SignIn
Kerala Kaumudi Online
Saturday, 27 April 2024 10.01 AM IST

ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് ഹൃദയം തുറന്ന് കൊല്ലത്തിന്റെ വരവേല്പ്

കൊല്ലം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ കൊല്ലം ഇന്ന് ഹൃദയം തുറന്ന് വരവേൽക്കും. ജാഥയെ വരവേൽക്കാനുള്ള ഒരുക്കത്തിൽ ജില്ലയിലൊന്നാകെ ഉത്സവ പ്രതീതിയാണ്. ദേശീയപാതകൾ മുതൽ ചെറുഇടവഴികളിൽ വരെ രാഹുൽഗാന്ധിയുടെ ചിത്രം പതിച്ച പ്രചാരണ ബോർഡുകളും ത്രിവർണ പതാകളും നിറഞ്ഞു.

ജില്ലയൊന്നാകെ ഇങ്ങനെ ആവേശത്തിമിർപ്പിലായ നാൾ ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ഗതാഗത കുരുക്ക് ഒഴിവാക്കാൻ രാവിലെയുള്ള പദയാത്രയിൽ അനുഗമിക്കുന്ന പ്രവർത്തകരുടെ എണ്ണം കോൺഗ്രസ് നേതൃത്വം തന്നെ നിയന്ത്രിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം പതിനായിരങ്ങൾ അനുഗമിക്കും. ഇതോടെ ദേശീയപാത ത്രിവർണക്കടലായി മാറും. വഴിവക്കിൽ കാത്തുനിൽക്കുന്ന തൊഴിലാളികളുമായി രാഹുൽഗാന്ധി അല്പനേരം സംവദിക്കാനും സാദ്ധ്യതയുണ്ട്.

ഗുരുദേവന്റെ അനുഗ്രഹം വാങ്ങി ജില്ലയിലേക്ക്

പുലർച്ചെ ശിവഗിരി സന്ദർശിച്ച ശേഷമാകും രാഹുൽഗാന്ധി ജില്ലയിലേക്കുള്ള യാത്ര തുടങ്ങുക. രാവിലെ നാവായിക്കുളത്ത് നിന്നുള്ള യാത്ര ആരംഭിക്കുന്നതിന് മുമ്പാണ് ശിവഗിരി സന്ദർശനം.

ആവേശക്കൊടിമുടിയിൽ കോൺഗ്രസ് പ്രവർത്തകർ

ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരൊന്നാകെ ആവേശത്തിമിർപ്പിലാണ്. സമീപകാലത്തെങ്ങും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള ആവേശത്തിലാണ് ജോഡോ യാത്രയുടെ പ്രചാരണ പ്രവർത്തനങ്ങൾ അടിത്തട്ട് വരെയുള്ള പ്രവർത്തകർ ഏറ്റെടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ നേതാക്കളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് രാഹുലിനെ അനുഗമിക്കുന്ന വൻ ജനക്കൂട്ടമെത്തുമെന്നാണ് സൂചന.

നൃത്തമേളങ്ങളും കശുഅണ്ടി തല്ലലും

മോഹിനിയാട്ടം, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെയാകും പാരിപ്പള്ളി മുക്കടയിൽ ജോഡോ യാത്രയെ വരവേൽക്കുക. കടന്നുപോകുന്ന വഴികളിൽ വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ തിരുവാതിര, കളരിപ്പയറ്റ്, ഭരതനാട്യം തുടങ്ങിയ കലാരൂപങ്ങളും അണിയിച്ചൊരുക്കിയിട്ടുണ്ട്. യാത്രയിലുള്ളവർക്ക് കാണാൻ കഴിയുന്ന വിധം പ്രത്യേകം ഉയർത്തി നിർമ്മിച്ച തട്ടുകളിലാകും കലാപരിപാടികളുടെ അവതരണം. മേവറം ജംഗ്ഷനിലെ ഡിവൈഡറിൽ കശുഅണ്ടി തൊഴിലാളികൾ ചേർന്ന് കശുഅണ്ടി തല്ലിയാകും വരവേൽക്കുക. രാഹുൽ ഗാന്ധി അല്പനേരം തൊഴിലാളികളുമായി സംവദിക്കാനും സാദ്ധ്യതയുണ്ട്. ജില്ലയുടെ പരമ്പരാഗത തൊഴിലിനെക്കുറിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള കോൺഗ്രസ് നേതാക്കളെ അറിയിക്കാനാണ് ഇങ്ങനെയൊരു ക്രമീകരണം.

എങ്ങും രാഹുൽ മാത്രം

സാധാരണ കോൺഗ്രസിന്റെ പ്രചാരണ ബോർഡുകളിൽ നേതാക്കളുടെ പ്രളയമാണ്. എന്നാൽ ജോഡോ യാത്രയുടെ പ്രചാരണബോർഡുകളിൽ രാഹുൽ ഗാന്ധിയുടെ ചിത്രം മാത്രമാണുള്ളത്.

ഇങ്ങനെയൊരു യാത്ര ആദ്യം

ഒരു ദേശീയനേതാവ് കൊല്ലത്തിന്റെ ഹൃദയത്തിലൂടെ പൂർണമായും നടന്നുനീങ്ങുന്നത് ആദ്യമാണ്. ഒരു പാർട്ടിയുടെ ദേശീയ നേതാക്കൾ ഒന്നടങ്കം എത്തുന്നതും ജില്ലയുടെ ആദ്യത്തെ അനുഭവമാണ്. ഒരു യാത്രയെ പാതയോരങ്ങളിലെല്ലാം കലാരൂപങ്ങളും പരമ്പരാഗത തൊഴിൽ അവതരണങ്ങളും ഒരുക്കിയുള്ള വരവേൽപ്പും ഇതിന് മുമ്പ് ജില്ല കണ്ടിട്ടില്ല.

പഴുതടച്ച സുരക്ഷ

ദേശീയപാതയിലൂടെ നീങ്ങുമ്പോൾ രാഹുൽഗാന്ധിക്ക് ചുറ്റും സി.ആർ.പി.എഫ് സംഘങ്ങളുണ്ടാകും. കടന്നുപോകുന്ന വഴികളിലെ സുരക്ഷയ്ക്കായി പൊലീസും സി.ആർ.പി.എഫും ചേർന്നും പ്രത്യേക പദ്ധതി തന്നെ തയ്യാറാക്കിയിട്ടുണ്ട്. ഇന്റലിജന്റ്സ് ബ്യൂറോയിലെ ഉദ്യോഗസ്ഥരും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ രഹസ്യനിരീക്ഷണം നടത്തുന്നുണ്ട്.

ജില്ലയിൽ നിന്ന് മൂന്ന് സ്ഥിരാംഗങ്ങൾ

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുൽഗാന്ധിക്കൊപ്പം 3517 കിലോ മീറ്റർ സഞ്ചരിക്കുന്ന 118 സ്ഥിരാംഗങ്ങളിൽ മൂന്ന് പേർ കൊല്ലത്തുകാരാണ്. പഞ്ചായത്ത് രാജ് സംഘട്ടൻ അഖിലേന്ത്യ ഭാരവാഹി ഡി. ഗീതാകൃഷ്ണൻ, സേവാദൾ ദേശീയ കമ്മിറ്റി അംഗം എം.എ. സലാം, യൂത്ത് കോൺഗ്രസ് നേതാവ് ജി. മഞ്ജുക്കുട്ടൻ എന്നിവരാണ് സ്ഥിരാംഗങ്ങൾ. ഇതിന് പുറമേ സംസ്ഥാനത്തിന്റെ പ്രതിനിധികളായി 20 ഓളം പേർ കേരളത്തിലുടനീളം സഞ്ചരിക്കുന്നുണ്ട്.

ഇന്ന് ഗതാഗത നിയന്ത്രണം

ജില്ലയിൽ ഭാരത് ജോഡോ യാത്ര കടന്നുപോകുന്ന പ്രദേശങ്ങളിൽ ഇന്ന് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. തിരുവനന്തപുരത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പാരിപ്പള്ളി, പരവൂർ, പൊഴിക്കര, താന്നി, ബീച്ച് റോഡ് വഴി പോകണം. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള വാഹനങ്ങൾ കൊല്ലം അയത്തിൽ, കണ്ണനല്ലൂർ, മീയണ്ണൂർ, ഓയൂർ, കുളമട വഴിയും പോകണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.