന്നെ കൂടുതൽ പച്ചയായ പുൽമേടുകൾ തേടി ഇടതു മുന്നണിയിൽ അഭയം പ്രാപിച്ചു. അങ്ങനെ ആദ്യം കുറ്റിപ്പുറത്തു നിന്നും പിന്നീട് തവന്നൂരിൽ നിന്നും നിയമസഭാംഗമായി. ഒന്നാം പിണറായി സർക്കാരിൽ അഞ്ചു വർഷം മന്ത്രിയായും പരിലസിച്ചു. എൽ.ഡി.എഫിൽ പ്രവർത്തിക്കുമ്പോഴും അദ്ദേഹം ജമാ അത്തെ ഇസ്ളാമിയിൽ നിന്ന് പഠിച്ച പാഠങ്ങൾ മറന്നിട്ടില്ലെന്നു വേണം മനസിലാക്കാൻ. ഫേസ് ബുക്ക് പോസ്റ്റിലെ അബദ്ധങ്ങൾ ചർച്ചാ വിഷയമാവുകയും തെളിവു സഹിതം തെറ്റാണെന്ന് ബോദ്ധ്യപ്പെടുത്തുകയും ചെയ്തിട്ടും ജലീൽ നിലപാടു മാറ്റാൻ തയ്യാറായിട്ടില്ല. ആദ്യം ഡബിൾ ഇൻവേർട്ടഡ് കോമയെ പിടിച്ച് തടിതപ്പാൻ ശ്രമിച്ചു. സി.പി.എം കേന്ദ്ര നേതൃത്വം അതിശക്തമായി ഇടപെട്ടപ്പോൾ പോസ്റ്റു തന്നെ പിൻവലിച്ചതായി പ്രഖ്യാപിച്ചു. അപ്പോഴും തന്റെ പരാമർശങ്ങളിൽ എന്തെങ്കിലും തെറ്റുണ്ടെന്ന് അംഗീകരിക്കുകയോ ഖേദം പ്രകടിപ്പിക്കാൻ കൂട്ടാക്കുകയോ ചെയ്തില്ല. പുള്ളിപ്പുലിയുടെ പുള്ളി മായുകയില്ല എന്നർത്ഥം.
മുഖ്യമന്ത്രി പിണറായി വിജയനോ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനോ ജലീലിനെ തള്ളിപ്പറഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രിക്കും ഭരണമുന്നണിയെ പിന്തുണയ്ക്കുന്ന ചില സാമുദായിക ശക്തികൾക്കും പ്രിയങ്കരനാണ് ജലീൽ. അതുകൊണ്ടാണ് ഇതിങ്ങനെ അവസാനിച്ചത്. ഭരണഘടനയിൽ കുന്തവും കൊടച്ചക്രവും അന്വേഷിച്ച സജി ചെറിയാന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. ഇന്ത്യയുടെ അഖണ്ഡതയെയും പരമാധികാരത്തെയും വെല്ലുവിളിച്ച കെ.ടി. ജലീൽ ഇപ്പോഴും യോഗ്യനായി ഞെളിഞ്ഞു നടക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |