SignIn
Kerala Kaumudi Online
Friday, 20 September 2024 3.37 AM IST

മദ്യം, ആത്മഹത്യ , പെരുമയ്‌ക്ക് പോറൽ ഏല്ക്കുമ്പോൾ...

Increase Font Size Decrease Font Size Print Page
photo

കൊല്ലം കണ്ടവന് ഇല്ലം വേണ്ടെന്ന ചൊല്ലിനെ കൊല്ലത്തുകാർ ഇക്കുറി മദ്യത്തിലൂടെയാണ് അന്വർത്ഥമാക്കിയത്. ഓണം ആഘോഷിക്കാൻ കൊല്ലത്തുകാർ ഒറ്റ ദിവസം 1.06 കോടിയുടെ മദ്യം കുടിച്ച് സംസ്ഥാനത്ത് റെക്കോർഡിട്ടു. ഉത്രാടദിനത്തിൽ സംസ്ഥാനത്ത് 117 കോടി രൂപയുടെ മദ്യം വിറ്റഴിച്ചപ്പോൾ ഏറ്റവും കൂടുതൽ വില്പന നടന്നത് കൊല്ലം ആശ്രാമത്തെ ഔട്ട്ലറ്റിലാണ്. 1.06 കോടി രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. ഒരുകോടിയിലേറെ വില്പന നടന്ന ഇരിങ്ങാലക്കുട, ചേർത്തല കോർട്ട് ജംഗ്ഷൻ, പയ്യന്നൂർ എന്നിവിടങ്ങളെയാണ് കൊല്ലം പിന്നിലാക്കിയത്. ആശ്രാമത്തെ ബിവറേജ് ജീവനക്കാർ കേക്ക് മുറിച്ചാണ് ഇത് ആഘോഷിച്ചത്. മയക്കുമരുന്ന് ഉപഭോഗം കൂടിയപ്പോൾ മദ്യത്തിന്റെ ഉപഭോഗം കുറഞ്ഞെന്ന് കണക്കിലൂടെ കാര്യം നിരത്തിയവരെയും ഇത് അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

കൊല്ലം പെരുമയ്‌ക്ക് മങ്ങലേൽപ്പിച്ച മദ്യ ഉപഭോഗക്കണക്ക് വന്ന ദിവസം പുറത്തുവന്ന മറ്റൊരു കണക്കും ആശങ്കപ്പെടുത്തുന്നതാണ്. 2021ലെ ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടക്കുന്നതും കൊല്ലത്താണത്രെ. ജനസംഖ്യയിൽ ഒരു ലക്ഷം പേരിൽ എത്ര ആത്മഹത്യ നടക്കുന്നുവെന്നതിനെ ആസ്പദമാക്കിയാണ് ആത്മഹത്യാ നിരക്ക് കണക്കാക്കുന്നത്. അങ്ങനെ നോക്കുമ്പോൾ കൊല്ലത്ത് 43.9 ശതമാനമാണ് ആത്മഹത്യാ നിരക്ക്. 11.1 ലക്ഷമാണ് കൊല്ലം നഗര പ്രദേശത്തെ ജനസംഖ്യ. 2021 ൽ 487 പേരാണ് കൊല്ലത്ത് ജീവനൊടുക്കിയത്. ആത്മഹത്യാ നിരക്കിൽ കൊല്ലത്തിന് തൊട്ടുപിന്നിൽ പശ്ചിമ ബംഗാളിലെ അസൻസോൾ നഗരമാണ്. ഇവിടെ 38.5 ശതമാനമാണ് ആത്മഹത്യാ നിരക്ക്. കഴിഞ്ഞ വർഷം ഒരു ലക്ഷത്തോളം പേരാണ് രാജ്യത്ത് ആത്മഹത്യ ചെയ്തത്.

ആശങ്കപ്പെടുത്തുന്ന

കണക്കുകൾ


മദ്യ ഉപഭോഗത്തിലും ആത്മഹത്യയിലും കൊല്ലം റിക്കാർഡിടുമ്പോൾ ഇവ രണ്ടും പരസ്പരപൂരകങ്ങളായി മാറുന്നുവെന്ന ഞെട്ടിക്കുന്ന വിവരമാണ് ആരോഗ്യപ്രവർത്തകരും മന:ശാസ്ത്രജ്ഞരും പങ്ക് വയ്ക്കുന്നത്. മനുഷ്യരെ ആത്മഹത്യയിലേക്ക് നയിക്കുന്നതിന്റെ പ്രധാനകാരണങ്ങളിലൊന്ന് അമിതമായ മദ്യം, മയക്കുമരുന്ന് ഉപയോഗമാണ്. കഞ്ചാവ്, കറുപ്പ്, ലഹരിഗുളികകൾ തുടങ്ങിയവയുടെ ഉപഭോഗം വൻതോതിൽ ഉയർന്നതോടെ മദ്യത്തിന്റെ ഉപയോഗം ഗണ്യമായി കുറഞ്ഞെന്നാണ് ആരോഗ്യവിദഗ്ധനും ആസൂത്രണ ബോർഡ് മുൻ അംഗവുമായ ഡോ. ബി.ഇക്ബാൽ സമൂഹമാദ്ധ്യമങ്ങളിൽ അടുത്തിടെ കണക്കുകൾ സഹിതം പോസ്റ്റിട്ടത്. ഇക്കുറി ഓണത്തിന് 4500 കോടി കടമെടുത്ത സർക്കാരിന് അല്പമെങ്കിലും ആശ്വാസമേകിയത് മദ്യമാണ്. മദ്യപന്മാർ 'സഹായിച്ചതിനാൽ' ഔരാഴ്ചയ്ക്കിടെ 624 കോടിയുടെ മദ്യമാണ് ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലറ്റുകളിലൂടെ വിറ്റഴിച്ചത്.

കഴിഞ്ഞ വർഷം ഇത് 529 കോടിയായിരുന്നു. ഇക്കുറി മദ്യവിൽപ്പനയിൽ നിന്ന് 560 കോടിയാണ് നികുതിയിനത്തിൽ സർക്കാർ ഖജനാവിലെത്തിയത്. തിരുവോണ ദിവസം ബവ്കോ ഔട്ട്ലറ്റുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നില്ലെങ്കിൽ കണക്ക് ഇനിയും കുതിച്ചുയർന്നേനെ.

ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ഓരോ വർഷവും കൂടുകയാണ്. 2020 ൽ 1.53 ലക്ഷം പേരാണ് ആത്മഹത്യ ചെയ്തതെങ്കിൽ കഴിഞ്ഞ വര്‍ഷം 1.64 ലക്ഷം പേർ ആത്മഹത്യ ചെയ്തു. സംസ്ഥാനങ്ങളുടെ കണക്കുകളനുസരിച്ച് മഹാരാഷ്ട്രയിലാണ് കൂടുതൽ ആത്മഹത്യകൾ നടന്നത്. 22,207 പേരാണ് മഹരാഷ്ട്രയിൽ ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

കുടുംബപ്രശ്‌നങ്ങളാണ് മിക്ക ആത്മഹത്യയ്ക്കും കാരണം. കേരളത്തിൽ കൂട്ട ആത്മഹത്യകളുടെ എണ്ണം വർദ്ധിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കേരളത്തിൽ കഴിഞ്ഞ വർഷം 12 കൂട്ടആത്മഹത്യയാണ് നടന്നത്. ഇതിൽ 26 പേർ മരിച്ചു. കൂട്ട ആത്മഹത്യകളുടെ ലിസ്റ്റിൽ കേരളം നാലാമതാണ്. തമിഴ്‌നാടാണ് ഒന്നാമത്. സംസ്ഥാനത്ത് ഒരു വർഷത്തിനിടെ ആത്മഹത്യാ നിരക്കിൽ 12 ശതമാനം വർദ്ധനയുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. ദേശീയ ശരാശരിയേക്കാൾ നാലിരട്ടിയാണിത്. 2019- 20 ൽ 8500 പേരാണ് സംസഥാനത്ത് ജീവനൊടുക്കിയത്. 2020- 21 ൽ ഇത് 9549 ആയെന്നാണ് ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്ക്. തൊഴിലില്ലായ്മ മൂലം 1654 പേരാണ് സംസ്ഥാനത്ത് ജീവനൊടുക്കിയത്. കൊവിഡ് സൃഷ്ടിച്ച സാമൂഹിക, സാമ്പത്തിക, മാനസിക സമ്മർദ്ദം ജനനങ്ങളെ ബാധിച്ചുവെന്നാണ് മാനസികാരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കുടുംബ പ്രശ്നങ്ങളാൽ 47.7 ശതമാനം പേരും അനാരോഗ്യം മൂലം 21 ശതമാനം പേരും ജീവനൊടുക്കി.

രോഗം, തൊഴിലില്ലായ്മ, ദാമ്പത്യ ബന്ധങ്ങളിലെ പ്രശ്നങ്ങൾ, ലഹരി ഉപയോഗം തുടങ്ങിയവ മൂലം നിരവധിപേർ ജീവനൊടുക്കി. മാനസിക സംഘർഷം കുറയ്ക്കാനാണ് പലരും മദ്യത്തിനും മയക്കു മരുന്നുകൾക്കും അടിമയാകുന്നത്. ഇത് മിഥ്യാധാരണയാണെന്ന് മാത്രമല്ല, ആരോഗ്യം നശിപ്പിക്കുകയും ചെയ്യുന്നു.

കൊല്ലത്തെ ആത്മഹത്യാനിരക്ക് ആശങ്കാജനകമാം വിധം ഉയർന്നതോടെ ജനങ്ങളുടെ മാനസികാരോഗ്യം ഉയർത്തുന്ന കർമ്മപദ്ധതിക്ക് രൂപം നൽകുമെന്ന് കൊല്ലം ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നോഡൽ ഓഫീസറായ ഡോ. സാഗർ ടി. തേവലപ്പുറം പറഞ്ഞു. ഇതുസംബന്ധിച്ച ബോധവത്ക്കരണ പരിപാടിയുമായി ഓരോ വീട്ടിലും എത്തുന്ന കർമ്മപദ്ധതിയാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം അറിയിച്ചു. മദ്യത്തിന്റെയും ആത്മഹത്യയുടെയും ഞെട്ടിക്കുന്ന കണക്കുകൾ ഉയർത്തുന്ന ആശങ്കയിൽനിന്ന് എങ്ങനെ രക്ഷനേടാമെന്ന ചിന്തയിലാണ് കൊല്ലത്തുകാർ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KOLLAM DIARY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.