സാധാരണഗതിയിൽ ഇരുന്നൂറ് വർഷം ഇന്ത്യയെ അടക്കി ഭരിക്കുകയും ഇന്ത്യ സ്വതന്ത്രയായതോടെ 75 വർഷങ്ങൾക്ക് മുൻപ് ഇവിടം വിട്ടുപോവുകയും ചെയ്ത ബ്രിട്ടീഷുകാരോട് ഇന്ത്യക്കാർക്ക് സ്‌നേഹം തോന്നാൻ സാധ്യതയില്ലെന്നുതന്നെ പറയാം. എങ്കിലും ബ്രിട്ടീഷ് രാജ്ഞിയുടെ മരണത്തിൽ നാം രേഖപ്പെടുത്തിയ ദുഃഖം അവരുടെ വ്യക്തിത്വത്തോടുള്ള ആദരവാണ്.
ബ്രിട്ടീഷുകാരുടെ ഭരണത്തിന്റെ ഫലമായുണ്ടായ പല മുറിപ്പാടുകളും ഇന്നും രാജ്യത്ത് അവശേഷിക്കുന്നുണ്ട്. ബ്രിട്ടീഷുകാർ കൊണ്ടുവന്ന നൂറുകണക്കിന് നിയമങ്ങൾ ഇന്നും ഇന്ത്യയിൽ നിലവിലുണ്ട്. 75 വർഷങ്ങൾക്ക് ശേഷവും പുതിയ സന്ദർഭങ്ങളിൽ ആ നിയമങ്ങളിൽ യാതൊരു മാറ്റവും കൊണ്ടുവരാൻ സാധിക്കുന്നില്ല. അതിന് ഒരു ഉദാഹരണമാണ് ഇന്ത്യൻ പീനൽ കോഡ്. ബ്രിട്ടീഷുകാരുണ്ടാക്കിയ രാജ്യദ്രോഹം പോലുള്ള നിയമങ്ങൾ ഇപ്പോഴും നടപ്പാക്കുന്നുണ്ട്. സുപ്രീം കോടതി തന്നെ ഇതൊന്നും പ്രായോഗികമല്ലെന്ന് പരാമർശിച്ചു കഴിഞ്ഞിരിക്കുന്നു.
ഇന്ത്യയിൽ 28 സംസ്ഥാനങ്ങളും അവയിലായി 22 ഭാഷകളും നിലനിൽക്കുമ്പോഴും ഇന്ത്യാ ഗവൺമെന്റ് ഇംഗ്ലീഷിന് രാജ്യത്ത് പ്രമുഖമായ സ്ഥാനമാണ് നൽകിയിരിക്കുന്നത്. പക്ഷേ കണക്കുകൾ നോക്കുമ്പോൾ രാജ്യത്ത് 10 ശതമാനം (140 കോടി ജനങ്ങളിൽ 12 കോടി മാത്രം) ആളുകൾ മാത്രമാണ് ഇംഗ്ലീഷ് സംസാരിക്കുന്നത്. സിവിൽ സർവീസ് പരീക്ഷകൾക്കും ഇംഗ്ലീഷ് ഭാഷ അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇത്തരത്തിൽ ഇംഗ്ലീഷ് സംസാരിക്കുന്ന ആളുകളുടെ ശതമാനം കുറഞ്ഞിരിക്കുന്നപക്ഷം ഇത്തരം പരീക്ഷകളിൽ കൂടുതൽ ആളുകൾക്ക് പങ്കെടുക്കുവാൻ കഴിയില്ല. ഭാഷാപ്രാവീണ്യം മെച്ചപ്പെടുത്താൻ കൂടുതൽ ശ്രമങ്ങൾ നടത്തേണ്ടതിന്റെ അനിവാര്യതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.
ബ്രിട്ടീഷ്ഭരണകാലത്ത് നമുക്ക് അനവധി വിഷമതകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അതേസമയം സ്ത്രീസമൂഹത്തിന് വേണ്ടി അവർ ചെയ്ത നല്ല കാര്യങ്ങൾ കാണാതിരിക്കരുത്. സ്ത്രീകൾക്ക് സമൂഹത്തിൽ അംഗീകാരം നേടികൊടുക്കുന്നതിലും അവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള കർശന നിയമങ്ങൾ കൊണ്ടുവന്നതിലും മുഖ്യപങ്ക് ബ്രിട്ടീഷുകാർക്കുണ്ട് . അതിനൊരു ഉദാഹരണമാണ് സതി (ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭർത്താവ് മരണപ്പെട്ടാൽ അയാളുടെ ചിതയിൽ ഭാര്യയെയും തള്ളിയിടുക) പോലുള്ള പ്രാകൃതചടങ്ങുകൾ നിറുത്തലാക്കാൻ ലോർഡ് വില്യം ബെന്റിക് (1829ൽ ആന്റി സതി ആക്ട്) നിയമം കൊണ്ടുവന്നത്. ലോർഡ് ഡെൽഹൗസിയും ലോർഡ് കാനിങ്ങും വിധവകളുടെ പുനർവിവാഹത്തിനായി ഒരു ആക്ട്(1856ൽ) കൊണ്ടുവന്നു. അവരുടെ പക്ഷത്ത് നിന്നുമുള്ള സുപ്രധാനമായ സാമൂഹിക പരിഷ്‌കരണമായിരുന്നു അത്. വിധവകളായ സ്ത്രീകൾക്ക് വേണ്ടി ഈശ്വർചന്ദ്ര വിദ്യാസാഗർ നടത്തിയ സമരപ്രവർത്തനങ്ങളെ ഈ ആക്ട് സഹായിച്ചു. എന്നാൽ ഈ 21 -ാം നൂറ്റാണ്ടിലും രാജ്യത്ത് സ്ത്രീകളുടെ ജീവിതത്തിൽ വിചാരിച്ചപോലൊരു മാറ്റം വന്നിട്ടില്ല. ഇന്ത്യയിലെ പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഇപ്പോഴും പെൺകുട്ടി ജനിച്ചാൽ ദുഃഖിക്കുന്ന ഒരു സമൂഹം ജീവിക്കുന്നുണ്ട്. ഇപ്പോഴും ഇന്ത്യയിലെ പല ഉൾനാടൻ പ്രദേശങ്ങളിലും സ്ത്രീസാക്ഷരത വെറും 50 ശതമാനം നടപ്പാക്കാൻ മാത്രമേ നമുക്ക് സാധിച്ചിട്ടുള്ളൂ. നമ്മുടെ രാജ്യത്ത് ഏകദേശം 88 ബലാത്സംഗ കേസുകൾ പ്രതിദിനം നടക്കുന്നുണ്ട്, അതുപോലെ ദിവസം എട്ട് സ്ത്രീകൾ അനധികൃത ഗർഭഛിദ്രകേസുകളിൽ മരിക്കുന്നുമുണ്ട്. ഈ അവസ്ഥകൾക്കൊക്കെ മാറ്റം വന്നേ തീരൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |