SignIn
Kerala Kaumudi Online
Friday, 26 April 2024 6.58 PM IST

ഈ മാതൃക സമൂഹത്തിന്റെ കണ്ണുതുറപ്പിക്കട്ടെ

photo

മകളുടെ മുന്നിൽവച്ച് അച്ഛൻ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ആക്രമണത്തിന് ഇരയായ സംഭവം മനസാക്ഷിയുള്ള സമൂഹത്തിന്റെയാകെ അമർഷത്തിനും പാത്രമായിട്ടുണ്ട്. എന്നാൽ ഈ സംഭവത്തിൽ തന്റെ അമർഷം രേഖപ്പെടുത്തിയ ജൂവലറി ഗ്രൂപ്പ് ഉടമയുടെ പ്രതികരണരീതി മറ്രുള്ളവരുടെയും കണ്ണ് തുറപ്പിക്കേണ്ടതാണ്. കെ.എസ്.ആർ.ടി.സി.ക്ക് നല്കിക്കൊണ്ടിരുന്ന ലക്ഷങ്ങളുടെ പരസ്യം ഒഴിവാക്കിയതിനൊപ്പം ആ വിദ്യാർത്ഥിനിക്ക് നാല് വർഷം യാത്ര ചെയ്യാനുള്ള തുകയായ അൻപതിനായിരം രൂപയും അദ്ദേഹം നല്കി. ഇത്തരം കാട്ടാളത്തം കാട്ടുവന്നരോട് ഈ രീതിയിൽ സമൂഹം പ്രതികരിച്ച് തുടങ്ങിയത് ശുഭലക്ഷണമാണ്. എന്തിന്റെ പേരിലായാലും എതിരാളിയെ കൈക്കരുത്തിലൂടെ ഒതുക്കാമെന്ന തെറ്റായ സന്ദേശമാണ് ആ സംഭവത്തിലൂടെ ജീവനക്കാർ നല്കിയത്. ഇത്തരം അതിക്രമങ്ങളിൽ പങ്കാളികളാകുന്നവരെ കർശന ശിക്ഷാനടപടികളിലൂടെ തന്നെ നിയന്ത്രിക്കണം. ഇല്ലെങ്കിൽ ഇത്തരം നീചസംഭവങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കും.

ദേവിക അനൂപ്

തിരുവല്ല

തെരുവ് നായ്‌ശല്യം ;

പ്രായോഗികമായി ചിന്തിക്കൂ

തെരുവ് നായ്‌ക്കളുടെ ശല്യം സംസ്ഥാനത്ത് രൂക്ഷമായിരിക്കുന്നു. നായ കടിയേറ്റവരുടെ എണ്ണം റെക്കാഡ് ഭേദിച്ചിട്ടുണ്ട്. പേവിഷബാധ ചികിത്സയ്ക്കുള്ള വാക്സിന്റെ ഗുണനിലവാരം സംശയത്തിന്റെ നിഴലിലുമാണ്. പ്രശ്നം ഗുരുതരമെന്ന് കണ്ട് സർക്കാർ എടുത്തിരിക്കുന്ന നടപടികൾ ശ്രദ്ധിക്കാം.

തെരുവുനായ്‌ക്കളുടെ സെൻസസ് എടുക്കും. തെരുവിലല്ലാത്ത നായ്‌ക്കളെ വാക്സിനേറ്റ് ചെയ്യാൻ വീടുകളിൽ അധികാരികൾ എത്തും. തെരുവ് നായ്ക്കളെ ഒന്നാകെ വന്ധ്യംകരിക്കും. ഷെൽട്ടറുകളുണ്ടാക്കി അവയെ പോറ്റും. ഈ നടപടികൾ ഭാഗീകമായിട്ടുപോലും അടുത്തകാലത്തൊന്നും നടന്നു കിട്ടില്ലെന്ന് സർക്കാർ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

ഈ ദുരിതക്കയത്തിൽനിന്നും നാടിനെ രക്ഷിക്കാൻ തെരുവുനായ്‌ക്കളെ ഒഴിവാക്കാനുള്ള പ്രായോഗിക മാർഗങ്ങൾ തേടുകയാണ് ഉചിതം. നായ്‌വധം നിയമവിരുദ്ധമെന്ന വാദം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഏശുന്നില്ലല്ലോ. അവിടേക്ക് നായ്‌ക്കളെ കയറ്റി അയയ‌്‌ക്കുവാൻ വലിയ ചെലവൊന്നുമില്ല. അവിടെ നിന്നും ആളെത്തി വിലതന്ന് അവയെ കൊണ്ടുപോകുമെന്ന് അറിയുന്നു. ഇസ്രായേൽ കൊറിയയുമായി ബന്ധപ്പെട്ടാണ് അവിടത്തെ തെരുവുനായ ശല്യം ഒഴിവാക്കിയത്. നാടുകടത്തുന്ന നായ്‌ക്കൾക്ക് എന്തു സംഭവിക്കുമെന്നത് നമ്മൾ ധാർമ്മികവിഷയമാക്കേണ്ടതില്ല. നായ്‌മാംസം ഭക്ഷിക്കുന്നവരെ പുച്ഛിച്ചിട്ടും കാര്യമില്ല. പരമസാധു മൃഗമായ ആടിനെ പുരാതന കാലം മുതലേ മനുഷ്യൻ തിന്നുന്നില്ലേ?

വീടുകളിൽ വളർത്തുന്ന നായ്‌ക്കൾക്ക് ലൈസൻസ് നിർബന്ധമാക്കുക, അതു സൗജന്യമാക്കുകയും അരുത്.

തെരുവുനായ്ശല്യം ഒഴിവാക്കാൻ വേറൊരു വഴിയും ഇല്ലെന്ന സത്യം സർക്കാർ തിരിച്ചറിയുംവരെ ഈ ദുരിതം തുടരും.

മധുനായർ

ഫോൺ: 9387804668

വേലിതന്നെ

വിളവ് തിന്നുന്നു

സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെയും തദ്ദേശസ്ഥാപനങ്ങളിലെയും വാഹന ഉപയോഗം സംബന്ധിച്ച് നിശ്ചിത ഇടവേളകളിൽ പരിശോധന നടത്തണമെന്ന് സർക്കാർ നിർദ്ദേശമുണ്ടായിട്ടും വാഹനങ്ങൾ ദുരുപയോഗം ചെയ്യുന്നതിലൂടെ വർഷം തോറും വൻതുകയാണ് നാടിന് നഷ്‌ടം വരുത്തുന്നത്.

ഇക്കാര്യത്തിൽ പരിശോധന കർശനമാക്കാത്തതാണ് വാഹന ദുരുപയോഗം കൂടാൻ കാരണം. ബന്ധുക്കൾക്കും കുടുംബത്തിനും യാത്ര ചെയ്യാനാണോ സർക്കാർ ഖജനാവിൽ നിന്ന് പണം മുടക്കി വാഹനങ്ങൾ വാങ്ങിയിടുന്നത്. ഇത്തരത്തിൽ വാഹനദുരുപയോഗത്തിലൂടെ ഇന്ധനവിലയുടെ പേരിൽ കോടികളുടെ ധൂർത്താണ് ഓരോ മന്ത്രിസഭയുടെ കാലത്തും നടക്കുന്നതെന്ന് എല്ലാവർക്കും അറിയാം . എല്ലാ മന്ത്രിസഭകളുടെ കാലത്തും ഈ അഴിമതി നടമാടുന്നു. പൊതുമുതൽ ധൂ‌ർത്തടിക്കുന്നതിൽ ആരാണ് കേമനെന്ന് തെളിയിക്കുന്നതിലാണ് മത്സരം . ഇനിയെങ്കിലും ജനത്തെ വി‌‌ഡ്ഢികളാക്കാതിരുന്നുകൂടേ.

സനൽ പ്രേംനാഥ്

തൃശ്ശൂർ

സാമൂഹ്യവിരുദ്ധതയും

ഒളികാമറകളും

സാങ്കേതികത മനുഷ്യന്റെ നിലനില്പിനും ജീവിതസൗകര്യങ്ങൾ വർദ്ധിപ്പിക്കാനും ആരോഗ്യരംഗത്തും എല്ലാം വളരെയധികം നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. വളരെ നല്ലതുതന്നെ. എന്നാൽ അതുണ്ടാക്കുന്ന കെണികളിൽ ഏറ്റവും അപകടം പിടിച്ചതായി മാറിയിരിക്കുകയാണ് രഹസ്യകാമറകൾ.

സ്ത്രീകൾക്ക് പൊതുസ്ഥലങ്ങളിലെ ടോയ്ലറ്റുകളോ ഡ്രസിംഗ് റൂമുകളോ ഉപയോഗിക്കാനാവാത്ത സ്ഥിതിയാണ്. സ്റ്റാർ ഹോട്ടലുകളിലെ ബാത്ത് റൂം വീഡിയോ പോലും പുറത്തുവരുന്നതായി വാർത്തകളും ഫീച്ചറുകളും കണ്ടു. അതായത് ഈ കെണിയിൽ ആരും എപ്പോഴും വീഴാം. സ്‌ക്രൂവിലും ബൾബിലും ഘടിപ്പിക്കാവുന്ന ഒളികാമറകൾ ഉണ്ടല്ലോ. അപ്പോൾ യാത്രയിൽ ഒരു ഹോട്ടൽ റൂമിൽ താമസിക്കേണ്ടി വന്നാൽ എന്ത് സുരക്ഷയാണ് നമുക്കുള്ളത്. ഇതിനു പുറമേയാണ് സ്മാർട്ട് ഫോൺ കാമറകളും.

പെൺകുട്ടികളെ പുറത്തേക്ക് അയയ്ക്കാൻ രക്ഷിതാക്കൾക്ക് പേടിയായിത്തുടങ്ങിയിട്ടുണ്ട്. സാമൂഹ്യവിരുദ്ധരുടെ കഴുകൻകണ്ണുകൾ കാമറകൾക്കുള്ളിൽ ഒളിഞ്ഞിരിപ്പില്ലെന്ന് എങ്ങനെ ഉറപ്പിക്കാനാവും. സ്ഥാപനങ്ങളിലും പൊതുഇടങ്ങളിലും ഒളികാമറകൾ ഇല്ലെന്ന് ഉറപ്പുവരുത്താൻ പരിശോധനാസംഘങ്ങളെ നിയോഗിക്കുന്നതരത്തിൽ അധികൃതരുടെ ഭാഗത്തു നിന്ന് നടപടികൾ ഉണ്ടായേ തീരൂ. കാമറക്കണ്ണുകൾ സ്ത്രീകളുടെ ജീവിതം നശിപ്പിക്കുകയും വ്യക്തികളെ ഭീഷണിയുടെ മുൾമുനയിൽ നിറുത്തുകയും ചെയ്യുന്ന നിലയിലേക്ക് ഈ സാമൂഹ്യവിരുദ്ധ പ്രവർത്തനം വളരാൻ അനുവദിക്കരുത്.

സൗമ്യ സന്തോഷ്

കാട്ടാക്കട

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LETTER
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.