SignIn
Kerala Kaumudi Online
Thursday, 19 September 2024 5.24 AM IST

കൈക്കൂലിയും ഡിജിറ്റലാകുമ്പോൾ

Increase Font Size Decrease Font Size Print Page
photo

കൈക്കൂലിയുടെ കാര്യത്തിൽ കുപ്രസിദ്ധി നേടിയ ആർ.ടി.ഒ ഓഫീസുകളിൽ പരിശോധനകൾ സാർവത്രികമായതോടെ ഏജന്റുമാർ കണ്ടെത്തിയ പുതിയവഴി ഏറെ കൗതുകം പകരുന്നതാണ്. ഉദ്യോഗസ്ഥർക്ക് നേരിട്ട് കൈക്കൂലി നൽകിയാൽ വിജിലൻസ് പിടിയിലായാലോ എന്നുകരുതി പലേടത്തും ഇപ്പോൾ ഡിജിറ്റൽ മാർഗത്തിലൂടെയാണ് പണം കൈമാറ്റം. ആർ.ടി ഓഫീസിൽ നിന്നുള്ള ഏതു സേവനത്തിനും നിശ്ചിതപടിയുണ്ട്. അതും തങ്ങളുടെ നോട്ടക്കൂലിയുമെല്ലാം ചേർത്താകും ഏജന്റുമാർ ഉപഭോക്താവിന്റെ പക്കൽനിന്ന് ഓരോ സേവനത്തിനും പണം വാങ്ങുന്നത്. ആർ.ടി.ഒ ഓഫീസുകൾ പിറവിയെടുത്ത കാലംതൊട്ടേ നടക്കുന്ന ഏർപ്പാടാണിത്. സേവനങ്ങൾ അധികപങ്കും ഓൺലൈനാക്കിയ ശേഷവും പഴയ മാമൂലുകൾ ഏറക്കുറെ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്നുണ്ട്. ആർ.ടി.ഒ ഓഫീസുകളിലെ കൈക്കൂലി പിടിക്കാൻ ഇടയ്ക്കിടെ വിജിലൻസുകാർ ഇറങ്ങാറുണ്ട്. വലിയ കോളൊന്നും ലഭിക്കാറില്ല. ഇടയ്ക്ക് വല്ലതുമൊക്കെ തടഞ്ഞെന്നു വരും. ഏതാനും ദിവസം മുൻപ് 'ഓപ്പറേഷൻ ജാസൂസ് ' എന്ന പേരിൽ വിജിലൻസ് ആർ.ടി.ഒ ഓഫീസുകളിൽ നടത്തിയ പരിശോധനയിലാണ് കൈക്കൂലി കൈമാറ്റത്തിൽ പുതിയ പരീക്ഷണങ്ങൾ കണ്ടെത്തിയത്. ഏജന്റുമാരുടെ ഓഫീസുകളിലും പരിശോധന നടന്നു. 53 ആർ.ടിഒ ഓഫീസുകളിൽ നടന്ന പരിശോധനയിൽ പണപ്പിരിവു നടക്കുന്നതിനു തെളിവുകൾ ലഭിച്ചു. ബാങ്ക് അക്കൗണ്ട് വഴി കൈമാറുന്നതാണ് പുതിയ രീതി.

ആർ.ടി.ഒ ഓഫീസിലെ ഏതു ഇടപാടിനും ഇടനിലക്കാരുടെ ആവശ്യമേയില്ലെന്നാണു പറയുന്നത്. സേവനങ്ങൾ പലതും ഓൺലൈൻ വഴി നടത്താമെന്നിരിക്കെ ആവശ്യക്കാർ ഏജന്റുമാരെ തേടിപ്പോകേണ്ട കാര്യമില്ലെന്നാണ് ഗതാഗതവകുപ്പിന്റെ നിലപാട്. എന്നാൽ കാര്യം വേഗം നടക്കാൻ ഇടനിലക്കാരുടെ സേവനം തേടുന്നവരാണ് അധികവും. തടസങ്ങളും കാലതാമസവും ഇടനിലക്കാരെ ആശ്രയിക്കാൻ ഇടപാടുകാരെ നിർബന്ധിതരാക്കുന്നു എന്നതാണു സത്യം. ഏതു സമ്പ്രദായവും ജനങ്ങൾക്ക് പൂർണമായും ഉപകരിക്കണമെങ്കിൽ കുറ്റമറ്റ നിലയിലാകണം നടത്തിപ്പ്.

ആർ.ടി.ഒ ഓഫീസുകളിൽ പ്രവർത്തനരീതികളെ പരിഷ്കരിച്ചിട്ടുള്ളൂ. അതു കൈകാര്യം ചെയ്യുന്നവരുടെ മനോഭാവവും മാറേണ്ടതുണ്ട്. വാഹന ഉടമകളെ അപരാധികളെപ്പോലെ കാണുന്ന മാടമ്പി മനോഭാവം നിലനിൽക്കുകയാണ്. സർക്കാർ ഖജനാവിലെത്തേണ്ട പണമടയ്ക്കാൻ പോലും കൈക്കൂലി നൽകേണ്ടിവരുന്ന ദുഷിച്ച വ്യവസ്ഥ മാറ്റിയെടുക്കാൻ ഇനിയും കഴിയാത്തത് ആർ.ടി.ഒ ഓഫീസുകളിൽ പലരൂപത്തിലും പഴമയുടെ പ്രേതങ്ങൾ വിഹരിക്കുന്നതുകൊണ്ടാണ്. ആർ.ടി.ഒ ഓഫീസുകളിൽ നടക്കുന്ന ക്രമക്കേടുകളുടെയും കൈക്കൂലിയുടെയും ഭയാനക രൂപത്തെക്കുറിച്ച് ധാരണയില്ലാത്തവർ രാഷ്ട്രീയത്തിലും ചുരുക്കമാകും. എന്നിട്ടും അതിനു മാറ്റമുണ്ടാക്കാൻ സാധിക്കുന്നില്ല. വരുമാനം കൂടുതൽ ലഭിക്കുന്ന ഓഫീസിലേക്ക് സ്ഥലംമാറ്റം ലഭിക്കാൻ ഉദ്യോഗസ്ഥർ രാഷ്ട്രീയ നേതാക്കൾക്ക് നൽകേണ്ടിവരുന്ന 'പടി' യുടെ കനം നോക്കിയാൽ മനസിലാകും ക്രമക്കേടുകൾക്കു പിന്നിലെ മറിമായങ്ങൾ.

ആർ.ടി.ഒ ഓഫീസുകളിൽ നിന്ന് പൊതുജനങ്ങൾക്കു ലഭിക്കേണ്ട സേവനങ്ങൾ കൃത്യമായും കാലതാമസമില്ലാതെയും ലഭിക്കുമെന്നു വന്നാൽ അഴിമതിക്കും കൈക്കൂലിക്കുമുള്ള സാദ്ധ്യതകൾ നന്നേ കുറയും. അതിന് എന്തൊക്കെ ചെയ്യാനാകുമെന്ന് ഗതാഗതവകുപ്പ് പരിശോധിക്കണം. എല്ലാം ഡിജിറ്റലാക്കിയെന്നു പറഞ്ഞതുകൊണ്ടായില്ല. എത്രത്തോളം കാര്യക്ഷമമായി അതു പ്രവർത്തിക്കുന്നുണ്ടെന്നുകൂടി വിലയിരുത്തണം. മനുഷ്യരെ വട്ടംചുറ്റിക്കുന്ന നടപടിക്രമങ്ങളുണ്ടെങ്കിൽ എടുത്തുകളയണം. ആർ.ടി.ഒ ഓഫീസുകളിൽ ഫയൽ കുടിശികയാകാൻ അനുവദിക്കരുത്. അപേക്ഷകളിൽ തീരുമാനം വൈകുമ്പോഴാണ് കൈക്കൂലിക്കുള്ള സാദ്ധ്യത തെളിയുന്നത്. മേലുദ്യോഗസ്ഥരുടെ പരിശോധന ഫലവത്തായാൽ കൈക്കൂലി എന്ന മഹാവിപത്ത് ഒരു പരിധിവരെ ഇല്ലാതാകും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: EDITORIAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.