SignIn
Kerala Kaumudi Online
Saturday, 21 September 2024 8.40 AM IST

എല്ലാം പാർട്ടി തന്നെ

Increase Font Size Decrease Font Size Print Page

m-v-govindan-master

സംഘടനാതത്വങ്ങളിൽ നിന്നും വ്യതിചലിക്കാതെ പാർട്ടിയെ മുന്നോട്ടുനയിക്കാൻ കഴിവുള്ളയാളെന്ന നിലയിലാണ് എം.വി.ഗോവിന്ദൻ മാസ്റ്റർ വിലയിരുത്തപ്പെടുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ അദ്ദേഹം കേരളകൗമുദിയോട് സംസാരിച്ചു. പ്രസക്തഭാഗങ്ങൾ:-

പുതിയ ചുമതലയെക്കുറിച്ച് എന്തു തോന്നുന്നു?

സന്തോഷമാണ്. പാർട്ടി ഏൽപ്പിച്ച ചുമതലയുമായി മുന്നോട്ടു പോകും. എല്ലാ മേഖലകളിലുമുള്ള ആളുകളുടെ സഹായവും സഹകരണവും തേടും.

താങ്കൾ പൊതുവേ പ്രായോഗികവാദിയും സൗമ്യനുമാണ്. പാർട്ടി നിലപാടുകളിൽ കാർക്കശ്യം പുലർത്തുന്ന സൈദ്ധാന്തികവാദിയാണെന്നും അഭിപ്രായമുണ്ട് ?

സിദ്ധാന്തമില്ലാത്ത പ്രയോഗവും പ്രയോഗമില്ലാത്ത സിദ്ധാന്തവും -രണ്ടും മാർക്സിസം അംഗീകരിക്കുന്നില്ല. രണ്ടുംചേർത്ത് മുന്നോട്ടു പോവുകയെന്നതാണ് മാർക്സിസ്റ്റ് കാഴ്ചപ്പാട്.

ആ നിലയ്ക്ക് പാർട്ടിയുടെ ലൈനിൽ എന്തെങ്കിലും മാറ്റം വരുമോ?

ഒരു ലൈനിലും മാറ്റമില്ല. ഇതുതന്നെയാണ് പാർട്ടി ലൈൻ. ആ ലൈൻ മുന്നോട്ടു കൊണ്ടുപോവുകയെന്നതാണ് ലക്ഷ്യം. സൈദ്ധാന്തികമായും സംഘടനാപരമായും പ്രായോഗികമായുമെല്ലാം ചേർന്നു പ്രവർത്തിക്കുന്ന കൂട്ടായ യജ്ഞമാണ് പാർട്ടി. ഒരാൾ സെക്രട്ടറിയായതുകൊണ്ടോ, സെക്രട്ടറി സ്ഥാനത്തുനിന്നു മാറിയതുകൊണ്ടോ ആ സംഘടനാ രീതിക്കു മാറ്റമൊന്നും വരില്ല. പാർട്ടി സംസ്ഥാന സെക്രട്ടറിയെന്നു പറയുമ്പോൾ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റുണ്ട്,​ സംസ്ഥാനകമ്മിറ്റിയുണ്ട്. താഴേത്തട്ടിലുള്ള ഘടകങ്ങളുണ്ട്. മേലെ കേന്ദ്രക്കമ്മിറ്റിയും പോളിറ്റ് ബ്യൂറോയുമുണ്ട്. ഇതെല്ലാം ചേർന്നുള്ള പ്രവർത്തനമാണ്. അല്ലാതെ വ്യക്തിപരമായ പ്രവർത്തനമല്ല. കൂട്ടായ പ്രവർത്തനത്തെ കൃത്യമായ ഏകോപനത്തോടെ കൊണ്ടുപോകാനുള്ള ചുമതലയാണ് സെക്രട്ടറിക്കുള്ളത്. വിഭാഗീയതയൊക്കെ പരിഹരിച്ച് വളരെ യോജിച്ച നിലയിലാണ് പാർട്ടി മുന്നോട്ടുപോകുന്നത്.

പാർട്ടിയുടെ ഒരു പരമാധികാരം, പാർട്ടിയാണ് അവസാനവാക്ക്

എന്ന വിശ്വാസം തിരികെ കൊണ്ടുവരാനാവുമോ?

അത് സ്ഥാപിച്ചെടുക്കേണ്ട ഒന്നല്ല. അതുണ്ടാവേണ്ടതാണ്. എല്ലാം യോജിച്ചു മുന്നോട്ടുപോകുമ്പോൾ സ്വാഭാവികമായും പാർട്ടിയാണ് അതിന്റെയെല്ലാം നേതൃത്വപരമായ പങ്ക് വഹിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കരുത്ത്. ആ കരുത്തിനെ എല്ലാവരും അംഗീകരിക്കുമ്പോൾ മാത്രമേ കരുത്ത് കരുത്തായി നിൽക്കൂ.

സി.പി.എമ്മിന്റെ മുഖം മാറുമെന്ന് കരുതാമോ?

സി.പി.എമ്മിന് ഇപ്പോൾ ഒരു മുഖമുണ്ട്. ആ മുഖം എങ്ങനെ മാറാനാണ് ?​ ആ മുഖം നിലവിലുള്ള പാർട്ടി സംവിധാനത്തെ ഉപയോഗിച്ച് ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകും.

ഭരണത്തിനൊപ്പം പാർട്ടി അധികാരവും മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കുന്നതായി വിമർശകർ ആരോപിക്കുന്നുണ്ട് ?​

അതൊന്നും ശരിയല്ല. പാർട്ടി തീരുമാനം അടിസ്ഥാനപ്പെടുത്തി തന്നെയാണ് പിണറായി ഉൾപ്പെടെ ഞങ്ങളെല്ലാവരും പ്രവർത്തിക്കുന്നത്. എല്ലാം പാർട്ടി തന്നെയാണ്. അതിലേറ്റവും ശരിയായ നിലപാട് സ്വീകരിക്കുന്ന ഒരു പാർട്ടി കേഡറാണ് പി.ബി.അംഗം കൂടിയായ പിണറായി. അതിലൊരു സംശയവും വേണ്ട. മുഖ്യമന്ത്രിക്കെതിരായ കള്ളപ്രചാരവേലയുടെ ഭാഗമാണ് ഈ പ്രചാരണം.

എം.എ.ബേബിക്കും ഇ.പി.ജയരാജനും ലഭിക്കാത്ത പദവിയിലാണ് താങ്കൾ എത്തിയിരിക്കുന്നത്?

അങ്ങനെയല്ല അതിനെ വിശകലനം ചെയ്യേണ്ടത്. അവരൊക്കെ ഓരോ പദവികളിലാണ് ഇപ്പോഴുള്ളത്. പദവിയില്ലാത്ത ആരുംതന്നെയില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം പാർട്ടി ഓരോ ഘട്ടത്തിലും ഓരോ കാര്യങ്ങൾ തീരുമാനിക്കും. അതിനനുസരിച്ച് കേഡർമാർ പ്രവർത്തിക്കുന്നുവെന്നേയുള്ളൂ.

പാർട്ടി സെക്രട്ടറി പദവി എപ്പോഴെങ്കിലും പ്രതീക്ഷിച്ചിട്ടുണ്ടോ?

അഞ്ചുകൊല്ലത്തേക്ക് മന്ത്രിയാവാൻ പാർട്ടി തീരുമാനിച്ചതിനാൽ ഞാനിപ്പോൾ ഈ ചുമതല പ്രതീക്ഷിച്ചിരുന്നില്ല.

ഒന്നാം പിണറായി സ‌ർക്കാരും ഒരുവർഷം പിന്നിട്ട രണ്ടാം പിണറായി സർക്കാരും തമ്മിൽ താരതമ്യപ്പെടുത്തുമ്പോൾ ജനങ്ങളിൽ നിരാശ കാണുന്നുണ്ടോ?

അതൊക്കെ കേവലമായ പ്രചാരണം മാത്രമാണ്. കഴിഞ്ഞ അഞ്ചുവർഷം പിണറായി ഗവൺമെന്റ് പ്രവർത്തിച്ചതുപോലെ ഇപ്പോൾ ഒന്നേകാൽ വർഷമായ ഗവൺമെന്റും നല്ലരീതിയിൽ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയാണ്.

കഴിഞ്ഞ സംസ്ഥാനസമിതിയിൽ മന്ത്രിമാരെ വിലയിരുത്തുകയും

വിമർശിക്കുകയും ചെയ്തതായി വാർത്തകളുണ്ടായിരുന്നു?

സംസ്ഥാനക്കമ്മിറ്റി പരിശോധിക്കുമ്പോൾ ഗവൺമെന്റിന്റെ മുന്നോട്ടുള്ള യാത്രയിൽ ഇനി എന്തൊക്കെ വേണമെന്നതടക്കം എല്ലാക്കാര്യങ്ങളും ചർച്ച ചെയ്യുമല്ലോ. അതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ തിരുത്തലുകൾ വരുത്തി ഗവൺമെന്റിനെ കൂടുതൽ ശക്തിപ്പെടുത്തുകയെന്ന നിലപാടാണ് സ്വീകരിക്കുക.

ആളുകളെ മാറ്റിക്കൊണ്ടുള്ള തിരുത്തലായിരിക്കുമോ?

അതൊന്നും ഞങ്ങൾ ഉദ്ദേശിക്കുന്നതേയില്ല.

അങ്ങനെ ആലോചിക്കുന്നില്ലേ?

ആലോചിച്ചിട്ടേയില്ല. നല്ലരീതിയിൽ മുന്നോട്ടുപോകുന്നുണ്ട്. തിരുത്തലുകൾ ആവശ്യമെങ്കിൽ, ഏതുഭാഗമാണോ, അത് മനസിലാക്കി തിരുത്തി മുന്നോട്ടുപോകും. ഏതെങ്കിലും ഒരാളെയോ ഏതെങ്കിലും വകുപ്പിനെയോ ചൂണ്ടിക്കാണിച്ച് വിമർശനമുണ്ടായിട്ടില്ല.

താങ്കൾ മന്ത്രിപദം ഒഴിയുന്നതിന്റെ ഭാഗമായി മന്ത്രിസഭയിലൊരു

അഴിച്ചുപണിയുണ്ടാകുമെന്ന പ്രചാരണം ശക്തമാണ് ?

അതുസംബന്ധിച്ചൊന്നും പാർട്ടി ചർച്ചചെയ്ത് തീരുമാനിച്ചിട്ടില്ല.

താങ്കൾ അത് തള്ളിക്കളയുന്നില്ല?

ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടിവരും. അതെങ്ങനെയൊക്കെ ആണെന്ന് പാർട്ടി സംസ്ഥാനകമ്മിറ്റി ചർച്ചചെയ്ത് തീരുമാനിക്കാതെ പറയാൻ കഴിയില്ല.

രണ്ട് സുപ്രധാനവകുപ്പുകളാണ് താങ്കൾ വഹിച്ചത്. എങ്ങനെയുണ്ടായിരുന്നു ഈ ഒന്നേകാൽ വർഷത്തെ പ്രവർത്തനം?

വളരെ സംതൃപ്തമായ രീതിയിലുള്ള പ്രവർത്തനമായിരുന്നു. പുതിയതലത്തിലേക്ക് നല്ലതുപോലെ മുന്നേറി.

മുൻമന്ത്രിമാരായിട്ടുള്ള ആരും വേണ്ടെന്ന പാർട്ടി തീരുമാനത്തിൽ

എന്തെങ്കിലും മാറ്റമുണ്ടാകുമോ?

അതൊക്കെ സംസ്ഥാനകമ്മിറ്റി ചർച്ചചെയ്തു തീരുമാനിക്കേണ്ടതാണ്. അങ്ങനെയൊരു ചർച്ച വന്നിട്ടേയില്ലെങ്കിലും പാർട്ടി അത് വളരെ നന്നായെന്ന നിലയിലാണ് കണ്ടിട്ടുള്ളത്. രണ്ട് ടേം കഴിഞ്ഞവർ മത്സരത്തിൽ നിന്നൊഴിവായതും, പുതിയ ടീം വരട്ടെയെന്ന് തീരുമാനിച്ചതും ജനങ്ങൾ അംഗീകരിച്ചെന്നാണ് പാർട്ടി കണ്ടിട്ടുള്ളത്.

ആ കാഴ്ചപ്പാട് മാറേണ്ട കാലമായിട്ടില്ലേ?

ഇല്ലില്ല.

എ.കെ.ജി സെന്ററിന്റെ നാഥനായല്ലോ. ആഭ്യന്തരവകുപ്പ് കൈയിലിരുന്നിട്ടും പടക്കമെറിഞ്ഞവരെ ഇനിയും പിടിച്ചില്ല. കള്ളൻ കപ്പലിൽത്തന്നെയെന്നാണ് എതിരാളികളുടെ വിമർശനം?

അതൊരു പുതിയ സ്റ്റൈലാണ്. സി.പി.എം നേതാക്കളയോ പ്രവർത്തകരെയോ ആക്രമിച്ചിട്ട് അത് സി.പി.എം തന്നെ ചെയ്തതാണെന്ന് പറഞ്ഞുനടക്കുക. അതാണ് പാലക്കാട് കണ്ടത്. ഞങ്ങളുടെ പാർട്ടി ഓഫീസ് ഞങ്ങൾ ആക്രമിക്കുമോ?​ എ.കെ.ജി സെന്റർ ആക്രമിച്ചവർ തന്നെയാണ് ഈ പ്രചാരണം നടത്തുന്നത്. പൊലീസ് കൃത്യമായി കണ്ടുപിടിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

തിരുവനന്തപുരത്ത് സി.പി.എം ജില്ലാകമ്മിറ്റി ഓഫീസിനും ജില്ലാ സെക്രട്ടറിയുടെ വീടിനും നേരെ ആക്രമണമുണ്ടായി. സംഘർഷത്തിലേക്കല്ലേ പോകുന്നത്. ?​

സംഘർഷമുണ്ടാക്കി കേരളത്തിലാകെ ക്രമസമാധാന പ്രശ്നമാണെന്നു വരുത്തിത്തീർത്ത് അവർക്ക് അതിന്റെമേലെ എന്തെങ്കിലും നിലപാട് സ്വീകരിക്കാനാകുമോ എന്ന ശ്രമമാണ് നടത്തുന്നത്. ആ ശ്രമത്തിന്റെ പിന്നാലെ പോകാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല.

അടിക്കടി തിരിച്ചടി എന്ന ലൈനില്ലേ?

തിരിച്ചടി ഞങ്ങളുടെ ലൈനേ അല്ല.

വരമ്പത്ത് കൂലികൊടുക്കാനുമില്ല?

ഇല്ല. വരമ്പത്ത് കൂലികൊടുക്കുകയെന്നു പറഞ്ഞാൽ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുകയെന്നാണ്.

നിയമസഭ പാസ്സാക്കിയ ബില്ലുകൾ ഗവർണർ ഒപ്പിടുമോ എന്ന ആശങ്കയുണ്ടോ?

ഭരണഘടനാപരമായി ഗവർണർ കൈകാര്യം ചെയ്യേണ്ട ബാദ്ധ്യതയാണത്. നിയമപരമായി കൈകാര്യം ചെയ്യുമെന്നുതന്നെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

ലോകായുക്തയുടെ പല്ലും നഖവും കൊഴിച്ചോ?

ഒരിക്കലുമില്ല. വിവിധ സംസ്ഥാനങ്ങളിലെ ലോകായുക്തകളുമായി കേരളത്തിലെ ലോകായുക്തയേയും ഒന്നിപ്പിക്കുന്നു. അതിന് സമമായി നിറുത്തുന്നു. അതിനപ്പുറത്തേക്ക് കടക്കുന്നില്ലെന്നേയുള്ളൂ. മറ്റു സംസ്ഥാനങ്ങളിലില്ലാത്ത അധികാരം ആവശ്യമില്ല.

പാർട്ടിയംഗങ്ങൾ റീയൽ എസ്റ്റേറ്റ് ബ്രോക്കർമാരായി പ്രവർത്തിക്കുന്നെന്ന് ആക്ഷേപമുണ്ട്. എവിടെയങ്കിലും പ്രശ്നമുണ്ടാകുമ്പോൾ അതിലൊരു പാർട്ടിക്കാരൻ ഉൾപ്പെടുന്നു?

റിയൽ എസ്റ്റേറ്റ് ഇടപാടുകാർക്ക് പാർട്ടി അംഗത്വമുണ്ടാവില്ല. തെറ്റുതിരുത്തുക എന്നത് പാർട്ടിയുടെ തുടർപ്രക്രിയയാണ്. ബൂർഷ്വാ സമൂഹത്തിലാണ് പാർട്ടി പ്രവർത്തിക്കുന്നത്. അത്തരക്കാർക്ക് അരിച്ചരിച്ച് കയറാനുള്ള ജീർണതയുണ്ടാവാം. ഉണ്ടെന്നുതന്നെയാണ് പാർട്ടി കാണുന്നത്. അത് കുടഞ്ഞുകളയാൻ സാധിക്കും വിധം സ്വയം വിമർശനം നടത്തി പാർട്ടി കേഡർമാരെ തിരുത്തി മുന്നോട്ടു നയിക്കും.

പാർട്ടി അംഗങ്ങൾ മദ്യപിക്കുന്നതോ?

മദ്യപിക്കുന്നതും പാർട്ടി അംഗീകരിക്കുന്നതല്ല. പാർട്ടി മെമ്പർമാർ മദ്യപിക്കരുതെന്ന് വ്യക്തമായി നിർദ്ദേശിച്ചിട്ടുണ്ട്.

കോടിയേരി സൗമ്യമുഖം ,എം.വി.ഗോവിന്ദൻ സൗമ്യമുഖം എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടുന്നു. എല്ലാവരും അങ്ങനെയാവേണ്ടതല്ലേ?

ഞങ്ങളെല്ലാവരും അങ്ങനെതന്നെയാണ്. ഓരോരുത്തരെ ഓരോ രീതിയിൽ കാണുന്നുവെന്നേയുള്ളൂ. ഞങ്ങളുടെ കുഴപ്പം കൊണ്ടല്ല. കാണുന്നവരുടെ കുഴപ്പം കൊണ്ടാണ്.

മൂലധനശക്തികളുമായി ചങ്ങാത്തമുണ്ടെന്ന് ആക്ഷേപമുണ്ട്?

ഇല്ലില്ല. മൂലധനശക്തികളോട് ചങ്ങാത്തമില്ല. മൂലധനശക്തികളെ അടച്ചാക്ഷേപിക്കുന്നുമില്ല. വ്യക്തിപരമായി എതിർക്കുന്നില്ല. വർഗനിലപാടിന്റെ ഭാഗമായാണ് എതിർക്കുന്നത്. സമ്പത്ത് മുഴുവൻ ചെറിയൊരു വിഭാഗം കൈയടക്കിയിരിക്കുന്നു.

എം.എൽ.എ സ്ഥാനം രാജിവക്കുമെന്ന് അഭ്യൂഹമുണ്ട്.?

അതൊക്കെ പാർട്ടിയാണ് തീരുമാനിക്കേണ്ടത്.

കണ്ണൂരിലേക്ക് എന്നാണ് ? ഓണം എവിടെ?

ഓണം തിരുവനന്തപുരത്താണ്. കണ്ണൂരിലേക്ക് എട്ടാംതീയതി പോകും. ഒമ്പതിന് ചടയൻ ദിനമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: M V GOVINDAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.