കൊച്ചി: ഓണം ബമ്പർ നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ ഓഫീസുകളിലും സുഹൃത് സംഘങ്ങളിലുമുള്ളവർ ഒത്തുചേർന്ന് 500 രൂപ ടിക്കറ്റ് വാങ്ങുന്നതാണ് ഇപ്പോൾ ട്രെൻഡ്. പിരിവിട്ട് ലോട്ടറി എടുത്തവർക്ക് ഒന്നാം സമ്മാനം അടിച്ച ചരിത്രമാണ് പ്രേരണ.
അങ്ങനെ ലോട്ടറി വാങ്ങുന്നതിന് നിയമപരമായി തടസങ്ങളൊന്നുമില്ലെങ്കിലും ലോട്ടറിയടിച്ചാൽ അവകാശത്തർക്കത്തിന് സാധ്യതയേറെ. ടിക്കറ്റ് കൈയിലുള്ള ആൾ ഉടമസ്ഥത അവകാശപ്പെട്ടാൽ പണം നൽകുകയല്ലാതെ ലോട്ടറി വകുപ്പിന് മറ്റു വഴിയില്ല.
പിരിവിട്ട് ലോട്ടറി എടുത്താൽ
എല്ലാവരും ടിക്കറ്റിന്റെ പിന്നിൽ പേരെഴുതി ഒപ്പിടണം
അല്ലെങ്കിൽ തുക കൈപ്പറ്റുന്നതിന് ഒരാളെ നിയോഗിക്കണം
സമ്മാനത്തുക വീതിച്ച് നൽകില്ല. പങ്കാളികൾ ജോയിന്റ് അക്കൗണ്ട് എടുക്കണം
രസീത് ഒരുമിച്ച് ഒപ്പിട്ട് വകുപ്പിൽ ഹാജരാക്കണം
കൈയിൽ കിട്ടുക 15.75 കോടി
25 കോടി ഒന്നാം സമ്മാനമടിച്ചാൽ 15.75 കോടി കൈയിൽ കിട്ടും. 10 ശതമാനമാണ് ഏജൻസി കമ്മിഷൻ-2.5 കോടി രൂപ. ഏജൻസി കമ്മിഷൻ കഴിച്ചുള്ള 22.5 കോടി രൂപയിൽ നിന്ന് 30 ശതമാനം(6.75കോടി) ആദായ നികുതി കിഴിക്കും.
5,000 രൂപ വരെയുള്ള സമ്മാനത്തുക ലോട്ടറി സ്റ്റാളിൽ നിന്ന് ലഭിക്കും. അതിനുമുകളിൽ ഒരു ലക്ഷം രൂപവരെയുള്ളതിന് ലോട്ടറി ഓഫീസുകളിലോ ലോട്ടറി ഡയറക്ടറേറ്റിലോ, ബാങ്കുകളിലോ സമീപിക്കണം. ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയ്ക്ക് ലോട്ടറി ഡയറക്ടറേറ്റിനെ സമീപിക്കണം.
നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനുള്ളിൽ ഒറിജിനൽ ടിക്കറ്റ്, ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാക്കണം. വൈകിയാൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |