വർക്കല: വർക്കലയിൽ വൃദ്ധനെ വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്ന് പേരെ വർക്കല പെലീസ് അറസ്റ്റ് ചെയ്തു.കുപ്രസിദ്ധ കുറ്റവാളി കുരയ്ക്കണ്ണി ഗുലാബ് മൻസിലിൽ ഫാന്റം പൈലി എന്ന ഷാജി (40),പാങ്ങോട് നാല് സെന്റ് കോളനിയിൽ നൗഫൽ മൻസിലിൽ ഉമ്മർ (18), പെരിങ്ങമല അമ്മുകുട്ടി സദനത്തിൽ അശ്വിൻ (23) എന്നിവരാണ് അറസ്റ്റിലായത്.
കൃത്യത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ കൊല്ലം റെയിൽവേസ്റ്റേഷനിൽ നിന്നാണ് പിടികൂടിയത് . കഴിഞ്ഞദിവസം രാത്രി കുരയ്ക്കണ്ണി അമിന മൻസിലിൽ ഹാഷിം (64)നെ വെട്ടിപരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. ഹാഷിമിന്റെ സഹോദരിയുടെ മംഗ്ലാവ് മുക്കിലെ വീടായ മുനാ മൻസിലിനു മുന്നിലാണ് സംഭവം നടന്നത്. ബൈക്കിൽ എത്തിയ പ്രതികൾ വീടിനു മുന്നിൽ ബഹളം വയ്ക്കുന്നത് ചോദ്യം ചെയ്തതിൽ പ്രകോപിതരായാണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഹാഷിം ഇപ്പോഴും ആശുപത്രി ചികിത്സയിലാണ്. വർക്കല എസ്.എച്ച്.ഒ എസ്.സനോജ്, എസ്.ഐ രാഹുൽ ആർ.എസ് എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വിവിധ സ്റ്റേഷനുകളിലായി നൂറിൽപ്പരം കേസുകളുളള ഫാന്റം പൈലിയെ ഗുണ്ടാനിയമ പ്രകാരം തടങ്കലിൽ ആക്കുന്നതിനുളള നടപടികൾ സ്വീകരിക്കുമെന്ന് വർക്കല എസ്.എച്ച്.ഒ എസ്.സനോജ് പറഞ്ഞു.