കല്ലമ്പലം:മുള്ളറംകോട് ഗവൺമെന്റ് എൽ.പി സ്കൂളിൽ വിദ്യാർത്ഥികൾക്കൊപ്പം ഓണം ആഘോഷിച്ച് മന്ത്രി വി. ശിവൻകുട്ടി. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മീനാക്ഷി 'മന്ത്രി അപ്പൂപ്പൻ ഞങ്ങൾക്കൊപ്പം ഓണമുണ്ണാൻ വരാമോ'എന്ന് കത്തെഴുതി ചോദിച്ചതിനെ തുടർന്നാണ് ഇന്നലെ ഉച്ചയോടെ മന്ത്രി സ്കൂളിലെത്തിയത്. മന്ത്രിയെത്തിയപ്പോൾ സ്വീകരിക്കാനായി കുട്ടിക്കൂട്ടം ഓടിയെത്തി. കൂട്ടത്തിൽ കത്തെഴുത്തുകാരി മീനാക്ഷി മന്ത്രി അപ്പൂപ്പനൊപ്പം നിന്ന് ഫോട്ടോയെടുത്തു. വിഭവ സമൃദ്ധമായ ഓണസദ്യയും കഴിച്ചു.മന്ത്രി അപ്പൂപ്പന് സമ്മാനങ്ങൾ നൽകാനും കുട്ടികൾ മറന്നില്ല. തങ്ങൾക്ക് പുതിയ സ്കൂൾ കെട്ടിടം വേണമെന്ന കുട്ടികളുടെ ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന ഉറപ്പും മന്ത്രി നൽകി.മുള്ളറംകോട് ഗവ.എൽ.പി.എസിന്റെ വികസന ആവശ്യങ്ങൾ ഗൗരവമായി പരിഗണിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഒരു കോടി രൂപയുടെ പ്രോജക്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇത് കിട്ടുന്ന മുറയ്ക്ക് ഫണ്ട് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.ഒ.എസ്. അംബിക എം.എൽ.എ, ജില്ലാ പഞ്ചായത്ത് അംഗം പ്രിയദർശിനി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ, ഒറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് പി. ബീന, വൈസ് പ്രസിഡന്റ് ജയപ്രകാശ്, രഹ്ന നസീർ, എ.ഇ.ഒ വിജയകുമാരൻ നമ്പൂതിരി, ദിനേശ്, ബി.ആർ.സി. പി.സജി, എച്ച്.എം. സുനിത ബീഗം, എസ്.എം.സി ചെയർമാൻ ജിജു കല്ലമ്പലം എന്നിവർ പങ്കെടുത്തു.
caption മുള്ളറംകോട് ഗവ.എൽ.പി.എസിലെത്തിയ മന്ത്രി വി. ശിവൻകുട്ടി വിദ്യാർത്ഥികൾക്കൊപ്പം ഓണ സദ്യ കഴിക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |