SignIn
Kerala Kaumudi Online
Wednesday, 25 September 2024 12.13 PM IST

ഗവർണർ - സർക്കാർ രാഷ്ട്രീയപ്പോരിലെ അന്തർധാരകൾ

Increase Font Size Decrease Font Size Print Page

vivadavela

കേരള രാഷ്ട്രീയം നാളിതുവരെ കണ്ടിട്ടില്ലാത്തവണ്ണം ഗവർണറും സംസ്ഥാനസർക്കാരും തമ്മിൽ രാഷ്ട്രീയയുദ്ധം നടക്കുകയാണ്. ഈ വർഷത്തെ നയപ്രഖ്യാപനപ്രസംഗത്തിൽ അവസാനദിവസം വരെയും ഒപ്പിടാതെ വിലപേശൽ രാഷ്ട്രീയം കളിച്ച് ഗവർണർ സർക്കാരിനെ മുൾമുനയിൽ നിറുത്തി. രാജ്ഭവനിൽ ഗവർണറുടെ പേഴ്സണൽ സ്റ്റാഫിലേക്ക് ഒരാളെ നിയമിക്കണമെന്ന ആവശ്യത്തിൽ സംസ്ഥാന പൊതുഭരണ സെക്രട്ടറി ക്വറി അയച്ചതാണ് ആരിഫ് ഖാനെ പ്രകോപിപ്പിച്ചത്. കേന്ദ്രസർക്കാർ പാസാക്കിയതും പിന്നീട് പിൻവലിച്ചതുമായ വിവാദ കാർഷിക ബില്ലുകൾക്കെതിരെ പ്രമേയം പാസാക്കാൻ പ്രത്യേക സഭാസമ്മേളനം വിളിക്കാനുള്ള ശുപാർശ ആദ്യം നിരസിച്ചു ഗവർണർ. സംസ്ഥാനമന്ത്രിസഭയുടെ ഉപദേശനിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ ബാദ്ധ്യസ്ഥനായ ഗവർണർ ഇത് ചെയ്തത് ഭരണഘടനാവിരുദ്ധമായി. ഇത് ഗവർണർക്ക് തന്നെ ബോദ്ധ്യമായെന്ന് തോന്നുന്നു. രണ്ടാമത് മന്ത്രിസഭ ശുപാർശ ചെയ്തപ്പോൾ അദ്ദേഹം അതംഗീകരിച്ചു. അതിനും മുമ്പ് നയപ്രഖ്യാപനപ്രസംഗത്തിൽ പൗരത്വഭേദഗതിയുമായി ബന്ധപ്പെട്ട പരാമർശങ്ങൾ മന്ത്രിസഭ ഉൾച്ചേർത്തത് വായിക്കാനാവില്ലെന്ന നിലപാടെടുത്തു. എന്നാൽ പിന്നീട് അദ്ദേഹം വിയോജിപ്പ് സഭയ്ക്കകത്ത് പരസ്യമായി പ്രകടിപ്പിച്ചുകൊണ്ട് ആ ഭാഗം വായിച്ചു. ഇതെല്ലാം ഗവർണറുടെ രാഷ്ട്രീയനാടകമായും സർക്കാരുമായുള്ള ഒത്തുകളിയായും മാത്രം സംശയിച്ച പ്രതിപക്ഷം അദ്ദേഹത്തെ കടന്നാക്രമിക്കുകയാണുണ്ടായത്. കർഷകബിൽ വിഷയത്തിൽ ഗവർണറുടെ ആദ്യനിലപാടിനെതിരെ സഭ പ്രമേയം പാസാക്കണമെന്ന അന്നത്തെ പ്രതിപക്ഷത്തിന്റെ ആവശ്യം സർക്കാർ നിരസിച്ചത് അങ്ങനെ ചെയ്ത് ഏറ്റുമുട്ടലുണ്ടാക്കി ഭരണഘടനാപ്രതിസന്ധി വെറുതെ വരുത്തിവയ്ക്കേണ്ടെന്ന് ചിന്തിച്ചിട്ടായിരുന്നു. പ്രതിപക്ഷത്തിന് അത് പക്ഷേ രാഷ്ട്രീയായുധമായി. അവർ സർക്കാർ- ഗവർണർ ഒത്തുകളിയെന്ന ആക്ഷേപം കടുപ്പിച്ചു. അതുകൊണ്ട് പ്രത്യേകിച്ച് രാഷ്ട്രീയനേട്ടമൊന്നും പ്രതിപക്ഷത്തിനുണ്ടായില്ല. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അതിന് ഉദാഹരണമാണല്ലോ.

എന്നാൽ ഇന്നതല്ല രാഷ്ട്രീയസാഹചര്യം. ഗവർണർ നിരന്തരം സർക്കാരിനെ മൂക്കുകൊണ്ട് ക്ഷ, ണ്ണ വരപ്പിക്കുകയാണ്. മുൻകാലത്തേക്കാൾ അദ്ദേഹത്തിന്റെ പിടിവാശിയും രാഷ്ട്രീയക്കളിയും വർദ്ധിച്ചിരിക്കുന്നു എന്ന് ഇടതുമുന്നണിയും സി.പി.എമ്മും സംസ്ഥാന ഭരണനേതൃത്വവും തിരിച്ചറിയുന്നു. ബി.ജെ.പി ഇതര സംസ്ഥാനസർക്കാരുകളെ ഗവർണർമാരെ ഉപയോഗിച്ച് വരുതിയിലാക്കാൻ നോക്കുന്നുവെന്ന് ദേശീയതലത്തിൽ പ്രതിപക്ഷ കക്ഷികളുയർത്തുന്ന ആക്ഷേപങ്ങളിൽ ഉദാഹരിക്കപ്പെടുന്ന സംസ്ഥാനങ്ങളിലേക്ക് കേരളവുമെത്തപ്പെട്ടിരിക്കുന്നു. സി.പി.എമ്മും ഇടതുപക്ഷവും ഇതിനെ ആ രീതിയിൽ രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുന്നതിന് പിന്നിൽ രണ്ട് ലക്ഷ്യങ്ങളാണ്. ഒന്ന്, ഇപ്പോഴത്തെ രാഷ്ട്രീയവിവാദങ്ങളിൽ, പ്രത്യേകിച്ച് കഴിഞ്ഞ നിയമസഭാ സമ്മേളനം പാസാക്കിയ ലോകായുക്ത നിയമഭേദഗതി ബില്ലും സർവകലാശാലാ നിയമഭേദഗതി ബില്ലും ഒപ്പിടാനാവില്ലെന്ന പരോക്ഷസൂചനകൾ നൽകിയ ഗവർണറുടെ നിലപാടിനെ സ്വാഗതം ചെയ്യുന്ന സംസ്ഥാന കോൺഗ്രസിനെയും യു.ഡി.എഫിനെയും അടിച്ചിരുത്തുകയാണ്. രണ്ടാമത്തേത്, ദേശീയതലത്തിൽ ഇടതുപക്ഷം ഭരിക്കുന്ന ഏക സംസ്ഥാനത്തെ സർക്കാരിനെ സംഘപരിവാർ ആക്രമിക്കുന്നുവെന്ന പ്രചാരണം ശക്തിപ്പെടുത്തുക വഴി ഉയർത്തിപ്പിടിക്കാൻ കഴിയുന്ന ഇമേജുമാണ്.

ഗവർണറുടെ

വിവേചനാധികാരം

ഗവർണർക്ക് ഭരണഘടനയുടെ 163, 164 അനുച്ഛേദങ്ങൾ പ്രകാരം പരിമിതമായേ അധികാരങ്ങളുള്ളൂ. അതായത്, സംസ്ഥാന മന്ത്രിസഭയുടെ ഉപദേശ, നിർദ്ദേശങ്ങൾക്കനുസരിച്ച് വേണം അദ്ദേഹം പ്രവർത്തിക്കാൻ. അവ ഒഴികെയുള്ള കാര്യങ്ങളിൽ ഗവർണർക്ക് വിവേചനാധികാരം പ്രയോഗിക്കാം. ഇതിലാണ് അദ്ദേഹം പിടിച്ചിരിക്കുന്നത്. ഇപ്പോഴത്തെ അദ്ദേഹത്തിന്റെ നീക്കങ്ങളെ പല നിലയിലും വ്യാഖ്യാനിക്കുന്നവരുണ്ട്.

ബില്ലുകൾ പാസാക്കി വിട്ടാലത് സർക്കാരിന്റെ നിർദ്ദേശമായി കണക്കാക്കി അംഗീകരിക്കേണ്ടതല്ലേയെന്ന ചോദ്യമുയരാം. പക്ഷേ അവിടെയുമുണ്ട് ഗവർണർക്ക് പിടിവള്ളി. ഭരണഘടനയുടെ 200ാം അനുച്ഛേദമനുസരിച്ച് ബില്ലിൽ അതേപടി ഗവർണർ ഒപ്പുവയ്ക്കേണ്ടതില്ല. അദ്ദേഹത്തിന് അതിൽ നിയമപരമായ സംശയങ്ങൾ തോന്നിയാൽ സർക്കാരിലേക്ക് തിരിച്ചയക്കാം. അല്ലെങ്കിൽ പിടിച്ചുവയ്ക്കാം. അതുമല്ലെങ്കിൽ രാഷ്ട്രപതിക്ക് വിടാം. ഇത്തരം അധികാരങ്ങൾ ആവോളം ഉപയോഗിച്ച് രാഷ്ട്രീയമായി സംസ്ഥാനത്തെ ഇടതുപക്ഷസർക്കാരിനെ വരിഞ്ഞു മുറുക്കുകയാണ് ആരിഫ് മുഹമ്മദ് ഖാൻ. അദ്ദേഹത്തെ ആരും രാഷ്ട്രീയക്കളികൾ പഠിപ്പിച്ച് കൊടുക്കേണ്ടതില്ല. രാജീവ്ഗാന്ധിയോട് വരെ പയറ്റിത്തെളിഞ്ഞെത്തിയ രാഷ്ട്രീയബുദ്ധിയാണ്. ന്യൂനപക്ഷസമുദായാംഗമായ ആരിഫ് മുഹമ്മദ് ഖാൻ കേരളം പോലൊരു ബി.ജെ.പിയിതര സംസ്ഥാനത്തെത്തി സംഘപരിവാറിനെ സന്തോഷിപ്പിക്കുന്ന രാഷ്ട്രീയദൗത്യമേറ്റെടുക്കുമ്പോൾ സംഘപരിവാർ നേതൃത്വത്തിന്റെ മൗനാനുവാദം അതിന് നല്ലപോലെ കിട്ടുന്നുണ്ടെന്നുറപ്പാണ്.

യു.ഡി.എഫും ഗവർണറും

യു.ഡി.എഫിന്റെ ഇപ്പോഴത്തെ നയസമീപനങ്ങൾ മുമ്പ് കർഷകനിയമ വിവാദവേളയിലുണ്ടായത് പോലെ അനവസരത്തിലുള്ളതായി കാണാനാവില്ല. അന്ന് നയപ്രഖ്യാപനം അവതരിപ്പിക്കാനെത്തിയ ഗവർണറെ തടഞ്ഞതും പിന്നീട് അദ്ദേഹത്തിനെതിരെ സഭയിൽ പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ടതുമെല്ലാം ഒരിക്കലും ഒരു ജനാധിപത്യ ഭരണസംവിധാനത്തിൽ നടക്കുന്ന കാര്യമല്ലെന്ന് ആർക്കുമറിയാം. അന്ന് സംസ്ഥാനസർക്കാരിന്റെ സമീപനത്തെ അതുകൊണ്ട് നിഷ്പക്ഷമതികളാരും ചോദ്യം ചെയ്തിട്ടില്ല. അന്നത്തെ പ്രതിപക്ഷത്തിന്റെ ഇത്തരം നീക്കങ്ങൾ അവരെ ബോദ്ധ്യപ്പെടുത്തുന്നതായില്ല. അതുകൊണ്ടാണ് അവർക്ക് അതിനനുസരിച്ച രാഷ്ട്രീയ പിന്തുണ കിട്ടാതെ പോയത്. എന്നാൽ ഇന്നതല്ല സ്ഥിതി. നിയമസഭ ഇപ്പോൾ പാസാക്കിയ ലോകായുക്ത നിയമഭേദഗതി ബില്ല് പൊതുസമൂഹത്തിന് സംസ്ഥാന ഭരണനേതൃത്വത്തിനെതിരെ സംശയമുണർത്താൻ വഴിവച്ചിട്ടുണ്ട്. ലോകായുക്തയ്ക്ക് മാതൃകാപരമായ അധികാരവ്യവസ്ഥകളുള്ള കേരളത്തിലെ ഈ നിയമം, ഭരണനേതൃത്വങ്ങളുടെ അഴിമതിവിരുദ്ധ പ്രതിച്ഛായയെ വാനോളം ഉയർത്തിക്കാട്ടാനും ദേശീയമായി തന്നെ കേരളത്തിന് മതിപ്പ് കൂട്ടാൻ ഇടവരുത്തുന്നതുമായിരുന്നു. അതിൽ മാറ്റം വരുത്തിയതും അത് ലോകായുക്തയുടെ പല്ലും നഖവും അരിഞ്ഞു കളയുന്നതാണെന്ന ആക്ഷേപം വ്യാപക ചർച്ചയായതുമൊക്കെ പ്രതിച്ഛായാഭംഗം വരുത്തുന്നതാണ്. പ്രത്യേകിച്ച് ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനമാകുമ്പോൾ.

അതിനെ രാഷ്ട്രീയമായി മുതലെടുക്കുകയെന്നത് കേരളത്തിലെ യു.ഡി.എഫും കോൺഗ്രസും ചെയ്ത ശക്തമായ ഇടപെടൽ തന്നെയാണ്. മറ്റൊന്ന് സർവകലാശാലാ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടാണ്. സർവകലാശാലാ വൈസ് ചാൻസലർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള സെർച്ച് കം സെലക്‌ഷൻ കമ്മിറ്റിയുടെ ഘടനയിൽ വരുത്തുന്ന മാറ്റമാണ് വിഷയം. ഇത് ഗവർണർക്ക് വി.സി നിയമനങ്ങളിൽ കിട്ടുന്ന നിയന്ത്രണത്തെ എടുത്തുകളയുന്നതാണെന്നതാണ് അദ്ദേഹത്തെ പ്രകോപിപ്പിക്കുന്നത്. എന്നാൽ സമീപകാലത്ത് കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ ഇക്കാര്യത്തിൽ സംസ്ഥാന ഭരണനേതൃത്വത്തെ സംശയമുനയിൽ നിറുത്തുന്നതുമാണ്. സർവകലാശാലകളിൽ ആർ.എസ്.എസ് വത്കരണം അവസാനിപ്പിക്കാനുള്ള ഇടതുപക്ഷസർക്കാരിന്റെ ശ്രദ്ധേയ ഇടപെടലായി ദേശീയരാഷ്ട്രീയ നിരീക്ഷകരടക്കം വിലയിരുത്താനിടയുണ്ടെങ്കിലും, കേരളത്തിലെ നിയമനവിവാദങ്ങളിൽ ജനങ്ങൾക്കിടയിലുണ്ടായിട്ടുള്ള സംശയങ്ങളിൽ നിന്നുള്ള രാഷ്ട്രീയമുതലെടുപ്പ് എന്ന നിലയ്ക്ക് പ്രതിപക്ഷത്തിന് ഇതും ആയുധം തന്നെ.

ഗവർണർക്ക്

തടയിടാൻ

പക്ഷേ, ഗവർണർക്ക് രാഷ്ട്രീയമായി തടയിടാൻ കൊണ്ടുപിടിച്ച ശ്രമം തന്നെയാണ് സംസ്ഥാനത്തെ ഭരണമുന്നണിക്ക് നേതൃത്വം നൽകുന്ന ഇടതുപാർട്ടികൾ ആലോചിച്ചുറപ്പിച്ചിരിക്കുന്നത്. സമീപദിവസങ്ങളിലെ സംഭവഗതികൾ ഇതാണ് വ്യക്തമാക്കുന്നത്.

ഗവർണർ ആർ.എസ്.എസിന് വേണ്ടി പ്രവർത്തിക്കുന്നു എന്ന ആക്ഷേപം ബലപ്പെടുത്തി കടന്നാക്രമിക്കുകയാണ് അവർ. കഴിഞ്ഞ ദിവസം ഗവർണർ തൃശൂരിൽ ആർ.എസ്.എസ് സർ സംഘചാലക് മോഹൻ ഭഗവതിനെ പോയിക്കണ്ടതും അസ്സാമിലെ ഗുവാഹട്ടിയിൽ ആർ.എസ്.എസ് സംഘടനയായ പ്രജ്ഞാ പ്രവാഹ് സംഘടിപ്പിക്കുന്ന പരിപാടിക്ക് മുഖ്യാതിഥിയായി സംസ്ഥാനസർക്കാരിന്റെ ചെലവിൽ ഗവർണർ പോകുന്നതുമെല്ലാം പ്രചരണായുധമാക്കി ആഞ്ഞടിക്കുകയാണവർ.

സർവകലാശാലകളിലെ ആർ.എസ്.എസ് വത്കരണത്തിനുള്ള കേന്ദ്ര ബി.ജെ.പി സർക്കാരിന്റെ നീക്കങ്ങൾക്ക് ഇന്ത്യയിൽ ഫലപ്രദമായ പ്രതിരോധം തീർക്കുന്ന ഇടതുപക്ഷസർക്കാർ എന്ന പ്രതിച്ഛായ ദേശീയരാഷ്ട്രീയത്തിൽ ഉയർത്തിക്കാട്ടാനാവശ്യമായ പ്രചരണപരിപാടികളിലേക്ക് അവർ കടക്കുന്നു. രാഷ്ട്രപതി, ഉപരാഷ്ട്രപതി പദങ്ങൾ മോഹിച്ച ആരിഫ് മുഹമ്മദ് ഖാന്, ന്യൂനപക്ഷവിഭാഗക്കാരെ ആ പദവികളിലേക്കെത്തിക്കില്ലെന്ന സംഘപരിവാർ നയം കാരണം, അത് നടക്കാതെ പോയ സ്ഥിതിക്ക് ഇനി കേരള ഗവർണർപദവിയിൽ ഒരു തുടർച്ചയാണ് മോഹമെന്ന പ്രചരണവും ഇടതുപക്ഷം ശക്തമാക്കുന്നു. ഗവർണർക്ക് തുടർച്ച നൽകുന്ന കീഴ്വഴക്കം കേന്ദ്രസർക്കാർ വച്ചുപുലർത്താറില്ലെങ്കിലും കേരളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്തവണ്ണം താനെടുക്കുന്ന നയങ്ങൾ തനിക്ക് രണ്ടാം ടേമിനുള്ള അവസരമൊരുക്കുമെന്ന് ഖാൻ ചിന്തിക്കുന്നുണ്ടോ? ഉണ്ടെന്ന മട്ടിലാണിപ്പോൾ ഇടതുപക്ഷം പ്രചരണം കടുപ്പിക്കുന്നത്. അഡ്വ. പ്രശാന്ത് ഭൂഷണെ പോലെയുള്ള ആക്ടിവിസ്റ്റിന്റെ പ്രതികരണം ഈ നിലയ്ക്ക് ഇടതുപക്ഷത്തിന് ഗുണമാകുന്നതാണ്. കേരളത്തിലെ മതന്യൂനപക്ഷങ്ങളെ ആകർഷിക്കാൻ ഇതിലൂടെ സാധിക്കുമെന്ന് മനസ്സിലാക്കുന്ന ഇടതുപക്ഷം, യു.ഡി.എഫ് സർവകലാശാലാ ഭേദഗതി നിയമത്തെ എതിർക്കുന്നത് പാപ്പരത്തമാകുമെന്ന് സ്ഥാപിക്കാമെന്നും ഇതിലൂടെ കണക്കുകൂട്ടുന്നുണ്ട്.

പക്ഷേ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രണ്ടും കല്പിച്ച് തന്നെയാണ്. അദ്ദേഹം രാഷ്ട്രീയാരോപണങ്ങൾ നിരത്താനായി ഔദ്യോഗികവസതിയായ രാജ്ഭവനിൽ വാർത്താസമ്മേളനം വരെ നടത്തിയിരിക്കുന്നു. കേരളത്തിലിന്നേ വരെ ഇങ്ങനെയൊരനുഭവം ഉണ്ടായതായി ആരും ഓർക്കുന്നില്ല. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ നിരന്തരം ആരോപണങ്ങളും ആക്ഷേപങ്ങളും അദ്ദേഹം നിരത്തുന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞാഴ്ച വാർത്താസമ്മേളനം വിളിച്ചുചേർത്ത മുഖ്യമന്ത്രി മറ്റ് പലതുമാണ് ആമുഖമായി വിവരിച്ചതെങ്കിലും ആ വാർത്താസമ്മേളനത്തിന്റെ ഉദ്ദേശശുദ്ധി ഗവർണർക്ക് മറുപടി നൽകൽ മാത്രമായിരുന്നുവെന്ന് അണിയറസംസാരമുണ്ട്. അതിരൂക്ഷമായാണ് ഇതുവരെ തുടർന്നുവന്ന സംയമനരീതി വിട്ട് മുഖ്യമന്ത്രി ഗവർണർക്കെതിരെ ആക്രമണം നടത്തിയത്.

ഇത് ഗവർണറെ കൂടുതൽ പ്രകോപിപ്പിച്ചിട്ടേയുള്ളൂവെന്ന് പിന്നീടുണ്ടായ അദ്ദേഹത്തിന്റെ പ്രതികരണങ്ങളും വ്യക്തമാക്കി.

സർവകലാശാലാ ഭേദഗതി ബില്ലിന്റെ കാര്യത്തിലെ പ്രതിപക്ഷനിലപാട് രാഷ്ട്രീയ പാപ്പരത്തമാകുമോയെന്ന് സന്ദേഹിക്കുന്നവർക്ക് മറുപടി അവർ തന്നെ നൽകുന്നുണ്ട്. അത് കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനവിവാദത്തെ ഉദാഹരണമാക്കിയുള്ളതാണ്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ ഡോ. പ്രിയ വറുഗീസിന്റെ നിയമനക്കാര്യം പൊതുമദ്ധ്യത്തിൽ പുകമറയുണ്ടാക്കിയിട്ടുണ്ട് എന്നത് ഇക്കാര്യത്തിൽ യു.ഡി.എഫിന് സൗകര്യമായി. പ്രിയ വറുഗീസ് അതിൽ നിന്ന് സ്വയം പിറന്മാറി രാഷ്ട്രീയ ഔചിത്യം കാട്ടിയാൽ തീരുന്നതേയുള്ളൂ കാര്യമെന്ന് ചിന്തിക്കുന്നവരും കുറവല്ല. അതിലേക്കെത്തിയാൽ പുതിയ സർവകലാശാലാ ഭേദഗതി ബില്ലിന്റെ രാഷ്ട്രീയം ഉയർത്തുന്ന സി.പി.എമ്മിന്റെ രാഷ്ട്രീയവിശ്വാസ്യത തിരിച്ചുപിടിക്കാമെന്നാണ് അവർ കരുതുന്നത്.

ഏതായാലും ഇരുപക്ഷത്തും എല്ലാം നേരെയാണോ എന്ന സംശയം പൊതുസമൂഹത്തിനിടയിൽ കലശലാണെന്ന് പറയാതിരിക്കുക വയ്യ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: VIVADAVELA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.