കാസർകോട്: ഉറങ്ങിക്കിടന്ന അമ്മയുടെ തലയ്ക്ക് അമ്മിക്കല്ലുകൊണ്ടിടിച്ച ശേഷം മകൻ ഫാനിൽ കെട്ടിത്തൂങ്ങി മരിച്ചു. മടിക്കൈ ആലയിലെ പട്ടുവക്കാരൻ വീട്ടിൽ സുജിത് കുമാർ(20) ആണ് മരിച്ചത്. തലയ്ക്ക് സാരമായി പരിക്കേറ്റ അമ്മ സുജാത(52)യെ കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. സുജിത് കുമാറും സുജാതയും മാത്രമാണ് വീട്ടിലുള്ളത്. ഉറങ്ങിക്കിടക്കുകയായിരുന്ന സുജാതയുടെ തലയിൽ സുജിത് അമ്മിക്കല്ലുകൊണ്ടടിച്ചു. തുടർന്ന് അബോധാവസ്ഥയിലായ സുജാതയുടെ തലയിൽ നിന്നും രക്തം വാർന്നൊഴുകി തളംകെട്ടിനിന്നു. ഏതാനും മണിക്കൂർ കഴിഞ്ഞ് ബോധം തെളിഞ്ഞപ്പോൾ ഇവർ കണ്ടത് മകൻ ഫാനിൽ തൂങ്ങി നിൽക്കുന്നതാണ്. ഉടൻ തൊട്ടടുത്ത വീട്ടിലെത്തി വിവരമറിയിച്ചു. അയൽവാസികൾ ചേർന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും സുജിത് മരിച്ചിരുന്നു. സുജാതയുടെ മൊഴിയെടുത്താൽ മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തത വരുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു. ചീമേനി എഞ്ചിനീയറിംഗ് കോളേജ് അവസാനവർഷ വിദ്യാർത്ഥിയാണ് സുജിത് കുമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |