SignIn
Kerala Kaumudi Online
Saturday, 21 September 2024 4.33 AM IST

ഉരുൾ പൊട്ടൽ; ഇടപെടൽ വിവേകത്തോടെ

Increase Font Size Decrease Font Size Print Page

kk

ഉരുൾപൊട്ടലിൽ രണ്ട് ഘടകങ്ങളാണ് പ്രധാനം ഒന്ന് കണ്ടീഷനിംഗ് ഫാക്ടർ - ഭൂപ്രകൃതിയുടെ ചെരിവ്, ഘടന എന്നിവയാണത്. രണ്ടാമത്തേത് ട്രിഗറിംഗ് ഫാക്ടർ. ഇത് പെട്ടെന്നുള്ള ഉരുൾപൊട്ടലിന് കാരണമാകുന്നു. പേമാരിയാണ് ഇതിലേക്ക് നയിക്കുന്നത്. മനുഷ്യന്റെ ഇടപെടലുകളുമുണ്ടാകാം.

ശക്തം, അതിശക്തം, അതിതീവ്രം ഇങ്ങനെ ഏത് തരത്തിലുള്ള മഴ പെയ്താലും ഉരുൾപൊട്ടലിന്സാദ്ധ്യതയുണ്ട്. 24 മണിക്കൂറിൽ 21 സെന്റിമീറ്ററോ അതിൽ കൂടുതലോ പെയ്യുന്നതാണ് അതിതീവ്ര മഴ. 11 മുതൽ 20.5 വരെ പെയ്യുന്നതാണ് അതിശക്തമായ മഴ അഥവാ വെരി ഹെവി റെയിൻ ഫാൾ . ഏഴ് മുതൽ പതിനൊന്ന് സെന്റീമീറ്റർ വരെ പെയ്യുന്നതാണ് ശക്തമായ മഴ അഥവാ ഹെവി റെയിൻ ഫാൾ. ഉരുൾപൊട്ടൽ സാദ്ധ്യതകൾ കൂടിയുണ്ടെങ്കിൽ ഈ മൂന്ന് കാറ്റഗറിയിലുള്ള മഴയ്‌ക്കൊപ്പവും ഉരുൾപൊട്ടാം. മൂന്ന് ദിവസം തുടർച്ചയായി പെയ്യുന്ന മഴ പത്ത് സെ.മീയിൽ കൂടുതലായാലും ഉരുൾപൊട്ടാം.

വെള്ളം ഒഴുകിപ്പോകാൻ പറ്റാത്തതും മണ്ണിന്റെ ഘടന വളരെ നേർത്തതും ദുർബലമായ മൺപാളികളുള്ളതുമായ സ്ഥലത്ത് ഉരുൾപൊട്ടലുണ്ടാകാം. മഴ, പോലെതന്നെ പ്രധാനമാണ് ഭൂപ്രകൃതിയുടെ ചെരിവ്. 20 ഡിഗ്രി ചെരിവിന് മേലെയുള്ള ഏത് പ്രദേശത്തും ബാക്കിയുള്ള സാദ്ധ്യതകൾകൂടി വന്നാൽ ഉരുൾപൊട്ടിയേക്കാമെന്ന് തിരുവനന്തപുരം നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തി.... റിപ്പോർട്ടിൽ പറയുന്നു. 20 ഡിഗ്രിക്കു മേലെയുള്ള എല്ലാ സ്ഥലത്തും ഉരുൾപൊട്ടൽ ഉണ്ടാകണമെന്നില്ല, പക്ഷേ, സാദ്ധ്യത കൂടുതലാണ്. മണ്ണിന്റെ ഘടന പരിശോധിക്കുന്ന സമയത്ത് ഉരുൾപൊട്ടുന്ന സ്ഥലങ്ങൾ പരിശോധിച്ചാൽ അതിന്റെ അടിയിൽ വളരെ ദൃഢമായിട്ടുള്ള പാറയുണ്ടാകും. അതിന്റെ മേലേ രണ്ടോ മൂന്നോ മീറ്റർ കനത്തിൽ ദുർബലമായിട്ടുള്ള മൺപാളിയുണ്ടാകും. ശരിക്കും പറഞ്ഞാൽ മണ്ണും പാറയും തമ്മിലുള്ള പിടുത്തം വളരെ കുറവായിരിക്കും. അപ്പോൾ മഴവെള്ളം മണ്ണിലേക്ക് അലിഞ്ഞിറങ്ങി താഴേക്കെെത്തുമ്പോൾ പാറയുടെയും മണ്ണിന്റെയും ഇടയിലേക്കിറങ്ങി ഇതു തമ്മിലുള്ള പിടുത്തം നഷ്‌ടപ്പെടും. അങ്ങനെയാണ് പല സ്ഥലത്തും ഉരുൾപൊട്ടലുണ്ടാകുന്നത്. അങ്ങനെയുള്ള എല്ലാ സ്ഥലത്തും ഉരുൾപൊട്ടുന്നില്ല. അതിനുള്ള കാരണം ഒന്ന് ഈ ശിലാഭാഗത്തുള്ള ശക്തിക്ഷയം, പിന്നെ , മണ്ണിനുണ്ടാകുന്ന രാസ - ഭൗതിക മാറ്റങ്ങൾ എന്നിവയാണ്. മരങ്ങളുടെ വേരുകൾ അഴുകി അതിനകത്തുകൂടി വെള്ളം ഉള്ളിലേക്കിറങ്ങിയും പ്രശ്നമുണ്ടാകും.

ഭൂകമ്പ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ ചെറിയ രീതിയിലുള്ള ഭൂകമ്പങ്ങൾ ഉണ്ടാകുമ്പോൾ മൺപാളി ദുർബലമാകും. അതിനുശേഷം പേമാരി ഉണ്ടായാൽ ഉരുൾപൊട്ടലിന് സാദ്ധ്യതയുണ്ട്. ഒരു അതിതീവ്ര മഴ ഈ വർഷം പെയ്തെന്നിരിക്കട്ടെ, അത് മണ്ണിലേക്കിറങ്ങി മണ്ണിന് വിള്ളലുണ്ടാക്കിയിട്ടുണ്ടാകും. എന്നാൽ ആ വർഷം ഉരുൾപൊട്ടണമെന്നില്ല. അടുത്ത തവണ മഴ പെയ്യുമ്പോൾ വിണ്ടിരിക്കുന്ന മണ്ണിലേക്ക് വീണ്ടും വെള്ളമിറങ്ങി ഉരുൾപൊട്ടലുണ്ടാകും. മണ്ണിന്റെ ചെരിവും അവിടെ പെയ്യുന്ന മഴയുടെ അളവും മണ്ണിന്റെ ഘടനയും നോക്കിയാലേ ഉരുൾപൊട്ടൽ സാദ്ധ്യത മനസ്സിലാകൂ. ഭൂപ്രകൃതിയുടെ സ്വഭാവം കണക്കിലെടുക്കാതെയുള്ള നിർമ്മാണപ്രവർത്തനങ്ങൾ, ഖനനം ഇതെല്ലാം ഉരുൾപൊട്ടൽ സാദ്ധ്യത വർദ്ധിപ്പിക്കുന്നു.

പരിസ്ഥിതി ദുർബലമായ സ്ഥലത്ത് പ്രത്യേകിച്ച് ചെങ്കുത്തായ പ്രദേശത്ത് അനുയോജ്യമായ കൃഷിരീതികൾ മാത്രമേ പാടുള്ളൂ. ചെങ്കുത്തായ സ്ഥലങ്ങളിൽ മഴക്കുഴികൾ പോലും പാടില്ല. ക്വാറികൾ ജിയോളജി രംഗത്തെ വിദഗ്ദ്ധരുടെ അഭിപ്രായങ്ങൾ പരിഗണിച്ചാകണം നടത്തേണ്ടത്. നീർച്ചാലുകളുടെ സ്വാഭാവിക ഒഴുക്ക് തടയുന്നത് വലിയ പ്രശ്നമാണ്. ചെറിയ ചെറിയ ചാലുകളായി വെള്ളം ഒഴുകിക്കൊണ്ടിരുന്നാൽ വെള്ളത്തിന്റെ സമ്മർദ്ദം അധികമാകില്ല. വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്തുന്നതുപോലെയുള്ള കയ്യാല കെട്ടൽ പാടില്ല. ഇത്തരം സ്ഥലങ്ങളിൽ ജലം സ്വാഭാവികമായി ഒഴുകാൻ അനുവദിക്കുക.

10 സെന്റീമീറ്ററിൽ കൂടുതൽ മഴ പെയ്യുമ്പോൾ ചെങ്കുത്തായ പ്രദേശത്താണെങ്കിൽ പരമാവധി മാറിത്താമസിക്കുക. ദുരന്തനിവാരണ അതോറിട്ടിയും സംസ്ഥാന സർക്കാരും കാലാവസ്ഥാ നിരീക്ഷണ വകുപ്പുമൊക്കെ കൃത്യമായ മുന്നറിയിപ്പ് കൊടുക്കുന്നുണ്ട്. അടുത്ത് അരുവികളോ ആറോ ഒക്കെയുണ്ടെങ്കിൽ മാറിത്താമസിക്കണം. ഉരുൾപൊട്ടലിനെ നേരിടാൻ സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയുടെ ഓറഞ്ച് ബുക്കിൽ നിരവധി കാര്യങ്ങൾ പറയുന്നുണ്ട്. ഒരു എമർജൻസി കിറ്റ് തയ്യാറാക്കി വയ്ക്കുക, കൃത്യമായും അലർട്ടുകൾക്കനുസരിച്ച് വേണം ഇത് ചെയ്യാൻ. കിംവദന്തികളൊന്നും പരത്താതിരിക്കുക എന്നത് വളരെ പ്രധാനമാണ്. ദുരന്തത്തിൽ പെട്ടുപോയാലും പരമാവധി നമ്മുടെ തലയ്ക്ക് പരിക്കേല്ക്കാതെ നോക്കുക, ബോധം പോയാൽ ജീവൻ അപകടത്തിലാകാനുള്ള സാദ്ധ്യത ഏറുന്നതിനാലാണിത്.

പ്രതിരോധത്തിന്

പാറയുടെ മേലെയുള്ള ദുർബലമായ മൺപാളി എത്രത്തോളം ഉണ്ടെന്നത് പരിശോധിക്കണം. അത് ജിയോളജി വിദഗ്ദ്ധ‌ർക്കേ കൃത്യമായി പറയാൻ കഴിയൂ. ചരിവുള്ള പ്രദേശങ്ങളിൽ ആഴത്തിൽ വേരിറങ്ങുന്ന മരങ്ങൾ നട്ടുപിടിപ്പിക്കണം. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതുവരെയുണ്ടായിട്ടുള്ള ഉരുൾപൊട്ടലുകൾ പരിശോധിച്ച് അതിൽ എത്രമഴ പെയ്തപ്പോഴാണ് ഉരുൾപൊട്ടൽ സംഭവിച്ചതെന്നുള്ള കണക്കെടുക്കണം. എല്ലാ ജില്ലയിലേയും ചെരിവുള്ള പ്രദേശങ്ങളിൽ അതിന്റെ സ്റ്റാറ്റിസ്റ്റിക്സ് ഉണ്ടാക്കുന്നത് നല്ലതാണ്.

(ലേഖകൻ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ റെഡാർ കേന്ദ്രം ശാസ്ത്രജ്ഞനാണ്. )​

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HEAVY RAIN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.