SignIn
Kerala Kaumudi Online
Tuesday, 07 February 2023 6.52 AM IST

മിതാഹാരം, മീൻകറി മസ്റ്റ്, രാഹുൽ ഹാപ്പി

rahul

തിരുവനന്തപുരം: ചൂട് ചായ കുടിച്ചാണ് രാവിലെ ഏഴിന് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയ്‌ക്കിറങ്ങുന്നത്. ചായയ്‌ക്കൊപ്പം രണ്ടു ബിസ്‌കറ്റും കഴിച്ച് പദയാത്ര ആരംഭിക്കുന്ന പോയിന്റിലേക്ക് വണ്ടികയറും. രാവിലത്തെ മൂന്നു മണിക്കൂർ നടത്തത്തിനിടെ ആദ്യ ഒരു മണിക്കൂർ പിന്നിടുമ്പോൾ വഴിയിൽ കാണുന്ന ഹോട്ടലിലേക്ക് കയറും. ചായയ്‌ക്കൊപ്പം ഉഴുന്നുവട കഴിക്കാനാണ് ഇഷ്‌ടം. മസാലദോശയുണ്ടെങ്കിൽ സന്തോഷം. വിശ്രമസ്ഥലത്ത് എത്തുമ്പോൾ കൂടെയുള്ളവർ കഴിക്കുന്ന ആഹാരം തന്നെയാണ് രാഹുലും കഴിക്കുന്നത്. കേരളത്തിലേക്ക് കടന്നശേഷം ദോശ,ഉപ്പുമാവ്, ഇഡ്ഢലി തുടങ്ങിയവയാണ് പ്രഭാതഭക്ഷണം.

ഉച്ചയ്‌ക്ക് ചോറിന് മീൻകറി നിർബന്ധം. കേരള നെയ്മീൻ കറിയോട് പണ്ടേ താത്പര്യമാണ്. കോഴിക്കോടെത്തിയാൽ പാരഗണിലെ നെയ്‌മീൻ കറി രാഹുൽ സ്ഥിരം കഴിക്കാറുണ്ട്. ഇത് അറിയാവുന്ന സംഘാടകർ കഴിഞ്ഞദിവസങ്ങളിൽ ഉച്ച ഭക്ഷണത്തിനൊപ്പം മീൻകറി ഒരുക്കിയിരുന്നു. രാത്രി ആഹാരം റൊട്ടിയോ പനീറോ ആയിരിക്കും. മീൻകറി ഒഴിച്ചുനിറുത്തിയാൽ സസ്യാഹാരങ്ങളാണ് കൂടുതലും കഴിക്കുകയെന്ന് ഫുഡ് കമ്മിറ്രി ഭാരവാഹികൾ പറഞ്ഞു. ഇടയ്‌ക്കിടെ ആപ്പിൾ ജ്യൂസ്, മിന്റ് ലൈം അടക്കമുളള ശീതളപാനീയങ്ങൾ കുടിക്കും. ഐസ് അല്‌പം കൂടുതലിടുന്നതാണ് ഇഷ്‌ടം. ഓറ‌‌ഞ്ചും മുന്തിരിയുമടക്കമുളള പഴവർഗങ്ങളും ഇടവേളകളിൽ കഴിക്കാറുണ്ട്. എന്തായാലും മിതമായി മാത്രം.

ആവേശത്തേരിൽ നേതാക്കൾ

കോളേജ് പഠനകാലത്ത് വോളിബാൾ കളിക്കാരനായിരുന്ന കെ.സി. വേണുഗോപാൽ അതേ സ്‌പോർട്‌സ്‌മാൻ സ്‌പിരിറ്റിലാണ് കന്യാകുമാരി മുതൽ രാഹുലിനൊപ്പം നടക്കുന്നത്. തടിയൊന്ന് കുറഞ്ഞതായി പലരും പറയുന്നുണ്ട്. ഇന്നലെ രാവിലെ മുതൽ കടുത്ത ചെവിവേദനയായിരുന്നു. ഇതോടെ മുന്നിലെ അനൗൺസ്‌മെന്റ് വാഹനങ്ങൾ കഴിവതും മൈക്ക് ഓഫ് ‌ചെയ്‌താണ് കടന്നുപോയത്. തിങ്കളാഴ്‌ച വൈകിട്ട് യാത്രയ്‌ക്കിടെ കാൽ ചെറുതായി ഉളുക്കിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനൗൺസ്‌മെന്റ് വാഹനത്തിൽ കയറിയാണ് അവസാന പോയിന്റിലേക്ക് പോയത്. ഇന്നലെ രാവിലത്തെ യാത്രയിൽ പങ്കെടുക്കാതെ വിശ്രമമെടുത്തു. ആവേശമടക്കാൻ സാധിക്കാത്തതിനാൽ വൈകിട്ടോടെ യാത്രയിൽ പങ്കാളിയായി. രാവിലത്തെ സ്ഥിരം യോഗയും വ്യായാമവും കഴിഞ്ഞാണ് കെ.സുധാകരൻ പദയാത്രയ്‌ക്കെത്തുന്നത്. അടുത്തിടെയുണ്ടായ ശാരീരിക ബുദ്ധിമുട്ടുകൾ മാറ്റിവച്ച് പരമാവധി ദൂരം രമേശ് ചെന്നിത്തല രാഹുലിനൊപ്പം നടക്കുന്നുണ്ട്. ഒരുനിമിഷം പോലും മാറിനിൽക്കാതെ നടക്കുന്നത് കെ.മുരളീധരനാണ്. കൊവിഡ് വന്നില്ലായിരുന്നെങ്കിൽ ഇതിലും സ്‌പീഡിൽ മുരളി നടക്കുമായിരുന്നുവെന്നാണ് അദ്ദേഹത്തെ അടുത്തറിയുന്നവർ പറയുന്നത്.

കെ-റെയിലിന്റെ ആവശ്യമില്ല: രാഹുൽ

കേരളത്തിൽ കെ -റെയിലിന്റെ ആവശ്യമില്ലെന്ന് രാഹുൽഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കെ-റെയിൽ വിരുദ്ധ സമിതി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്കു ശേഷമായിരുന്നു രാഹുലിന്റെ ട്വീറ്റ്. കെ-റെയിലിനെക്കാൾ നിരക്ക് കുറഞ്ഞതും മികച്ചതുമായ ഗതാഗത പദ്ധതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ-റെയിൽ വന്നാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെപ്പറ്റി സമരസമിതി നേതാവ് എം.പി. ബാബുരാജ് വിശദീകരിച്ചു. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, കൊടിക്കുന്നിൽ സുരേഷ്, ജയറാം രമേശ് തുടങ്ങിയവർ പങ്കെടുത്തു.

തൊഴിലുറപ്പ് മേഖലയിൽ സമഗ്ര മാറ്റം വേണം

തൊഴിലുറപ്പ് മേഖലയിൽ സമഗ്ര മാറ്റം വരുത്തേണ്ട സമയമായെന്നും വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതിയാണ് അടുത്ത ഘട്ടമായി നടത്തേണ്ടതെന്നും രാഹുൽഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ഇടവേളയിൽ ഇന്നലെ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി പ്രതിനിധികളുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം.

കൂടുതൽ തൊഴിൽ അവസരങ്ങളുണ്ടാക്കാൻ കോൺഗ്രസ് സ‌ർക്കാർ ആവിഷ്കരിച്ചതാണ് തൊഴിലുറപ്പ് പദ്ധതി. ക്ഷീരകർഷകരടക്കം മറ്റു തൊഴിൽ വിഭാഗങ്ങളെയും ഈ മേഖലയിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതുതായി വരുത്തിയ മാറ്റങ്ങൾ കാരണം തൊഴിൽ ദിനങ്ങൾ കുറഞ്ഞതായി തൊഴിലാളി പ്രതിനിധികൾ അറിയിച്ചു. ഇപ്പോൾ രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് ജോലി സമയം. ഇത് 10 മുതൽ 4 വരെയാക്കണം. ഒരു പഞ്ചായത്തിൽ ഒരു ദിവസം ആകെ തൊഴിലുകൾ 20 ആക്കി. ഇതുമൂലം 100 ദിവസത്തെ തൊഴിൽ ഒരു വർഷം കിട്ടുന്നില്ല.വേതനം കൃത്യമായി കിട്ടാനുള്ള ഇടപെടലാണ് വേണ്ടതെന്നും അവർ പരഞ്ഞു. കെ.സി.വേണുഗോപാൽ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പി.സി.വിഷ്ണുനാഥ് എം.എൽ.എ എന്നിവരും പങ്കെടുത്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: RAHUL
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.