കൊച്ചി: കൊച്ചി മെട്രോയുമായി ചേർന്ന് അവതരിപ്പിച്ച കൊച്ചി വൺ കാർഡിൽ ഓണത്തോട് അനുബന്ധിച്ച് ഒട്ടേറെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ആക്സിസ് ബാങ്ക്. ഇടപാടുകളിന്മേൽ 20 ശതമാനം വരെ ഡിസ്കൗണ്ട് സ്വന്തമാക്കാനുള്ള അവസരമാണ് ആക്സിസ് ബാങ്ക് ഒരുക്കുന്നത്. ആമസോൺ പേയിൽ റീചാർജുകൾ, ബിൽ അടയ്ക്കൽ, യൂട്ടിലിറ്റി പേമെന്റുകൾ എന്നിവ നടത്തുമ്പോൾ ആനുകൂല്യങ്ങൾ നേടാം. ഡൈനിംഗ് ഡിലൈറ്റ് ഓഫറിലൂടെ ഹോട്ടലുകളിൽ ഭക്ഷണ, പാനീയ ബില്ലുകളിലും ഇളവുകളുണ്ടാകും. എച്ച് ആൻഡ് സി സ്റ്റോഴ്സ്, ലുലുമാൾ, മലബാർ പ്ളാസ, ഐ ഹബ് മൊബൈൽസ്, ഒലെസിയ റൂംസ്, ഗോൾഡൻ ഡ്രാഗൺ, ഇഫ്താർ, അമ്പിസ്വാമീസ് വെജ് എന്നിങ്ങനെ 30ലേറെ സ്ഥാപനങ്ങളിലും ഇളവുകൾ നേടാം.
കൊച്ചി മെട്രോയ്ക്ക് പുറമേ സിറ്റി ബസുകളിലും വാട്ടർ മെട്രോയിലും ഉപയോഗിക്കാവുന്നതാണ് കൊച്ചി വൺ കാർഡ്. പണത്തിന് പകരം കാർഡ് ഉപയോഗിക്കാം. കൊച്ചി വൺ കാർഡ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് കെ.എം.ആർ.എല്ലുമായി ചേർന്ന് പ്രചാരണവും നടത്തുമെന്ന് ആക്സിസ് ബാങ്ക് കാർഡ്സ് ആൻഡ് പേമെന്റ്സ് മേധാവി സഞ്ജീവ് മോഘെ പത്രസമ്മേളനത്തിൽ പറഞ്ഞു.
നിലവിൽ 16,500 പേരാണ് പ്രതിദിന സജീവ കൊച്ചി വൺ കാർഡ് ഉപഭോക്താക്കൾ. കൊച്ചി മെട്രോ യാത്രക്കാരുടെ എണ്ണം ഇക്കുറി ഓണത്തിനും തുടർന്നും പ്രതിദിനം ഒരുലക്ഷം കടക്കുമെന്നാണ് പ്രതീക്ഷ. ഇതിന് ആനുപാതികമായി കാർഡ് ഉപയോഗവും കൂടുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |