മലയാളികൾക്ക് വളരെയേറെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് സിബി മലയിൽ. ഹിറ്റ് ചിത്രങ്ങൾക്കൊപ്പം പല നടന്മാരെയും താരങ്ങളാക്കി മാറ്റുന്നതിലും സിബി മലയിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം 'കൊത്ത്' എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് അദ്ദേഹം. മലയാളത്തിന്റെ സൂപ്പർ താരം പൃഥ്വിരാജുമായുള്ള പിണക്കത്തിന്റെ കഥ ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തുകയാണ് സിബി.
പൃഥ്വിരാജിനെ ഒരു ചിത്രത്തിൽ നിന്ന് മാറ്റിയതിന് പിന്നിലെ യഥാർത്ഥ കാരണമാണ് സിബി മലയിൽ വെളിപ്പെടുത്തിയത്. പൃഥ്വിരാജിന് തന്നോടുള്ള ദേഷ്യം ഒരിക്കലും മാറില്ലെന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. സിബി മലയിൽ സംവിധാനം ചെയ്ത 'അമൃതം' എന്ന ചിത്രത്തിൽ ജയറാമിന്റെ അനുജനായി പൃഥ്വിരാജിനെയായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് ഈ ചിത്രത്തിൽ നിന്നും പൃഥ്വിയെ ഒഴിവാക്കേണ്ടിവന്നു. ഇതാണ് പൃഥ്വിയ്ക്ക് തന്നോട് ദേഷ്യം തോന്നാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
'അമൃതം എന്ന സിനിമയിൽ ജയറാമിന്റെ അനിയനായി പൃഥ്വിരാജിനെയാണ് തീരുമാനിച്ചിരുന്നത്. ഞാൻ പൃഥ്വിരാജിനെ നേരിട്ട് പോയി കണ്ടിരുന്നില്ല. പ്രൊഡ്യൂസറും റൈറ്ററും കണ്ട് സംസാരിച്ച് തീരുമാനിക്കുകയായിരുന്നു. പിന്നീട് അദ്ദേഹം ചോദിക്കുന്ന പ്രതിഫലം കൂടുതലാണെന്ന് പ്രൊഡ്യൂസർമാർ പറഞ്ഞു. ഇക്കാര്യത്തിൽ എനിക്ക് ഇടപെടാൻ പറ്റില്ല, കഥാപാത്രത്തിന് നിങ്ങൾക്ക് എത്ര ബഡ്ജറ്റാണുള്ളതെന്ന് പൃഥ്വിയോട് പറയാൻ പറഞ്ഞു. അല്ലെങ്കിൽ വേറെ ഓപ്ഷൻ നോക്കാമെന്നും ഞാൻ പ്രൊഡ്യൂസർമാരെ അറിയിച്ചു. അവർ പൃഥ്വിയോട് സംസാരിച്ചെങ്കിലും ഒരു തീരുമാനത്തിലെത്തിയില്ല. അങ്ങനെയാണ് ആ കഥാപാത്രത്തിനായി അരുണിനെ തീരുമാനിച്ചത്. പൃഥ്വിരാജുമായി പ്രൊഡ്യൂസർമാർ എന്താണ് സംസാരിച്ചതെന്ന് എനിക്കറിയില്ല. പക്ഷെ ആ സിനിമയിൽ നിന്നും പൃഥ്വിരാജിനെ ഒഴിവാക്കിയത് ഞാനാണെന്നാണ് അദ്ദേഹം വിചാരിച്ചുവച്ചിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷമാണ് ഇക്കാര്യം ഞാൻ മനസിലാക്കിയത്. ഇപ്പോഴും ഞങ്ങൾക്കിടയിൽ അകൽച്ചയുണ്ട്. അത് മാറേണ്ട ഘട്ടങ്ങൾ കഴിഞ്ഞു. ഇനി മാറുമോ എന്നത് അറിയില്ല. പൃഥ്വിരാജിന് മികച്ച നടനുളള സംസ്ഥാന പുരസ്‌കാരം ലഭിക്കുന്നതിൽ നിർണായക പങ്കുവഹിച്ചതും ഞാനാണ്.'- സിബി മലയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |