കൊൽക്കത്ത: പശ്ചിമബംഗാളിലെ നദിയാജില്ലയിലെ മതുവാപൂരിൽ മലിനജലം കുടിച്ച് 12കാരന് ദാരുണാന്ത്യം. ഛർദ്ദിയും വയറിളക്കവും ബാധിച്ച് 50 ഓളം ഗ്രാമീണർ ചികിത്സയിലാണ്. ഇതിൽ 11പേരുടെ നില ഗുരുതരമാണ്.
ആറാംക്ളാസ് വിദ്യാർത്ഥി ശുഭദീപ് ഹൽദർ ശനിയാഴ്ച മരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
വെള്ളിയാഴ്ച സ്കൂൾ വിട്ട് വരുന്ന വഴിയാണ് ശുഭദീപ് ഗ്രാമത്തിലെ പൈപ്പിൽ നിന്നും വെള്ളം കുടിച്ചത്. പിന്നാലെ വയറിളക്കവും ഛർദ്ദിയും മൂലം അവശനായ കുട്ടിയെ ഗ്രാമത്തിലെ ഡോക്ടർ പരിശോധിച്ചു. നില വഷളായതോടെ ശക്തിനഗർ ജില്ലാ ആശുപത്രിയിലേക്കും തുടർന്ന് കല്യാണിയിലെ സർക്കാർ ആശുപത്രിയിലേക്കും മാറ്റി. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. കൂടുതൽ ഗ്രാമവാസികൾ രോഗബാധിതരായതോടെ മെഡിക്കൽ സംഘം ഗ്രാമത്തിലെത്തി വിശദമായ പരിശോധന നടത്തി. മലിനജലമാണ് രോഗകാരണമെന്നാണ് വിലയിരുത്തൽ. വിദഗ്ദ്ധ പരിശോധനയ്ക്കായി കുടിവെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.