SignIn
Kerala Kaumudi Online
Saturday, 20 April 2024 3.21 AM IST

രാ.ഗായിൽ അലിഞ്ഞ് മലപ്പുറം

rrrr

മലപ്പുറം: നേരം പുലരും മുമ്പെ പുലാമന്തോൾ ഉണർന്നിരുന്നു. വീഥികളിൽ ഇരുട്ടിനെ വകഞ്ഞുമാറ്റി വാഹനങ്ങളുടെ വെളിച്ചം തെളിഞ്ഞു കൊണ്ടേയിരുന്നു. രാവിലെ ആറിന് മുമ്പേ പുലാമന്തോൾ ജംഗ്ഷൻ ജനസാഗരമായി. ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നെത്തിയവരുടെ ലക്ഷ്യം ഒന്ന് മാത്രം, പ്രിയനേതാവ് രാഹുൽ ഗാന്ധിയെ കാണണം, കൂടെ നടക്കണം. ഭാരത് ജോഡോ യാത്ര പാലക്കാടിൽ നിന്നും ഇന്നലെ രാവിലെ 6.30നായിരുന്നു ജില്ലാ അതിർത്തിയായ പുലാമന്തോൾ വഴി മലപ്പുറത്തേക്കുള്ള പ്രയാണം. വെള്ള ടീഷർട്ടും ട്രാക്ക് സ്യൂട്ടും ധരിച്ച് 6.25 ആയപ്പോഴേക്കും രാഹുലെത്തി. കൈവീശിയൊരു പുഞ്ചിരി. പ്രവർത്തകരുടെ ആവേശം അണപൊട്ടി. പലഭാഗങ്ങളിൽ നിന്നായി അപ്പോഴും വാഹനങ്ങൾ എത്തിക്കൊണ്ടേയിരുന്നു. പദയാത്ര കൃത്യസമയത്ത് തന്നെ തുടങ്ങണമെന്നതിൽ രാഹുലിന് നി‌ർബന്ധമുണ്ട്. പദയാത്രയിലെ മുന്നൂറോളം വരുന്ന സ്ഥിരാംഗങ്ങളും അനൗൺസ്‌മെന്റ് വാഹനങ്ങളും സുരക്ഷാ സംവിധാനങ്ങളുമെല്ലാം സജ്ജം. ജനത്തിരക്ക് രാഹുലിന്റെ നടത്തത്തിന് തടസ്സമുണ്ടാക്കാതിരിക്കാൻ മുൻകൂട്ടി റോഡിന് ഇരുവശത്തും നിശ്ചിതദൂരം പൊലീസ് കയറുകെട്ടി സുരക്ഷാവലയം തീർത്തു. നേതാക്കളോട് കുശലം പറഞ്ഞും കാണാൻ കാത്തുനിന്നവരോട് കൈവീശിയും നടത്തം തുടങ്ങി. പിന്നിൽ സ്ഥിരാംഗങ്ങളും സംസ്ഥാനത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും. ഒപ്പം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ.പി.സി.സി പ്രസി‌ഡന്റ് കെ.സുധാകരൻ, രമേശ് ചെന്നിത്തല, എം.എം.ഹസൻ, കെ.മുരളീധൻ എം.പി, എ.പി.അനിൽകുമാർ, രാജ്മോഹൻ ഉണ്ണിത്താൻ എം.പിയടക്കം നേതാക്കളുടെ നിരയും. തൊട്ടുപിന്നിൽ പെരിന്തൽമണ്ണ, മങ്കട, കോട്ടയ്ക്കൽ, മലപ്പുറം, തവനൂർ നിയോജക മണ്ഡലങ്ങളിലെ നേതാക്കളും പ്രവർത്തകരും മൂവർണ്ണക്കൊടിയുമായി അണിനിരന്നു. മുന്നിൽ അനൗൺസ്‌മെന്റ് വാഹനങ്ങളും മാദ്ധ്യമപ്പടയും.

അതിരാവിലെ ആയിട്ടും സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയ ജനക്കൂട്ടം രാഹുലിനെ കാണാൻ തടിച്ചുകൂടിയിരുന്നു. റോസാപൂവും ബൊക്കയുമായി റോഡിനരികിൽ മണിക്കൂറോളം കാത്തുനിന്നവരുണ്ട്. പലരും ആവേശം മൂത്ത് സുരക്ഷാവലയവും ഭേദിച്ച് രാഹുലിന്റെ അടുത്തെത്തി. ഓടിയെത്തിയ ആരേയും നിരാശരാക്കാതെ രാഹുൽ അവരെ ചേർത്തുപിടിച്ചു. യാത്ര തുടങ്ങി ഒന്നര മണിക്കൂർ പിന്നിട്ടപ്പോൾ കുന്നപ്പള്ളി വളയംമൂച്ചിക്കലിലുള്ള അമൽ റസ്റ്റോറന്റിൽ പ്രഭാതഭക്ഷണത്തിനായി രാഹുൽ ഗാന്ധി കയറി. 20 മിനിറ്റിന് ശേഷം യാത്ര 8.35 ഓടെ വീണ്ടും പുനഃരാരംഭിച്ചു. നേതാക്കൾ നേരത്തെ തന്നെ റെസ്റ്റോറന്റിലെത്തി രാഹുൽ എത്തുന്ന കാര്യം അറിയിച്ചിരുന്നു. രാഹുലിന്റെ സുരക്ഷാസംഘവും ഇവിടെയെത്തി കാര്യങ്ങൾ നിരീക്ഷിച്ചിരുന്നു.

രാഹുലിനെ കാണാനെത്തിയ കുട്ടികളെ എടുത്തും അവരോട് കുശലം അന്വേഷിച്ചും ഏവരുടെയും ഹൃദയം കീഴടക്കിയുമായിരുന്നു രാഹുൽ മുന്നേറിയത്. പരിയാപുരം സെന്റ്‌മേരീസ് ഹയർസെക്കൻഡറി സ്‌കൂൾ പ്ലസ്‌വൺ വിദ്യാർത്ഥിനി പി.ടി.ഷന ഷെറിൻ വരച്ച രാഹുൽ ഗാന്ധിയുടെ ച്ഛായാചിത്രം രാഹുലിന് നേരിട്ട് കൈമാറി. ഷനയെ ചേർത്ത് പിടിച്ച് അരക്കിലോമീറ്ററോളം രാഹുൽ നടന്നു. ഭിന്നശേഷി വിദ്യാർത്ഥിയായ ഖദീജ കോട്ടയ്ക്കലിനേയും ഒപ്പംകൂട്ടാൻ രാഹുൽ മറന്നില്ല. സമ്മാനങ്ങളുമായി നിരവധി പേരാണ് രാഹുൽ ഗാന്ധിയെ കാണാനെത്തിയത്. 9.20ഓടെ യാത്ര പെരിന്തൽമണ്ണ ടൗണിലെത്തിയപ്പോഴേക്കും ജാഥയിലുള്ളവരും കാണാൻ വന്നവരുമായി പെരിന്തൽമണ്ണ നഗരവും പരിസരവും വീർപ്പ് മുട്ടി. കെട്ടിടങ്ങൾക്കും വീടിന് മുകളിലുമായി നിലയുറപ്പിച്ച നൂറുകണക്കിനാളുകളാണ് രാഹുലിനെ കാണാനും കൈവീശി കാണിക്കാനും തിരക്കുകൂട്ടിയത്. 14 കിലോമീറ്റ‌ർ പിന്നിട്ട് രാവിലെ പതിനൊന്നരയോടെ പൂപ്പലം മുഹമ്മദലി ശിഹാബ് തങ്ങൾ മെമ്മോറിയൽ ആട്സ് ആന്റ് സയൻസ് കോളേജിലെത്തി. ഇവിടെയായിരുന്നു രാഹുൽ ഗാന്ധിക്കും ജാഥാംഗങ്ങൾക്കും ഭക്ഷണവും വിശ്രമവും ഒരുക്കിയിരുന്നത്. ഇതിനിടെ രാഹുലിനെ സന്ദർശിക്കാൻ കുഞ്ഞാലിക്കുട്ടി അടക്കമുള്ള പ്രധാന മുസ്‌ലിം ലീഗ് നേതാക്കളെത്തി. ശേഷം അരമണിക്കൂറോളം നേരം കർഷക പ്രതിനിധികളുമായി ചർച്ച.

വൈകിട്ട് നാലിന് പൂപ്പലം ജംഗ്ഷനിൽ നിന്നാരംഭിച്ച യാത്ര 10 കിലോമീറ്റർ ദൂരം സഞ്ചരിച്ച് സമാപന സ്ഥലമായ പാണ്ടിക്കാടിലേക്ക് എത്തിയപ്പോഴേക്കും ജനസാഗരമായി. പൊന്നാനി, തിരൂർ, താനൂർ, വള്ളിക്കുന്ന് നിയോജക മണ്ഡലങ്ങളിലേയും പാണ്ടിക്കാട് ബ്ലോക്കിലെയും നേതാക്കളും പ്രവർത്തകരും അണിനിരന്നു.

യാത്ര ഇന്ന് ഇങ്ങനെ

രാവിലെ 6.30ന് യാത്ര പാണ്ടിക്കാട് നിന്നാരംഭിച്ച് 15 കിലോമീറ്റർ സഞ്ചരിച്ച് 11 മണിയോടെ വണ്ടൂരിൽ എത്തിച്ചേരും. ഉച്ചഭക്ഷണത്തിന് പിരിയും. വൈകിട്ട് നാലോടെ വണ്ടൂർ നടുവത്ത് നിന്നാരംഭിച്ച് 15 കിലോമീറ്റർ സഞ്ചരിച്ച് നിലമ്പൂർ ചന്തക്കുന്നിൽ സമാപിക്കും. നാളെ രാവിലെ 6.30ന് കരിമ്പുഴ വനമേഖല കഴിഞ്ഞു ചുങ്കത്തറ മുട്ടികടവിൽ നിന്നാരംഭിച്ചു വഴിക്കടവ് മണിമൂളിയിൽ 11 മണിക്ക് സമാപിക്കും. വഴിക്കടവിലൂടെ ഉച്ചയോടെ തമി‌ഴ്‌നാട്ടിലേക്ക് പ്രവേശിക്കും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, RAHUL GANDHI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.