SignIn
Kerala Kaumudi Online
Friday, 26 April 2024 8.02 PM IST

ദേശീയപാത വികസനം നാളെ നാളെ നീളേ നീളേ......

photo

തിരുവനന്തപുരം ജില്ലയിൽ അത്യധികം തിരക്കേറിയ വാണിജ്യറോഡായ കരമന-കളിയിക്കാവിള ദേശീയപാതയിൽ കൊടിനട –വഴിമുക്ക് വികസനം ഇനി എന്ന് സാദ്ധ്യമാകുമെന്നാണ് നാട്ടുകാർക്ക് അറിയേണ്ടത്. പാത വികസനം കൊടിനടയിലെത്തി സ്തംഭനാവസ്ഥയിലായിട്ട് ഇപ്പോൾ ഒന്നരവർഷം കഴിഞ്ഞു. കൂനിൽമേൽക്കുരു എന്ന് പറഞ്ഞതുപോലെയായി ബാലരാമപുരം ജംഗ്ഷന്റെ സ്ഥിതി. നാലുവരിപ്പാതയിലൂടെ പടിഞ്ഞാറ് ഭാഗത്ത് നിന്നും വേഗത്തിൽ വരുന്ന വാഹനങ്ങളും കിഴക്കുഭാഗത്ത് നിന്നും വരുന്ന വാഹനങ്ങളും കുപ്പിക്കഴുത്തുപോലുള്ള ബാലരാമപുരം ജംഗ്ഷൻ കടന്നുപോകാൻ വീർപ്പുമുട്ടുകയാണ്. വിഴിഞ്ഞം ഭാഗത്ത് നിന്നും എത്തുന്ന വാഹനങ്ങളും കൂടി ആകുമ്പോൾ ഗതാഗതക്കുരുക്കിൽപ്പെട്ട വാഹനങ്ങളുടെ സംസ്ഥാനസമ്മേളനം നടക്കുന്ന പ്രതീതിയാണ്.

റോഡ് വികസനത്തിന്റെ ആവശ്യകത മനസിലാക്കി ഭൂവുടമകൾ യാതൊരു പ്രകോപനവുമില്ലാതെ സർക്കാരിനെ അനുകൂലിക്കുകയായിരുന്നു. ജംഗ്ഷനിൽ പാതയുടെ രൂപരേഖ സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുന്ന സാഹചര്യമാണ്. മേൽപ്പാലമാണോ അണ്ടർ പാസ്സേജാണോ എന്ന നയം സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഒരുവേള പണി സ്തംഭനാവസ്ഥയിലാകാൻ കാരണം അതാകുമോ എന്നും സംശയിക്കുന്നു. ഏതായാലും കൊടിനട-വഴിമുക്ക് വികസനം വഴിമുട്ടിയിട്ട് ഏകദേശം ഒന്നരവർഷത്തോളമായി. ഭൂവുടമകൾ അവരുടെ പ്രതിഫലം കിട്ടാത്ത അവസ്ഥയിൽ സമരത്തിനൊരുങ്ങുകയാണ്. ഒന്നുകിൽ ആവരുടെ ആവശ്യങ്ങൾക്കായി ഭൂമിതിരിച്ചു കൊടുക്കുക അല്ലെങ്കിൽ കഴിവതും വേഗം പ്രതിഫലം കൊടുക്കുക എന്നതാണ് നിലവിലെ പരിഹാരമാർഗം. എല്ലാവരേയും തൃപ്തിപ്പെടുത്തികൊണ്ട് ഒരു വികസനവും ഒരിടത്തും നടന്നിട്ടില്ല. വികസനവിരോധികൾ എല്ലായിടത്തും ഉണ്ടായിരിക്കും. കാര്യങ്ങളുടെ ഗുരുത്വവും റോഡു വികസനത്തിന്റെ അനിവാര്യതയും ഉൾക്കൊണ്ട് ദേശീയപാതവികസനം ത്വരിതപ്പെടുത്തണമെന്നാണ് പൗരനെന്ന നിലയിൽ അഭ്യർത്ഥിക്കാനുള്ളത്.

അനുപമ രവീന്ദ്രൻ

ദേശീയപാത ആക്ഷൻ കൗൺസിൽ

ബാലരാമപുരം മേഖലാ പ്രസിഡന്റ്

മുരുക്കുംപുഴയിൽ

സ്റ്റോപ്പ് അനുവദിക്കണം

പുനലൂരിൽ നിന്ന് നാഗർകോവിൽ വരെ സ്ഥിരം രാവിലെ പോകുന്ന എക്‌സ്‌പ്രസ് സ്പെഷ്യൽ ട്രെയിനിന് (06639) വർക്കല കഴിഞ്ഞാൽ കഴക്കൂട്ടത്താണ് സ്റ്റോപ്പുള്ളത്. ഈ ട്രെയിനിന് മുരുക്കുംപുഴയിൽ ഒരു മിനിട്ട് സ്റ്രോപ്പ് അനുവദിക്കണം. സർക്കാർ ജീവനക്കാർ,സി.ബി.എസ്.ഇ സ്കൂൾ അദ്ധ്യാപകർ,ടെക്നോസിറ്റി ഡിജിറ്റൽ യൂണിവേഴ്സ്റ്റി,പള്ളിപ്പുറം സി.ആർ.പി.എഫ് എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഇത് വലിയ അനുഗ്രഹമാകും. വൈകിട്ട് തിരികെയുള്ള ട്രെയിനിനും (06640) ഒരു മിനിട്ട് സ്റ്റോപ്പ് അനുവദിക്കണം. ഉചിതമായ നടപടി സ്വീകരിക്കണമെന്ന് തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജരോട് അഭ്യർത്ഥിക്കുന്നു.

റെയിൽവേ യാത്രക്കാർ.

മുരുക്കുംപുഴ,

തിരുവനന്തപുരം

ലഹരി വലയിൽ നിന്ന്

കുട്ടികളെ രക്ഷിക്കണം

കുട്ടികളിലെ ലഹരി ഉപയോഗം വർദ്ധിക്കുന്ന അത്യന്തം അപകടകരമായ സാഹചര്യമാണ് നിലനില്ക്കുന്നതെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. നമ്മുടെ സ്കൂൾ കുട്ടികളിൽ ഒരു വിഭാഗം ലഹരി മൊത്തക്കച്ചവടക്കാരുടെ ഇരകളായി മാറിക്കഴിഞ്ഞു. കുട്ടികളെ വിതരണക്കാരായും ഉപയോഗിക്കുന്നുണ്ട്. രണ്ട് വർഷം വീടിനുള്ളിൽ അടച്ചുപൂട്ടി ഇരുന്നശേഷം കടുത്ത മടുപ്പിൽ നിന്നും വിരസതയിൽ നിന്നും പുറത്തുകടന്ന കുട്ടികളിൽ ഒരു വിഭാഗം ഇത്തരക്കാരുടെ വലയിൽ വളരെ വേഗത്തിൽ വീണുപോകാനിടയുണ്ട്. ഈ അപകടം തിരിച്ചറിഞ്ഞ് രക്ഷിതാക്കളും അദ്ധ്യാപകരും പൊലീസും നിതാന്ത ജാഗ്രത പുലർത്തേണ്ട സാഹചര്യമാണ്. പലതരം രാസലഹരിയുടെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയുമാണ് കേരളം. സ്കൂൾ പരിസരങ്ങളിൽ പൊലീസ് - എക്സൈസ് പരിശോധന കർശനമാക്കിയേ തീരൂ. വിദ്യാലയ പരിസരങ്ങളിൽ വാഹനങ്ങളിൽ ലഹരിക്കച്ചവടം നടക്കുന്നുണ്ട്. സ്കൂളുകളിൽ കുട്ടികൾക്ക് കൃത്യമായ ബോധവത്കരണം നടത്തുന്നതിനായി ക്യാമ്പുകൾ തന്നെ സംഘടിപ്പിച്ചേ മതിയാകൂ. അതിന് പുറമേ കുട്ടികളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനു വേണ്ടി കലാ- കായിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും നല്ല സൗഹൃദങ്ങൾ വളർത്താനും സാഹചര്യം ഒരുക്കണം.

ഗ്രേസ് റോയ്

ഇരിങ്ങാലക്കുട

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LETTER
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.