SignIn
Kerala Kaumudi Online
Friday, 20 September 2024 1.34 PM IST

മന്ത്രി ബിന്ദു രോഷാകുലയാവുമ്പോൾ സംഭവിക്കുന്നത്

Increase Font Size Decrease Font Size Print Page

photo

ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ അഭിപ്രായത്തിൽ പഴയ ജ്ഞാനമാതൃകകളെല്ലാം തകർന്നിരിക്കുന്നു. പുതിയമാറ്റത്തിന് പര്യാപ്തമാക്കാൻ പറ്റിയ വി.സിമാരെ സർവകലാശാലകളിലെത്തിക്കണം. അതിനുള്ള ബില്ലുമായെത്തിയ സർക്കാരിനെ കരിവാരിത്തേക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷത്തെയാണ് മന്ത്രി കാണുന്നത്. പ്രതിപക്ഷബഹളങ്ങൾ അതുകൊണ്ട് രാവിലെ മുതൽ മന്ത്രിയുടെ ക്ഷമ പരീക്ഷിച്ചുകൊണ്ടിരുന്നു. മന്ത്രിബിന്ദു ആരും പ്രതീക്ഷിക്കാത്ത ഭാവപ്പകർച്ചയിലായിരുന്നു. ഒരുതരം രൗദ്രഭാവം. രാവിലെ ശൂന്യവേളയിൽ അടിയന്തരപ്രമേയ നോട്ടീസിന്റെ രൂപത്തിലും വൈകിട്ട് ബില്ലിന്റെ രൂപത്തിലും സർവകലാശാലാ ഭരണത്തെപ്പറ്റി പ്രതിപക്ഷം ആക്ഷേപങ്ങൾ ചൊരിഞ്ഞു. ഏത് സാധുമന്ത്രിയായാലും വശംകെട്ട് പോകുന്ന മട്ട്.

സർവകലാശാലകളിലെ ബന്ധുനിയമനത്തെപ്പറ്റി റോജി എം.ജോണിന്റെ നേതൃത്വത്തിലായിരുന്നു അടിയന്തരപ്രമേയ നോട്ടീസ്. കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനകഥയിൽ തുടങ്ങി പലപല നിയമന കഥകളിലേക്കാണ് കവിയുടെ പോക്കെന്ന് ആദ്യമേ ബോദ്ധ്യപ്പെട്ടു.

തീയും പുകയും ആവോളമുയർന്നു. നോട്ടീസിന് വിളിക്കുമ്പോൾ ചിലചട്ടങ്ങൾ സ്പീക്കർ ഓർമ്മിപ്പിച്ചത് ഇതൊക്കെ മുൻകൂട്ടി കണ്ടിട്ടാണ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമൊഴിവാക്കണമെന്ന ചട്ടം അദ്ദേഹം ഓർമ്മിപ്പിച്ചു. സ്പീക്കർമാർ ത്രികാലജ്ഞാനികളാകുന്നത് അങ്ങനെയാണ്. പ്രതീക്ഷ തെറ്റിയില്ല. സ്പീക്കർ എം.ബി. രാജേഷിന് ഇടപെടേണ്ടിവന്നു.

റോജിയുടെ പ്രസംഗം പത്തുമിനിറ്റ് കഴിഞ്ഞ് സ്പീക്കർ മൈക്കിന് പിടിച്ചു. അദ്ദേഹം ബഹളം കൂട്ടി. സ്പീക്കർ ഗൗനിക്കാതെ മന്ത്രിയെ മറുപടിക്ക് ക്ഷണിച്ചു. മന്ത്രി പ്രസംഗം തുടങ്ങിയപ്പോൾ പ്രതിപക്ഷമൊന്നാകെ റോജിക്കായി എഴുന്നേറ്റു. ആവോളം പ്രകോപിതയായിക്കഴിഞ്ഞ മന്ത്രി ബിന്ദുവിന് ഇതുകൂടിയായപ്പോൾ സഹികെട്ടു. "ഇല്ലാത്ത കള്ളങ്ങളൊക്കെ കെട്ടിച്ചമച്ച് അവതരിപ്പിക്കുകയല്ലേ, ഏതെങ്കിലും നിലവാരമുള്ള കാര്യം പറയൂ"-മന്ത്രി കയർത്തു.

യു.ഡി.എഫ് കാലത്തെ വി.സി നിയമനപ്പട്ടിക എടുത്തിട്ട് കുത്താൻ തുടങ്ങിയ മന്ത്രിക്കെതിരെ പ്രതിപക്ഷം നടുത്തളത്തിനടുത്ത് വരെയെത്തി. ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റിക്കൊണ്ടിരിക്കുന്ന സർക്കാരിനോടുള്ള മൂന്നാംകിട കുശുമ്പാണ് പ്രതിപക്ഷത്തിനെന്നവർ പറഞ്ഞുവച്ചു. ഉന്നതവിദ്യാഭ്യാസത്തിന്റെ ഈ നിലവാരത്തോട് മൂന്നാംകിട കുശുമ്പ് പോയിട്ട് മുപ്പതാംകിട കുശുമ്പെങ്കിലും തോന്നുമോയെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ തിരിച്ചടി.

വൈസ്ചാൻസലർമാരെ നിയമിക്കാനുള്ള സെർച്ച്കമ്മിറ്റിയിൽ ചാൻസലറായ ഗവർണറുടെ മേൽക്കൈ കുറയ്ക്കുന്നവിധത്തിൽ അംഗസംഖ്യ മൂന്നിൽനിന്ന് അഞ്ചാക്കി ഉയർത്തുന്നതും വി.സിയുടെ പ്രായപരിധി 60ൽ നിന്ന് 65ആക്കുന്നതുമായ ഭേദഗതിബിൽ വൈകിട്ടാണ് മന്ത്രി അവതരിപ്പിച്ചത്. ഭരണഘടനയ്ക്കും യു.ജി.സി നിബന്ധനയ്ക്കും വിരുദ്ധമായ ബില്ലെന്ന് പി.സി. വിഷ്ണുനാഥ് തടസ്സവാദം കൊണ്ടുവന്നു. അങ്ങനെ ഒരു വിരുദ്ധതയുമില്ലെന്ന് മന്ത്രിയും തർക്കിച്ചു. ജ്ഞാനസമൂഹത്തെ സൃഷ്ടിക്കാനല്ല, വി.സിയടക്കമുള്ളവരെ സ്വന്തം പരിധിക്കകത്താക്കാനുദ്ദേശിച്ച ബില്ലാണിതെന്നാണ് ടി.വി. ഇബ്രാഹിമിന്റെ ആക്ഷേപം.

ചാൻസലറിലൂടെ ആർ.എസ്.എസ് അനുഭാവികളെ സർവകലാശാലാതലപ്പത്ത് എത്തിച്ചാലുണ്ടാകുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങൾ തിരിച്ചറിഞ്ഞാണ് ഈ ബില്ലെന്ന് കെ.ടി. ജലീൽ. ഇന്ത്യാ-പാക് യുദ്ധകാലത്ത് രാജ്യസേവകനായി പട്ടാളത്തിൽച്ചേർന്ന് ഇന്നും തിരിച്ചെത്തിയിട്ടില്ലാത്ത ബാപ്പയുടെ മകളുടെ മകനായ തന്നെ രാജ്യദ്രോഹിയാക്കാൻ ശ്രമിക്കുന്നെന്ന് ജലീൽ വിലപിച്ചു. ആസാദ് കാശ്മീർ എന്ന പ്രയോഗം ഇൻവെർട്ടഡ് കൊമയിലും അല്ലാതെയും പണ്ഡിറ്ര് നെഹ്റു പ്രയോഗിച്ച കുറിപ്പുകളുമൊക്കെ വിവരിച്ച് ജലീൽ രാജ്യസ്നേഹം തുടിക്കുന്ന സ്വന്തം കരൾ പിളർന്നുകാട്ടാൻ ബിൽചർച്ചാവേളയെ ഉപയോഗിച്ചു.

അഞ്ച് ബില്ലുകൾ സബ്ജക്ട് കമ്മിറ്റിക്കും ഒരു ബില്ല് സെലക്ട് കമ്മിറ്റിക്കും വിട്ടാണ് സഭ പിരിഞ്ഞത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: R BINDHU
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.