SignIn
Kerala Kaumudi Online
Thursday, 19 September 2024 2.47 PM IST

നിലമ്പൂർ- നഞ്ചൻഗോഡ് പാത അട്ടിമറിച്ചതാര്

Increase Font Size Decrease Font Size Print Page

cn

ഏറ്റവും സുരക്ഷിതവും ചെലവ് കുറഞ്ഞതും വേഗത്തിൽ എത്തിപ്പെടാൻ കഴിയുന്നതുമായ യാത്രാ സംവിധാനങ്ങളിൽ മുൻനിരയിലാണ് റെയിൽവേയുടെ സ്ഥാനം. മറ്റ് പല സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിന്റെ റെയിൽവേ രംഗം ഏറെ പിന്നിലാണ്. റെയിൽപാളങ്ങളുടെ വികസനത്തിലും ട്രെയിൻ സർവീസുകളുടെ എണ്ണത്തിലുമെല്ലാം കാലങ്ങളായി ഇഴഞ്ഞാണ് നീങ്ങുന്നത്. ഇതിനിടയിൽ കാസർക്കോട് മുതൽ തിരുവനന്തപുരം വരെ അതിവേഗ റെയിൽ പദ്ധതിയായ കെ-റെയിലുമായി സംസ്ഥാന സർക്കാർ‌ രംഗത്തുണ്ട്. പദ്ധതിക്കുള്ള കേന്ദ്രാനുമതിയും ഭുമിയേറ്റെടുക്കലിലെ എതിർപ്പുമായും ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ ഇതിനകം അരങ്ങേറി. 63,940 കോടിയുടെ ബൃഹദ് പദ്ധതിയാണിത്. ഇത്രയധികം ചെലവ് വരുന്ന പദ്ധതി കേരളത്തിന് താങ്ങാൻ കഴിയുമോ എന്ന് ഒരുഭാഗത്ത് ചർ‌ച്ച കൊഴുക്കുമ്പോൾ വരുമാന കണക്ക് നിരത്തി ഇതിനെ പ്രതിരോധിക്കുകയാണ് സർക്കാർ സംവിധാനങ്ങൾ. വാഹനപെരുപ്പം മൂലം റോഡുകൾ വീർപ്പുമുട്ടുന്ന സാഹചര്യത്തിൽ മറ്റ് യാത്രാസംവിധാനങ്ങൾ വികസിക്കേണ്ടതുണ്ട് എന്നതിൽ തർക്കമില്ല. അതിന് കെ-റെയിൽ തന്നെ വേണോ എന്നത് മറ്റൊരു കാര്യം. എന്നാൽ ആർക്കും സംശയമില്ലാത്ത, രണ്ട് അഭിപ്രായമില്ലാത്ത, അനിവാര്യമായ ഒരു പദ്ധതി കേരളത്തിന്റെ ചുവപ്പുനാടയിലുണ്ട്. നിലമ്പൂർ നിന്ന് തുടങ്ങി വയനാടും പിന്നിട്ട് നഞ്ചൻഗോഡിൽ അവസാനിക്കുന്ന റെയിൽപാത പദ്ധതി. കേരളത്തെയും കർണ്ണാടകയെയും എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന പാതയാണിത്. നഞ്ചൻഗോഡ് പാത എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കണമെന്ന ജനകീയ ആവശ്യം മാറിമാറി വരുന്ന സർ‌ക്കാരുകൾ ഗൗനിക്കുന്നില്ല. 3,500 കോടി രൂപ മാത്രം ചെലവ് വരുന്ന പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തിക, ടൂറിസം, കാർഷിക മേഖലയിലടക്കം ഉണ്ടാക്കുന്ന മാറ്റം ചെറുതല്ല.

കർണ്ണാടകയിൽ നിന്ന് ആയിരത്തിലേറെ ട്രക്കുകളാണ് ഒരുദിവസം അതിർ‌ത്തി കടന്നെത്തുന്നത്. നാന്നൂറോളം ബസുകൾ ബംഗളൂരുവിലേക്ക് മാത്രമുണ്ട്. സ്വകാര്യ വാഹനങ്ങൾ ഇതിന്റെ പലയിരട്ടി വരും. റെയിൽവേ വരുന്നതോടെ വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ നിന്ന് മൈസൂരുവിലേക്കുള്ള ദൂരം ഒരുമണിക്കൂറായി കുറയും.

അടുത്തിടെ കർണ്ണാടക മുഖ്യമന്ത്രിയുമായി കേരള മുഖ്യമന്ത്രി ബംഗളൂരുവിൽ വച്ച് നടത്തിയ ചർച്ചയിൽ പ്രധാനമായും ഉയർത്തിയത് യാത്രാ സംവിധാനങ്ങൾ വിപുലപ്പെടുത്തുന്ന പദ്ധതികളെ കുറിച്ചായിരുന്നു. സ്വാഭാവികമായും ആദ്യം ചർച്ചയിൽ ഉയരേണ്ടത് നിലമ്പൂ‌ർ - നഞ്ചൻകോട് റെയിൽപാതയായിരുന്നു. എന്നാൽ ഇക്കാര്യം എവിടെയും പ്രാധാന്യത്തോടെ ഉയരുന്നില്ലെന്നതാണ് യാഥാർത്ഥ്യം.

ബ്രിട്ടീഷുകാരുടെ

കാലത്ത് തുടങ്ങിയത്

1881 ലാണ് നിലമ്പൂ‌ർ - നഞ്ചൻഗോഡ് പാതയെ കുറിച്ചുള്ള ആദ്യപഠനം നടക്കുന്നത്. സുവർണ്ണ പാതയെന്നായിരുന്നു ബ്രിട്ടീഷുകാർ‌ ഇതിനെ വിശേഷിപ്പിച്ചിരുന്നത്. മലപ്പുറം, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് കർണാടകയിലേക്ക് കടന്നു പോകുന്ന പാത യാത്രാ, ചരക്കു ഗതാഗതത്തിലും വലിയ മാറ്റങ്ങൾക്ക് സഹായകമാകുന്നതാണ്. നിരവധി സമരങ്ങളെ തുടർന്നാണ് 2016 ഫെബ്രുവരിയിൽ റെയിൽവേ ബഡ്ജറ്റിൽ നഞ്ചൻഗോഡ്- ബത്തേരി - നിലമ്പൂർ പാതയ്ക്ക് അനുമതി ലഭിക്കുന്നതും നിർമ്മാണം തുടങ്ങുന്നതിനായി പിങ്ക് ബുക്കിൽ ഉൾപ്പെടുന്നതും. ഈ പാത നിർമ്മിക്കാൻ കേന്ദ്രവും കേരളവും തമ്മിൽ സംയുക്ത കരാർ ഒപ്പിട്ടതിനെ തുടർന്ന് 2016 മേയ് അഞ്ചിന് കേന്ദ്ര സർക്കാർ 30 സംയുക്ത പദ്ധതികളിൽ നിലമ്പൂർ - നഞ്ചൻഗോഡ് പാതയേയും ഉൾപ്പെടുത്തി.

ജൂൺ 10ന് ഡി.എം.ആർ.സിയുടെ മുഖ്യ ഉപദേഷ്ടാവും റെയിൽവേയുടെ ഏകാംഗകമ്മിഷനുമായ ഇ. ശ്രീധരനെ, പാതയെക്കുറിച്ച് പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ചു. പഠന റിപ്പോർട്ട് അനുസരിച്ച് 236 കിലോമീറ്റർ എന്നതിന് പകരം 162 കിലോമീറ്ററിൽ പാതയുടെ പണി തീർക്കാമെന്നും 6,000 കോടിക്ക് പകരം 3,500 കോടിയേ ചെലവു വരികയുള്ളൂ എന്നും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ എന്ന സ്പെഷൽ പർപ്പസ് വെഹിക്കിൾ കമ്പനി രൂപീകരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഈ കമ്പനിയുടെ 51 ശതമാനം ഓഹരി കേരളത്തിനും 49 ശതമാനം ഓഹരി കേന്ദ്രത്തിനും ആയിരിക്കുമെന്നും എം.ഡിയെ നിയമിക്കാനുള്ള അധികാരം കേരളത്തിനും കമ്പനിയുടെ ആസ്ഥാനം തിരുവനന്തപുരം ആയിരിക്കുമെന്നും തീരുമാനമെടുത്തു. ഇത് റെയിൽവേ അംഗീകരിക്കുകയും നിലമ്പൂർ- നഞ്ചൻകോട് പാതയെ പിങ്ക് ബുക്കിൽ ഉൾപ്പെടുത്തുകയും ചെയ്തു. ബഡ്ജറ്റിൽ പാതയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ അഞ്ചുകോടി രൂപ അനുവദിച്ചു. വിശദ പദ്ധതിരേഖ സമർപ്പിക്കാൻ ഡി.എം.ആർ.സിയെയും ഇ. ശ്രീധരനെയും ചുമതലപ്പെടുത്തുകയും പ്രാരംഭ ചെലവുകൾക്കായി രണ്ട് കോടി അനുവദിക്കാനും തീരുമാനിച്ചു

ആഗസ്റ്റ് 10ന് ചേർന്ന റെയിൽവേ ബോർഡ് യോഗം ഈ നടപടികൾക്ക് അംഗീകാരമേകി. 2017 ജനുവരി ഒൻപതിന് ഇ.ശ്രീധരൻ കൽപ്പറ്റയിലെത്തി ജനപ്രതിനിധികളുടെ കൺവെൻഷൻ വിളിച്ചുചേർത്തു. അഞ്ചുവർഷം കൊണ്ട് പാതയുടെ നിർമ്മാണം പൂർത്തീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പദ്ധതിക്ക് വേഗം കൂട്ടുന്നതിനായി വയനാട് എം.പിയും എം.എൽ.എമാരും അടങ്ങുന്ന കോ-ഓർഡിനേഷൻ കമ്മിറ്റിയും രൂപീകരിച്ചു. ഫെബ്രുവരിയിൽ മന്ത്രിയായിരുന്ന ജി.സുധാകരൻ കൽപ്പറ്റയിലെ ജനകീയ കൺവെൻഷനിൽ റെയിൽപാതയുടെ ലോഞ്ചിംഗ് പ്രഖ്യാപിച്ചു. ഡി.പി.ആർ തയ്യാറാക്കാൻ നൽകേണ്ട തുകയിൽ രണ്ട് കോടി രൂപ ഡി.എം.ആർ.സിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കി. എന്നാൽ രാവിലെ ഇറക്കിയ ഉത്തരവ് വൈകിട്ടോടെ മരവിപ്പിച്ചു. തൊട്ടുപിന്നാലെ തലശ്ശേരി - മൈസൂരു പാതയുടെ സാദ്ധ്യതാ പഠനം നടത്താൻ മുഖ്യമന്ത്രി ഇ.ശ്രീധരനോട് നിർദ്ദേശിച്ചു. സാമ്പത്തികമായും സാങ്കേതികമായും പദ്ധതി പ്രായോഗികമല്ലെന്നും യാത്ര, ചരക്ക് ഗതാഗതം കാര്യമായി ഉണ്ടാവില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. സമുദ്രനിരപ്പിലുള്ള തലശ്ശേരിയിൽ നിന്ന് കണ്ണൂർ ജില്ലയിലെ വയനാടിന്റെ അതിർത്തിയിൽ എത്തുമ്പോൾ 100 മീറ്ററോളം മാത്രമേ റെയിൽപാത ഉയർത്താനാവൂ. എന്നാൽ വയനാട് 860 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. എല്ലാതരത്തിലും പ്രായോഗികവും സാമ്പത്തിക ലാഭവും ഉണ്ടാക്കുന്നതുമായ നിലമ്പൂർ - നഞ്ചൻകോട് പാത എന്തുകൊണ്ട് നടപ്പാക്കുന്നില്ലെന്ന ചോദ്യത്തിന് വിശ്വസനീയമായ മറുപടി ഇതുവരെ അധികൃതർക്ക് നൽകാനായിട്ടില്ല.


മന്ത്രിയുടെ വാദം തെറ്റ്

കർണ്ണാടകയുടെ വനത്തിലൂടെ റെയിൽപാത കൊണ്ടുപോവാൻ കർണ്ണാടക സർക്കാർ അനുവദിക്കാത്തതാണ് നിലമ്പൂർ നഞ്ചൻഗോഡ് പാതയ്ക്ക് തടസ്സമെന്നായിരുന്നു മന്ത്രിയായിരുന്ന ജി.സുധാകരൻ നിയമസഭയെ അറിയിച്ചത്. എന്നാൽ 2017 മാർച്ച് 13ന് ഇ.ശ്രീധരന്റെ നേതൃത്വത്തിൽ കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘം കർണ്ണാടക മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ ചർച്ചയിൽ ബന്ദിപ്പൂർ വനമേഖലയിൽ ടണൽ വഴിയുള്ള റെയിൽപാതയ്ക്ക് അനുമതി നൽകാമെന്ന് സമ്മതിച്ചിരുന്നു. പാതയ്ക്ക് പരിസ്ഥിതി അനുമതി നൽകേണ്ടത് പരിസ്ഥിതി മന്ത്രാലയവും ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയും ദേശീയ വന്യജീവി ബോർഡുമാണ്. അവരുടെ അനുമതി ലഭ്യമാക്കാനുള്ള നടപടി കർണ്ണാടക സ്വീകരിക്കാമെന്നും ഇതിനായി കേരളം അപേക്ഷ നൽകിയാൽ മതിയെന്നും കാണിച്ച് കർണ്ണാടക വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി വിജയകുമാർ ഗോകി 2017 നവംബർ എട്ടിന് കേരള ട്രാൻസ്‌പോർട്ട് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. കർണാടക അനുകൂല നിലപാടെടുത്തപ്പോൾ സർവേയ്‌ക്കായി നടപടി സ്വീകരിക്കാതെ സർവേ നിറുത്തിവച്ച് നിലമ്പൂർ- നഞ്ചൻകോട് പാതയെ അട്ടിമറിക്കുകയാണ് സർക്കാർ ചെയ്തതെന്ന് പ്രതിപക്ഷവും ആരോപിക്കുന്നു. പദ്ധതി യഥാസമയം തുടങ്ങിയിരുന്നെങ്കിൽ ഇപ്പോൾ നഞ്ചൻഗോഡിലേക്ക് ട്രെയിനിൽ യാത്ര ചെയ്യാൻ കഴിയുമായിരുന്നു. വയനാട് ജില്ല റെയിൽവേ ഭൂപടത്തിലും ഇടംപിടിക്കുമായിരുന്നു. ജനതാത്പര്യത്തേക്കാൾ മറ്റു പലതും കയറി വരുമ്പോൾ ഒരുനാടിന്റെ സ്വപ്ന പദ്ധതി എങ്ങനെ ഇല്ലാതാവുമെന്നതിന് ഉത്തമ ഉദാഹരണമാണ് നിലമ്പൂർ‌ - നഞ്ചൻഗോഡ് റെയിൽപാത.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NILAMBUR NACHANGODU RAILWAY LINE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.