ലോട്ടറിയടിച്ച ശേഷം വീട്ടിൽ പോലും താമസിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപ്. രാവിലെ മുതൽ സഹായം അഭ്യർത്ഥിച്ച് ആളുകൾ വന്നുകൊണ്ടിരിക്കുകയാണ്. ഇതുമൂലം ബന്ധുക്കളുടെ വീടുകളിൽ മാറി മാറിയാണ് താമസിക്കുന്നതെന്ന് അനൂപ് വ്യക്തമാക്കി. തന്റെ അവസ്ഥ മനസിലാക്കണമെന്നും പൈസ ഇതുവരെ കിട്ടിയിട്ടില്ലെന്ന് ഫേസ്ബുക്ക് ലൈവിലൂടെ അദ്ദേഹം പ്രതികരിച്ചു.
'ലോട്ടറിയടിച്ചപ്പോൾ ഭയങ്കര സന്തോഷമായിരുന്നു എനിക്ക്. സന്തോഷം എന്നുപറഞ്ഞാൽ പിടിച്ചുനിർത്താൻ പറ്റാത്ത അത്രയും. ഇപ്പോഴിതാ ഓരോ ദിവസം കഴിയുന്തോറും എന്റെ അവസ്ഥ മാറി മാറി വരികയാണ്. എനിക്കിപ്പോൾ വെളിയിലിറങ്ങാൻ പോലും കഴിയുന്നില്ല. എന്റെ കൊച്ചിന് വയ്യാതായിട്ട് ഇപ്പോൾ ഇങ്ങോട്ട് വന്നതാ.
ചേച്ചിയുടെ വീട്ടിലൊക്കെയാണ് നിൽക്കുന്നത്. മാറി മാറി ഓരോ വീട്ടിൽ നിൽക്കുകയാണ്. ഓരോ വീടും കണ്ടുപിടിച്ച് ആൾക്കാർ വരികയാണ്. രാവിലെ തുടങ്ങുകയാണ്. എന്തെങ്കിലും താ, എടുത്ത് താ മോനേ എന്നും ചോദിച്ചാണ് വരുന്നത്. എല്ലാരോടും എനിക്ക് ഒന്നേ പറയാനുള്ളൂ, പൈസ ഇതുവരെ കിട്ടിയിട്ടില്ല. ഞാൻ എത്ര പറഞ്ഞിട്ടും ആരും വിശ്വസിക്കുന്നില്ല. ചാനലിലൂടെ ഇത്രയ്ക്ക് ഇതാകുമെന്ന് ഞാൻ വിചാരിച്ചില്ല. ഇപ്പോൾ ഒരിടത്തും പോകാൻ എനിക്ക് പറ്റണില്ല.
കൊച്ചിന് ഒട്ടും വയ്യാതെയിരിക്കുകയാ. അവനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും പറ്റുന്നില്ല. ഞാനില്ലാതെ ഇരിക്കാത്ത കൊച്ചാ.ഭയങ്കര കരച്ചിലാണ്. ഒരു വക കഴിക്കുന്നില്ല. ഈ പറഞ്ഞോണ്ടിരിക്കുന്ന സമയത്തും വീടിന്റെ വെളിയിൽ നിന്ന് ആളുകൾ ഗെയിറ്റിന് തട്ടിക്കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. എത്ര പറഞ്ഞാലും മനസിലാകില്ല. എനിക്ക് പൈസ കിട്ടിയിട്ടില്ല. രണ്ട് മാസമായി ജോലിക്ക് പോയിട്ട്. അതാണ് എന്റെ അവസ്ഥ.
പൈസ കിട്ടിക്കഴിഞ്ഞാലും ഇപ്പോൾ എനിക്ക് ഒന്നും ചെയ്യാൻ പറ്റൂല. കാരണം എനിക്ക് ടാക്സിന്റെ കാര്യം ഒന്നുമറിയില്ല. ഞാനൊരു സാധാരണക്കാരനാണ്. അറിവുള്ളവർ പറയണത് കേട്ട്, അതനുസരിച്ചേ എനിക്ക് ചെയ്യാൻ പറ്റൂ. ഇപ്പോൾ രണ്ട് വർഷത്തേക്ക് ആ പൈസ ഞാൻ ഒന്നും ചെയ്യുന്നില്ല. അക്കൗണ്ടിലിടാനാണ് ഉദ്ദേശിക്കുന്നത്. അത് കഴിഞ്ഞിട്ടേ എന്തെങ്കിലും ചെയ്യുകയുള്ളൂ. ഇതിന്റെ പേരിൽ ആർക്കൊക്കെ പിണക്കം വന്നാലും എനിക്കൊന്നും ചെയ്യാൻ കഴിയില്ല. എന്റെ അവസ്ഥ മനസിലാക്കണം. സ്വന്തം വീട്ടിൽ കയറാൻ പറ്റില്ലെന്ന് വച്ചാൽ. അടുത്തുള്ള വീട്ടുകാർ പോലും ഇപ്പോൾ ശത്രുക്കളായി. വരുന്നവരൊക്കെ എല്ലാവരുടെയും വീടുകളിലും പോയിരിക്കും. ഒന്നാമതേ ശത്രുക്കളും കാര്യങ്ങളും മുമ്പേ ഉണ്ട്. ഇപ്പോൾ അത് കൂടിക്കൂടി വരികയാണ്. .
കോടീശ്വരൻ എന്ന് പറഞ്ഞിട്ട് കാര്യമില്ല, എനിക്കെന്റെ കൊച്ചിന്റെയടുത്തേക്ക് വരാൻ പറ്റുന്നില്ല. കിട്ടിയപ്പോൾ ഭയങ്കര സന്തോഷമായിരുന്നു.ഇപ്പോൾ തോന്നുന്നു ഇത്രയും പൈസ കിട്ടേണ്ടായിരുന്നെന്ന്. മൂന്നാമത്തെ പ്രൈസ് വല്ലോം അടിച്ചാൽ മതിയായിരുന്നു. അതാണിപ്പോൾ എന്റെ അവസ്ഥ. എല്ലാരെയും സഹായിക്കണമെന്നൊക്കെ എനിക്കുണ്ട്. എത്രയാന്ന് പറഞ്ഞാ ആൾക്കാരുടെയടുത്ത് പറയുന്നത്. മാസ്ക് വച്ച് വെളിയിലിറങ്ങാൻ പോലും പറ്റണില്ല. എല്ലാവരും മനസിലാക്കണം. ദയവ് ചെയ്ത് മനസിലാക്കണം.'- അനൂപ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |