കോട്ടയം. കേരളത്തിൽ പ്രളയവും വരൾച്ചയും മാറി മാറി വരുന്ന കാലാവസ്ഥാ വ്യതിയാനം രൂക്ഷമായതോടെ പ്രാദേശിക തലത്തിൽ ഇതേക്കുറിച്ച് പഠിക്കാനും പ്രതിവിധി നിർദ്ദേശിക്കാനുമുള്ള സംവിധാനം അടിയന്തിരമായി ഏർപ്പെടുത്തണമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ട്രോപ്പിക്കൽ മെറ്ററോളജി (പൂന) ക്ലൈമറ്റ് സയന്റിസ്റ്റ് ഡോ.റോക്സി മാത്യു കോൾ നിർദേശിക്കുന്നു.
കേരളത്തിൽ ഇതുവരെ അതിതീവ്രമഴയോ, വെള്ളപ്പൊക്കമോ അനുഭവപ്പെടാത്ത ഉൾപ്രദേശങ്ങളിൽ വരെ മനുഷ്യർ ഉറങ്ങി എഴുന്നേൽക്കുമ്പോൾ വെള്ളം അപകടകരമായ നിലയിൽ ഉയർന്ന് കാണുകയാണ്. ആ സാഹചര്യങ്ങളിൽ എന്തുകൊണ്ട് എന്നറിയാതെ നിസഹായരായി നിൽക്കാനേ ജനങ്ങൾക്ക് കഴിയുന്നുള്ളു. പ്രാദേശിക തലത്തിൽ കാലാവസ്ഥാമാറ്റത്തെക്കുറിച്ച് പഠിക്കാനുള്ള സംവിധാനം വന്നെങ്കിലേ ഇതിന് മാറ്റമുണ്ടാകൂ. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കീഴിലാണ് സംസ്ഥാന കാലാവസ്ഥാ വിഭാഗം. ദുരന്ത സംരക്ഷണ സേനയും ഇവരുടെ മുന്നറിയിപ്പാണ് പിന്തുടരുന്നത്. വലിയ ദുരന്തങ്ങളേ ഇവർക്ക് പ്രവചിക്കാൻ കഴിയുന്നുള്ളൂ. പ്രാദേശിക തലത്തിൽ ഉണ്ടാകുന്ന വ്യതിയാനം കണ്ടെത്താൻ കഴിയുന്നില്ല. ഇതാണ് പ്രശ്നം. പഞ്ചായത്ത് തലത്തിൽ കാലാവസ്ഥാ പഠന സംവിധാനം വന്നാലേ ഇതിന് മാറ്റം വരൂ എന്നും കോൾ പറയുന്നു.
കേരളത്തിൽ ഒരു ജില്ലയിൽ തന്നെ പല കാലാവസ്ഥ അനുഭവപ്പെടുന്ന പ്രതിഭാസമുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലം താപസ്ഥിതി, മഴ, കാറ്റ് എന്നിവയുടെ എണ്ണം, ശക്തി, വ്യാപ്തി ഇവ വർദ്ധിക്കും. 2020നും 2040നും ഇടയിൽ ആഗോളതാപനത്തിൽ ഇരട്ടി വർദ്ധന ഉണ്ടാകുമെന്ന് പറയുന്നു. ഭീകരമായ ഈ അവസ്ഥയെ നേരിടാൻ പദ്ധതികൾ വേണം. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് പ്രാദേശിക തലത്തിലുള്ള പരിശോധനകൾ വ്യാപിപ്പിച്ച് പ്രതിവിധിയും മുൻകരുതലും സ്വീകരിക്കുകയേ മാർഗമായുള്ളൂ.
മേഘവിസ്ഫോടനം എന്നാൽ.
മേഘവിസ്ഫോടനം മഴയുടെ കണക്കാണ്. മേഘം പൊട്ടി വീഴുന്നതല്ല. ഒരു മണിക്കൂറിൽ 100 മില്ലി മീറ്റർ മഴ പെയ്താൽ അതിനെ മേഘവിസ്ഫോടനമെന്ന് വിളിക്കാം. കഴിഞ്ഞ ദിവസം പാമ്പാടിയിൽ 117.4 മില്ലിമീറ്റർ മഴ പെയ്തത് മേഘ വിസ്ഫോടനമാണ് . ഇത് കുറഞ്ഞ സമയത്തിനുള്ളിൽ ചെറിയൊരു പ്രദേശത്ത് നടക്കുന്ന പ്രതിഭാസമായതിനാൽ വളരെ നേരത്തേ പ്രവചിക്കാനാവില്ല. എന്നാൽ റഡാറുകളും ഉപഗ്രഹചിത്രങ്ങളും ഉപയോഗിച്ച് ഏതാനും മണിക്കൂറുകൾക്കു മുമ്പ് പറയാൻ കഴിയും റഡാറുകളുടെ ദൂരപരിധി ചെറുതായതിനാലും ചെലവ് കൂടുമെന്നതിനാലും എല്ലായിടത്തും പ്രായോഗികവുമല്ല. ഉരുൾപൊട്ടലിലെന്നപോലെ മേഘവിസ്ഫോടനത്തിന് സാദ്ധ്യതയുള്ള മേഖലകളിൽ അടിയന്തരമായി മാപ്പിംഗ് നടത്തണം. മഴമാപിനി ഓരോ മണിക്കൂറിലും ഉപയോഗിക്കുന്നതും പ്രയോജനം ചെയ്യും. ഹൈ ഡെൻസിറ്റിയും മേഘ വിസ്ഫോടനവും മാപ്പ് ചെയ്യാൻ കഴിയും .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |