SignIn
Kerala Kaumudi Online
Friday, 26 April 2024 4.13 PM IST

പട്ടേലിനു പോലും സാധിച്ചില്ല, മൂന്നുവട്ടം നിരോധിച്ചിട്ടും  തിരിച്ചു വന്ന ആർ എസ് എസ്, പോപ്പുലർ ഫ്രണ്ടിനൊപ്പം ആർ എസ് എസും നിരോധിക്കണമെന്നാവശ്യപ്പെടുമ്പോൾ അറിയണം ആ ചരിത്രം

rss

രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്‌ഐ) നിരോധിച്ചു കൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവ് ഇന്ന് ഇറങ്ങിയിരുന്നു. ഈ സാഹചര്യത്തിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തെ കുറിച്ച് പ്രതികരണം ആരായുമ്പോൾ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും ഉയരുന്ന ആവശ്യം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്കൊപ്പം ആർ എസ് എസിനെയും കൂടി നിരോധിക്കണമെന്നാണ്. രാഷ്ട്രീയ നേതാക്കളിൽ പ്രധാനമായും കോൺഗ്രസ്, ഇടത് പാർട്ടികളിലുള്ളവരാണ് ഈ അഭിപ്രായം ഉയർത്തുന്നത്. കുറച്ചാളുകൾ നിരോധനം കൊണ്ട് ഫലമില്ലെന്നും ആർ എസ് എസിനെ നിരോധിച്ചിട്ട് എന്തായി എന്ന മറുചോദ്യവുമാണ് ഉയർത്തുന്നത്. ഇന്ത്യയിൽ ആർ എസ് എസിനെ നിരോധിച്ചത് എപ്പോഴാണെന്നും, എന്തു കൊണ്ടാണെന്നും, എങ്ങനെ നിരോധനം പരാജയപ്പെട്ടുവെന്നും നമുക്കും പരിശോധിക്കാം.

നിരോധനം മൂന്ന് തവണ

1925ൽ കോൺഗ്രസ് അംഗമായ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാർ രൂപീകരിച്ച ഒരു 'സാംസ്‌കാരിക' സംഘടനയാണ് ആർ എസ് എസ്. ഇന്ത്യയിൽ ആർ എസ് എസ് മൂന്ന് വട്ടമാണ് നിരോധിക്കപ്പെട്ടിട്ടുള്ളത്. 1948, 1975, 1992 വർഷങ്ങളിലാണ് നിരോധനം നേരിടേണ്ടി വന്നത്.

1948
മഹാത്മാഗാന്ധിയുടെ കൊലപാതകത്തെ തുടർന്നാണ് 1948ൽ ആർ എസ് എസിന് നിരോധനം നേരിടേണ്ടി വന്നത്. 1948 ഫെബ്രുവരി 4നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആർ എസ് എസിനെ നിരോധിച്ചത്. സർദാർ വല്ലഭായ് പട്ടേലിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം ഏറെ വെല്ലുവിളിയാണ് ഉയർത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച കുറിപ്പിൽ പറയുന്നത് ഇപ്രാകാരമായിരുന്നു. 'നമ്മുടെ രാജ്യത്ത് പ്രവർത്തിക്കുന്ന വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും ശക്തികളെ വേരോടെ പിഴുതെറിയാനും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കാതിരിക്കാനുമാണ് ആർഎസ്എസിനെ നിരോധിക്കുന്നത്.' അപകടകരമായ നിരവധി പ്രവർത്തനങ്ങളിൽ ആർ എസ് എസ് ഏർപ്പെട്ടുവെന്നും, തീവപ്പ്, കവർച്ച, കൊള്ള, കൊലപാതകം എന്നിവ ഉൾപ്പെടുന്ന അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും അനധികൃത ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിക്കുകയും ചെയ്തതായും ആർ എസ് എസിനെ നിരോധിക്കാനുള്ള കാരണങ്ങളായി പറയുന്നു. ആർഎസ്എസിന്റെ പ്രവർത്തനങ്ങൾ സർക്കാരിന്റെയും സംസ്ഥാനത്തിന്റെയും നിലനിൽപ്പിന് വ്യക്തമായ ഭീഷണിയാണെന്ന് ഡോ ശ്യാമ പ്രസാദ് മുഖർജിക്ക് എഴുതിയ കത്തിൽ പട്ടേൽ അടിവരയിടുന്നുണ്ട്.

എന്നാൽ ആർ എസ് എസിനെ നിരോധിക്കാനുള്ള തീരുമാനം കേവലം 18 മാസങ്ങൾക്ക് ശേഷം പട്ടേലിനു തന്നെ തിരുത്തേണ്ടി വന്നു. കോൺഗ്രസ് നേതൃത്വവും ആർ എസ് എസുമായുള്ള അനൗപചാരിക ബന്ധമാണ് നിരോധനം പിൻവലിക്കാൻ കാരണമായതെന്ന് അക്കാലത്ത് ആരോപണം ഉയർന്നിരുന്നു. രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കാമെന്ന വ്യവസ്ഥ നിരോധനം നീക്കുന്നതിനായി മുന്നോട്ടു വച്ചുവെന്നും പറയപ്പെടുന്നുണ്ട്. എന്നാൽ ഇത്തരമൊരു വ്യവസ്ഥയെ ആർ എസ് എസ് പരസ്യമായി അംഗീകരിക്കുന്നില്ല.

ആർ എസ് എസ് പ്രവർത്തനങ്ങളിൽ രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പൊതുവെ മൃദുസമീപനമാണ് കാണിച്ചിട്ടുള്ളത്. സ്വാതന്ത്ര്യാനന്തരം ജമ്മു കാശ്മീരിൽ പാകിസ്ഥാൻ ആക്രമണം നടത്തിയപ്പോൾ സംഘ് സന്നദ്ധപ്രവർത്തകർ ചെയ്ത സേവനങ്ങളും, 1962ൽ ചൈനയുടെ ആക്രമണസമയത്ത് ആർഎസ്എസ് ചെയ്ത സേവനങ്ങളെയും നെഹ്റു അംഗീകരിച്ചിരുന്നു. 1963ലെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ ആർഎസ്എസിനെ ക്ഷണിക്കുകയും ചെയ്തിരുന്നു.


1975
രണ്ടാമത് രാജ്യത്ത് ആർ എസ് എസ് പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തേണ്ടി വന്നത് ഇന്ദിരാഗാന്ധി ഏർപ്പെടുത്തിയ അടിയന്തരാവസ്ഥക്കാലത്തായിരുന്നു. ഈ നിരോധനം കൂടുതൽ രാഷ്ട്രീയ സ്വഭാവമുള്ളതായിരുന്നു എന്ന് വേണം കരുതാൻ. രാജ്യത്തെ സമാനമായ മറ്റു സംഘടനകൾക്കും ആർ എസ് എസിനെ പോലെ നിയന്ത്രണങ്ങൾ നേരിടേണ്ടി വന്നു.

എന്നാൽ പിൽക്കാലത്ത് രാജീവ് ഗാന്ധി ആർഎസ്എസ് മേധാവി ബാലാസാഹേബ് ദേവറസുമായി ഒരു രഹസ്യ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുണ്ട്. ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് ശേഷമായിരുന്നു ഇത്. 1984 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർഎസ്എസ് പിന്തുണ കോൺഗ്രസിന് ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ദൂർദർശനിൽ
രാമാനന്ദ് സാഗറിന്റെ രാമായണത്തിന് ക്ലിയറൻസ് ലഭിക്കുന്നതിൽ വരെ ഈ ബന്ധത്തിന്റെ അടിയൊഴുക്കുണ്ടായിരുന്നതായുള്ള വിവരങ്ങൾ ലഭ്യമാണ്.

1992ൽ
ആർ എസ് എസ് രാജ്യത്ത് മൂന്നാമതായി നിരോധിക്കപ്പെട്ടത് 1992ലായിരുന്നു. അയോദ്ധ്യയിലെ ബാബറി മസ്ജിദ് തകർത്തതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രി പി വി നരസിംഹ റാവുവും ആഭ്യന്തര മന്ത്രി ശങ്കർറാവു ബൽവന്ത്രാവു ചവാനും ചേർന്ന് ആർ എസ് എസിനെ വിലക്കാൻ തീരുമാനിച്ചത്. എന്നാൽ കേന്ദ്ര ട്രൈബ്യൂണലിന് മുമ്പാകെ ആർ എസ് എസിനെ നിരോധിച്ചത് ന്യായീകരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ആർഎസ്എസ്, വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദൾ, ജമാഅത്തെ ഇസ്ലാമി ഹിന്ദ്, സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) എന്നിവയെ റാവു സർക്കാർ നിരോധിച്ചിരുന്നു.

എന്നാൽ ബാബറി മസ്ജിദ് തകർക്കപ്പെടുന്നതിന് മുൻപ് പിവി നരസിംഹ റാവു ആർഎസ്എസിനോട് മൃദുസമീപനം സ്വീകരിച്ചുവെന്ന് ആരോപണവും ശക്തമാണ്. കോടതിക്ക് പുറത്ത് വിഷയം ഒത്തുതീർപ്പാക്കാൻ റാവു ഉന്നത ആർഎസ്എസ് നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PFI, PFI BAN, RSS, BAN RSS, BJP RSS, RSS HISTORY, POPULAR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.