ചാലക്കുടി: പറമ്പിക്കുളം ഡാമിലെ ഷട്ടറുകളിലൊന്നിന് തകരാർ. മൂന്ന് ഷട്ടറുകളിൽ ഒരെണ്ണം തനിയെ ഉയർന്നു. മൂന്ന് ഷട്ടറുകളും പത്ത് സെന്റീമീറ്റർ തുറന്നുവച്ചിരുന്നു. ഇതിൽ മദ്ധ്യഭാഗത്തെ ഷട്ടർ തനിയെ കൂടുതൽ ഉയരുകയായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
സെക്കൻഡിൽ 20,000ഘനയടി വെള്ളമാണ് പെരിങ്ങൽക്കുത്ത് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. ഇതോടെ ഡാമിന്റെ ആറ് ഷട്ടറുകൾ അടിയന്തരമായി തുറന്നു. ചാലക്കുടി പുഴയിലെ ജലനിരപ്പ് നാലര മീറ്റർ വരെ ഉയരാൻ സാദ്ധ്യതയുണ്ടെന്നും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.
മീൻ പിടിക്കാനോ കുളിക്കാനോ പുഴയിലിറങ്ങരുതെന്ന് കളക്ടർ ഹരിത വി.കുമാർ അറിയിച്ചു. അതേസമയം, ആശങ്ക വേണ്ടെന്നും ജാഗ്രത മാത്രം മതിയെന്നും ചാലക്കുടി എം എൽ എ സനീഷ് കുമാർ പറഞ്ഞു. പറമ്പിക്കുളത്ത് സംഭവിച്ചത് സാങ്കേതിക തകരാറാണെന്ന് അധികൃതർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |