സർവേയിൽ 6443 കുടുംബങ്ങളെ കണ്ടെത്തി
പാലക്കാട്: അതിദരിദ്രരെ കണ്ടെത്താൻ നടത്തിയ സർവേയിൽ ജില്ലയിൽ 6443 കുടുംബങ്ങളെ കണ്ടെത്തി. ഇവർക്ക് സഹായകരമാകുന്ന രീതിയിലുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് ജില്ലാ ഭരണകൂട തീരുമാനം. ഇതിനായി കുടുംബങ്ങൾക്ക് മൈക്രോ പ്ലാൻ തയ്യാറാക്കുന്നത് സംബന്ധിച്ച് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്മാർക്കും സെക്രട്ടറിമാർക്കുമായുള്ള ഏകദിന ശിൽപശാല സംഘടിപ്പിച്ചു.
അതിദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനായി കൃത്യമായ ആസൂത്രണത്തോടെ പ്രവർത്തനങ്ങൾ നടത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ജില്ലാ കളക്ടർ മൃൺമയി ജോഷി അദ്ധ്യക്ഷതവഹിച്ചു.
കിലയുടെ റിസോഴ്സ് പേഴ്സൺമാരായ വി. രാധാകൃഷ്ണൻ, കെ. ഗോപാലകൃഷ്ണൻ, എ. മോഹൻ, എ.ഡി.സി. (ജി.ഐ) എം.പി. രാമദാസ്, അസിസ്റ്റന്റ് ഡി.പി.ഒ. പ്രവീൺ വി.പള്ളത്ത്, സെന്റർ കോ ഓർഡിനേറ്റർ ബിന്ദു, കുടുംബശ്രീ ഡി.പി.എം ഡാൻ ജെ.വട്ടോളി തുടങ്ങിയവർ വിഷയാവതരണം നടത്തി. ജില്ലാ നോഡൽ ഓഫീസറും ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടറുമായ കെ.പി. വേലായുധൻ, വിവിധ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, പ്രസിഡന്റുമാർ, നഗരസഭാ ചെയർപേഴ്സൺമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ പങ്കെടുത്തു.
പരിശീലനം നടന്നത്
ഏറ്റവും പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്യാൻ സാധിക്കും എന്നതിന്റെ അടിസ്ഥാനത്തിലാണ് മൈക്രോ പ്ലാൻ തയ്യാറാക്കേണ്ടത്. പദ്ധതി നടത്തിപ്പിനായി എല്ലാ വകുപ്പുകളും ഏകോപിച്ച് പ്രവർത്തനങ്ങൾ നടത്തണം. പ്രസിഡന്റുമാരും ചെയർപേഴ്സൺമാരും വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തണം. ലൈഫ് മിഷൻ പോലുള്ള വിവിധ പദ്ധതികളുടെ സാധ്യതകളുപയോഗിച്ച് അതിദാരിദ്ര്യം അനുഭവിക്കുന്ന വ്യക്തികൾക്ക് മുൻഗണന നൽകാം.
- മൃൺമയി ജോഷി (ജില്ലാ കളക്ടർ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |