ഓണക്കാലത്ത് വീട് പൂട്ടിയിറങ്ങുമ്പോൾ വീട്ടിൽ സി.സി.ടി.വി.യും അതിന്റെ നിയന്ത്രണഘടകം നമ്മുടെ മൊബൈൽ ഫോണിലുമുണ്ടെങ്കിൽ വീടിന്റെ സുരക്ഷയെക്കുറിച്ചോർത്ത് വിഷമിക്കേണ്ട. ഇടയ്ക്കിടയ്ക്ക് വീടും പരിസരവും നിരീക്ഷിച്ച് സുരക്ഷ ഉറപ്പുവരുത്താം. അടുത്തുള്ള പൊലീസ് സ്റ്റേഷന്റേയും സുഹൃത്തുക്കളുടേയും ഫോൺ നമ്പറുമുണ്ടെങ്കിൽ എന്തെങ്കിലും അസ്വാഭാവികത കണ്ടാൽ അവരെ അറിയിക്കാനാവും.
എന്നാൽ ഓണക്കാലത്ത് ടൂറിനും മറ്റും ഇറങ്ങിത്തിരിക്കുന്നവർ ഓർക്കുക, നിങ്ങൾ എത്തിപ്പെടുന്ന സ്ഥലങ്ങളിലെ സി.സി.ടി.വി കാമറകൾ ജീവിതകാലം മുഴുവൻ നമ്മുടെ സ്വസ്ഥത കെടുത്താൻ കഴിവുള്ളവയായിരിക്കാം.
നാം താമസിക്കുന്ന ഹോട്ടലുകളിലെ കാമറകൾ നമ്മുടെ സ്വകാര്യത ചോർത്തിയെടുത്ത് ദുരുപയോഗം ചെയ്യാനും നമ്മെ ബ്ളാക്ക് മെയിൽ ചെയ്യാനും ചിലരെ സഹായിച്ചേക്കാം മുറിക്കുള്ളിൽ കയറിയാൽ നാം സുരക്ഷിതരായെന്നാവും മിക്കവരുടെയും ചിന്ത. എന്നാൽ സി.സി.ടി.വി. കാമറകളുടെ സർവാധിപത്യകാലത്ത് അങ്ങനെ ആശ്വസിക്കാനാവില്ല. മുറിയിലെ ചുവരിൽ സർവം നിരീക്ഷിക്കാൻ ഒരു കാമറ ചിലപ്പോൾ കണ്ണും തുറന്നിരിക്കുന്നുണ്ടാവും എന്നത് മറക്കരുത്.
അപകടങ്ങൾക്കെതിരെ ജാഗ്രത വേണം
തിരുമ്മൽ കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലെ ടോയ്ലറ്റുകളിൽ പോലും ഒളിക്യാമറ വഴി ദൃശ്യങ്ങൾ പകർത്തുന്ന കാലമാണിത്. സ്റ്റാർ ഹോട്ടലുകളിലെ ബാത്ത് റൂം വീഡിയോ പോലും പുറത്തുവരുന്നുണ്ട്. അതായത് ഈ കെണിയിൽ ആരും എപ്പോഴും വീഴാം. സ്‌ക്രൂവിലും ബൾബിലും ഘടിപ്പിക്കാവുന്ന ഇത്തരത്തിലുള്ള നൂറായിരം ഒളികാമറകൾ വിപണിയിലുണ്ട്. ഇതിനു പുറമേയാണ് സ്മാർട്ട് ഫോൺ കാമറകളും. ഇതെല്ലാം കണ്ടുപിടിക്കുക അത്ര എളുപ്പമുള്ള കാര്യവുമല്ല.സ്വകാര്യതയിലേക്ക് നീളുന്ന കാമറക്കണ്ണുകൾ എവിടെയും ഒളിഞ്ഞിരിപ്പുണ്ടാവാം. തിരിച്ചറിയാൻ കഴിഞ്ഞെന്നുവരില്ല. ഹോട്ടൽ മുറികളിലും ബാത്ത്റൂമുകളിലും പൊതുസ്ഥലങ്ങളിലും തുണിക്കടയിലെ ട്രയൽ റൂമിലുമെല്ലാം ഇത്തരത്തിലുള്ള കാമറകൾ കണ്ടുപിടിക്കുന്ന വാർത്തകൾ പുതുമയുള്ള കാര്യമല്ല. എത്രയോ പേരുടെ ചിത്രങ്ങളും വീഡിയോകളും പകർത്തിയ ശേഷമാവും അവ ആരെങ്കിലും ഇത് കണ്ടുപിടിക്കുന്നതു തന്നെ. അപ്പോഴേക്കും നിരവധിപ്പേരുടെ സ്വകാര്യത നഗ്നചിത്രങ്ങളായും വീഡിയോകളായും സമൂഹ മാദ്ധ്യമങ്ങളിലും അശ്ലീല വെബ്‌സൈറ്റുകളിലും കറങ്ങിത്തിരിയുന്നുണ്ടാവും.യാത്രകളിലും മറ്റും ഇത്തരത്തിലുള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്. അപകടം ഇല്ലെന്നു ഉറപ്പിക്കുന്ന സ്ഥലങ്ങളിൽ പോലും ശ്രദ്ധയോടെ മാത്രം പെരുമാറുക.
നിയമം ഇനിയുമെത്തിയിട്ടില്ല
എവിടെയൊക്കെ സി.സി.ടി.വി. വയ്ക്കാം വയ്ക്കാതിരിക്കാം എന്നതിനെക്കുറിച്ചൊക്കെ പ്രത്യേകമായി പ്രതിപാദിക്കുന്ന നിയമങ്ങളൊന്നും നമ്മുടെ രാജ്യത്ത് നിലവിൽ ഇല്ല. സി.സി.ടി.വി.യും സ്വകാര്യതയും തമ്മിൽ വലിയ ബന്ധമുള്ളതിനാൽ പൊതുഇടങ്ങളിൽ ഇവ വിവേചനമില്ലാതെ ഉപയോഗിക്കുന്നത് ചർച്ചാവിഷയവുമാണ്.
സ്വന്തം വീടിന്റെ മുന്നിൽ വെയ്ക്കുന്ന കാമറ അടുത്ത വീട്ടുകാരന്റെ വരാന്തയിൽ വരെയുള്ള ചിത്രങ്ങൾ ഒപ്പിയെടുക്കുന്നത് ചിലയിടങ്ങളിലെങ്കിലും പരാതിക്കിടയാക്കാറുണ്ട്. എന്നാൽ ഇക്കാര്യങ്ങളിലെല്ലാം നിയമങ്ങൾ വളരെ സങ്കീർണ്ണമാണ്. നമ്മുടെ സ്വകാര്യതയെ പ്രതികൂലമായി ബാധിക്കുന്നിടത്താണ് പ്രശ്നങ്ങളുണ്ടാകുക. പൊലീസിൽ പരാതിപ്പെട്ടാൽ കാമറ മാറ്റിയ്ക്കുമെന്നല്ലാതെ മറ്റ് നടപടികൾക്കൊന്നും നിയമമില്ലെന്നതാണ് വസ്തുത.
പ്രത്യേകം ഒരു നിയമം ഇല്ലെങ്കിലും പൊതുവേ സർവലൈൻസ് കാമറകൾ ഫിറ്റ് ചെയ്തിടത്തൊക്കെ 'നിങ്ങൾ കാമറയുടെ നിരീക്ഷണത്തിലാണ് ' തുടങ്ങിയ മുന്നറിയിപ്പ് ബോർഡുകൾ വയ്ക്കണമെന്ന് നിർദ്ദേശിക്കാറുണ്ട്. ഇത് കുറ്റവാളികളെ കുറ്റം ചെയ്യുന്നതിൽ നിന്നും പിന്തിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാത്രം ഉള്ളവയല്ല. മറിച്ച് തന്നെ മറ്റാരും നിരീക്ഷിക്കുന്നില്ലെന്ന തെറ്റിദ്ധാരണയോടെ സംഭവിക്കുന്ന സ്വകാര്യതാലംഘനങ്ങൾ ഒഴിവാക്കാൻ കൂടി വേണ്ടിയാണ്.
ഒളിപ്പിച്ച് വയ്ക്കാവുന്ന കാമറകൾ
സാധാരണ ഹോട്ടൽ മുറിയിൽ കയറിയാൽ നാം സി.സി. ടി.വി.കാമറയുണ്ടോയെന്ന് കണ്ണോടിച്ച് നോക്കാറുണ്ട്. എന്നാൽ നമുക്ക് പരിചിതമല്ലാത്ത കാമറകളാണ് നമ്മുടെ സ്വകാര്യതകൾ ചിത്രീകരിച്ച് ദുരുപയോഗം ചെയ്യാൻ ഉപയോഗിക്കുക. അവയിൽ ചിലത് ഇവയാണ്.
ബൾബ് കാമറ
കാണുമ്പോൾ സാധാരണ ബൾബിനെപ്പോലെത്തന്നെ ഇരിക്കുന്നതും ഇരുട്ടത്ത് പോലും കാര്യങ്ങൾ കാണാനും രേഖപ്പെടുത്താനും കഴിയുന്നതുമായ അഡ്വാൻസ്ഡ് കാമറയാണിത്. അപ്പുറത്തിരിക്കുന്ന ആൾക്ക് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് കാര്യങ്ങൾ നിയന്ത്രിക്കാനുള്ള സംവിധാനവും ഇതിൽക്കാണും. ഇതിൽ കിട്ടുന്ന ചിത്രങ്ങൾ ഹൈ ഡെഫിനിഷ്യൻ ഗുണനിലവാരത്തോടെ കിട്ടുന്നതായിരിക്കും.ഇത് പലതരത്തിലും ദുരുപയോഗം ചെയ്യാനും ലൈംഗികചുവയുള്ളവ വിൽപന നടത്തി വൻതുക നേടാനും ശ്രമിച്ചെന്ന് വരാം.
പേന കാമറ
പേനയുടെ അഗ്രഭാഗത്ത് പിടിപ്പിച്ചിരിക്കുന്ന കാമറകൾ പെട്ടെന്ന് തിരിച്ചറിയാനാവില്ല. മുറിയിൽ മേശപ്പുറത്ത് പെൻസ്റ്റാൻഡിലോ, ചെറിയ കപ്പിലോ വെച്ചിരിക്കുന്ന മൂന്നും നാലും പേനകളിൽ ഒരെണ്ണത്തിൽ സർവതും ഒപ്പിയെടുക്കുന്ന കാമറയുണ്ടാകും. പറയുന്ന കാര്യങ്ങൾ പോലും ഇത്തരം ക്യാമറകൾ റെക്കോഡ് ചെയ്യും. വൻ അപകടകാരികളാണ് ഇത്തരം ക്യാമറകൾ.
ബട്ടൺ കാമറ
ഷർട്ടിന്റെ ബട്ടൺ ഹോളിനുള്ളിൽ തിരുകിവയ്ക്കാവുന്നതരം കാമറയാണിത്. ഒളികാമറകളുടെ ആദ്യ തലമുറയിൽ പെട്ടതാണിത്. മുൻപിലിരിക്കുന്ന ആൾ പറയുന്ന കാര്യങ്ങൾ അയാളറിയാതെ റെക്കോഡ് ചെയ്യുന്ന ഇത്തരം കാമറകളും പെൻ കാമറകളുമെല്ലാം സാധാരണയായി പൂപ്പാത്രങ്ങളിലും കർട്ടനുകളുടെ അറ്റത്തുമെല്ലാം പിടിപ്പിച്ച് വെയ്ക്കാറുണ്ട്.
ടേബിൾ ക്ലോക്ക് കാമറ
കണ്ടാൽ ടേബിൾ ക്ളോക്ക് നിരുപദ്രവമെന്ന് കരുതാമെങ്കിലും ഇതിലും കാമറയ്ക്ക് സ്കോപ്പുണ്ടെന്നറിയണം. ഇതും റിമോട്ട് കൺട്രോൾ വഴി നിയന്ത്രിക്കാൻ സാധിക്കും.
കീ ചെയിൻ കാമറ
കീച്ചെയിനിന്റെ രൂപത്തിലിരിക്കുന്ന കാമറയാണിത്. കണ്ടാൽ പെട്ടെന്ന് തിരിച്ചറിയാനാവില്ല. ഒരിക്കൽ മുഴുവനായി ചാർജ് ചെയ്താൽ മണിക്കൂറുകൾ വരെ കിട്ടുന്ന തരം കാമറകളുണ്ട്. ഫോട്ടോകളും വീഡിയോകളും എടുക്കാം.
ഒളികാമറകളെ കണ്ടെത്തി തടയാൻ രണ്ട് മാർഗ്ഗങ്ങൾ
ഒളികാമറകളെ പ്രതിരോധിക്കാൻ ചില മാർഗങ്ങളുണ്ട്.
1. വയർലെസ് കാമറ ഡിറ്റക്ടർ
ഓൺലൈനിൽ നിന്നോ ഇലക്ട്രോണിക് സ്റ്റോറുകളിൽ നിന്നോ ഇവ വാങ്ങാൻ കിട്ടും. ഇവ ഉപയോഗിച്ച് മുറിക്കുള്ളിൽ ഒളിപ്പിച്ചിരിക്കുന്ന കാമറ കണ്ടെത്താം.
2. സെൽഫോൺ ഉപയോഗിക്കാം
സ്പീക്കറുകൾക്കടുത്തൊക്കെ നിന്ന് സംസാരിക്കുമ്പോൾ മൂളൽ പോലെ ഫോണിൽ ഒരു പ്രത്യേക ശബ്ദം കേൾക്കാറില്ലേ. ഇതേ വിദ്യ ഇവിടെയും പ്രായോഗികമാണ്. കാമറ ഉള്ളിടത്ത് ശക്തമായ വൈദ്യുതകാന്തികമണ്ഡലം കാണും. ഇങ്ങനെയുള്ളിടത്തു നിന്ന് ഫോണിൽ സംസാരിക്കുമ്പോൾ ഇതേ രീതിയിലുള്ള ശബ്ദം കേൾക്കാൻ സാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |