SignIn
Kerala Kaumudi Online
Thursday, 19 September 2024 3.30 AM IST

യുദ്ധം തകർത്തത് ഇവരുടെ സ്വപ്നം

Increase Font Size Decrease Font Size Print Page

ukraine

ഡോക്ടറെന്ന സ്വപ്നവുമായി യുക്രെയിനിലേക്ക് പറന്ന വിദ്യാർത്ഥികൾ യുദ്ധത്തെ തുടർന്ന് കേരളത്തിൽ തിരിച്ചെത്തിയതോടെ ഭാവിയെ കുറിച്ചുള്ള ആശങ്ക മാത്രമാണ് ബാക്കിയായത്. വിവിധ യൂണിവേഴ്സിറ്റികൾ ഒാൺലൈൻ ക്ലാസുകൾ അവസാനിപ്പിക്കാനൊരുങ്ങുകയാണ്, യൂണിവേഴ്സിറ്റികൾ പുതിയ അദ്ധ്യയന വർഷത്തിലേക്ക് കടക്കുന്നു ,പ്രാക്ടിക്കൽ ക്ലാസുകൾ കിട്ടാതെ അവസാന വർഷ മെഡിക്കൽ വിദ്യാ‌ർത്ഥികളുടെ സമയം നാട്ടിൽ പാഴാകുന്നു. ഇങ്ങനെ വിദ്യാ‌ർത്ഥികൾക്ക് മുന്നിൽ വെല്ലുവിളികളേറെയാണ്.

യുക്രെയിനിലെത്തിയാൽ ക്ലാസുകൾ നൽകുന്നതിൽ തടസ്സമില്ലെന്നാണ് യൂണിവേഴ്സിറ്റികൾ അറിയിച്ചത്. എന്നാൽ എയർ പോർട്ടുകൾ അടച്ചിരിക്കുകയാണ്. ഫ്ലൈറ്റുകളൊന്നുമില്ല. ഹംഗറി, പോളണ്ട് വഴി പോകാം. എന്നാൽ വിദ്യാ‌ത്ഥികൾ സ്വന്തം റിസ്കിൽ പോകേണ്ടി വരുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. യുദ്ധം അവസാനിക്കാത്ത സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കാതെ മക്കളെ എന്ത് ധൈര്യത്തിലാണ് മടക്കി അയയ്‌ക്കുകയെന്നാണ് രക്ഷിതാക്കളുടെ ചോദ്യം.

വിദ്യാർത്ഥി എത്രാമത്തെ വർഷമാണ്, ഏതൊക്കെ പേപ്പറുകൾ ക്ലിയർ ചെയ്തു തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള ട്രാൻസ്ക്രിപ്റ്റ് സർട്ടിഫിക്കറ്റുകൾ നേരിട്ടുപോയി വാങ്ങിയാൽ മാത്രമേ പുതിയ അദ്ധ്യയന വർഷത്തിലേക്കുള്ള പ്രവേശനം ലഭിക്കുകയുള്ളൂ. എന്നാൽ അദ്ധ്യയന വർഷം ഒന്നോ രണ്ടോ മാസത്തിനകം ആരംഭിക്കാനിരിക്കെ ട്രാൻസ്ക്രിപ്റ്റ് സർട്ടിഫിക്കറ്റ് കിട്ടുമെന്ന് യാതൊരു പ്രതീക്ഷയുമില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു.

തിരിച്ചുപോകാൻ കഴിയാതായതോടെ ഒന്നാം വർഷ വിദ്യാർത്ഥികൾ പലരും മറ്റ് കോഴ്സുകൾക്ക് ചേർന്നു . അവസാന വർഷ വിദ്യാർത്ഥികൾക്ക് ഒാൺലൈൻ ക്ലാസുകൾ തീർത്തും അപര്യാപ്തമാണ്. പ്രാക്ടിക്കലായി ചെയ്ത് പഠിക്കേണ്ട കാര്യങ്ങൾ ഒാൺലൈനിലൂടെ ഗ്രഹിക്കുക അസാദ്ധ്യവുമാണ്. എല്ലാം കൂടിക്കുഴഞ്ഞ് കിടക്കുന്ന വല്ലാത്ത അനിശ്ചിതാവസ്ഥയിൽ എന്തു ചെയ്യണമെന്നറിയാത്ത ഈ കുട്ടികൾ മുട്ടാത്ത വാതിലുകളില്ല. പലരോടും തങ്ങളുടെ ദുരിതങ്ങൾ പറഞ്ഞെങ്കിലും എല്ലാവരും കൈമലർത്തുന്നു.

ലക്ഷങ്ങൾ മുടക്കി നാടും വീടും വിട്ട് പോയ വിദ്യാർത്ഥികളുടെ ഭാവിയാണ് ഇരുളടയുന്നത്. കേന്ദ്ര സർക്കാർ ആവശ്യമായ ഇടപെടൽ നടത്തിയാലേ വിദ്യാർത്ഥികളുടെ പ്രതിസന്ധി അവസാനിക്കുകയുള്ളൂ. വിദ്യാർത്ഥികൾ കടുത്ത മാനസ്സിക സംഘർഷത്തിലേക്കാണ് പോകുന്നതെന്നും യുക്രെയിനിൽ അഞ്ചാം വർഷ മെഡിക്കൽ വിദ്യാ‌ർത്ഥിയായ കണ്ണൂർ സ്വദേശി ഔസാഫ് ഹുസൈൻ പറഞ്ഞു.

യുക്രെയിനിൽ നിന്ന് മടങ്ങിയ വിദ്യാർത്ഥികൾക്ക് രാജ്യത്തെ മെഡിക്കൽ കോളേജുകളിൽ തുടർപഠനം പറ്റില്ലെന്നാണ് നാഷണൽ മെഡിക്കൽ കമ്മിഷന്റെ നിലപാട്. ഒരേ സർവകലാശാലയിൽത്തന്നെ കോഴ്സ് പൂർത്തിയാക്കണമെന്ന നിബന്ധന ഒഴിവാക്കി മറ്റു രാജ്യങ്ങളിലെ സർവ്വകലാശാലകളിൽ പഠനം പൂർത്തിയാക്കാൻ മെഡിക്കൽ കമ്മിഷൻ അനുമതി നൽകിയിട്ടുണ്ട്. കോഴ്സ്, പരിശീലനം, ഇന്റേൺഷിപ്പ് എന്നിവ ഒരേ മെഡിക്കൽ സ്ഥാപനത്തിൽ ചെയ്യണമെന്നായിരുന്നു നേരത്തേയുള്ള നിർദേശം. യുദ്ധവും അനുബന്ധ സാഹചര്യങ്ങളും കാരണം യുക്രെനിൽ നിന്നും പഠനം മുടങ്ങി മടങ്ങിയെത്തിയ വിദ്യാർത്ഥികളുടെ തുടർപഠനം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരും ദേശീയ മെഡിക്കൽ കമ്മിഷനുമാണെന്നും കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശങ്ങൾ ലഭ്യമാക്കുന്ന മുറയ്ക്ക് ഈ വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.

നാഷണൽ മെഡിക്കൽ കമ്മിഷന്റെ ജൂലായ് 28 ലെ സർക്കുലർ പ്രകാരം കൊവിഡ് 19 ,റഷ്യ-യുക്രെയിൻ യുദ്ധം എന്നിവയുടെ ഭാഗമായി വിദേശത്തു നിന്നും മടങ്ങേണ്ടി വന്ന അവസാന വർഷ വിദ്യാർത്ഥികളിൽ മേയ് 30 ന് മുൻപ് പഠനം പൂർത്തിയാക്കി അതതു സ്ഥാപനങ്ങളിൽ നിന്ന് സർട്ടിഫിക്ക​റ്റ് ലഭ്യമായിട്ടുള്ളവർക്ക് എഫ്.എം.ജി.ഇ (ഫോറിൻ മെഡിക്കൽ ഗ്രാജുവേ​റ്റ് എക്‌സാമിനേഷൻ) പരീക്ഷ എഴുതാവുന്നതും, ജയിക്കുന്നവർക്ക് നഷ്ടപ്പെട്ട ക്ലിനിക്കൽ ട്രെയിനിംഗ് കിട്ടുന്നതിലേക്കായി രണ്ടുവർഷത്തെ ഇന്റേൺഷിപ്പ് പൂർത്തിയാക്കാവുന്നതുമാണെന്നും അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ നവംബർ 18ന് മുൻപ് പ്രവേശനം നേടിയവർക്ക് മ​റ്റു യൂറോപ്യൻ രാജ്യങ്ങളിലെ യൂണിവേഴ്‌സി​റ്റികളിലേക്ക് മാറാമെന്ന ഓപ്ഷനുമുണ്ട്. ഇതോടെ രണ്ടാംവർഷ വിദ്യാർത്ഥികൾക്ക് മറ്റുരാജ്യങ്ങളിൽ പഠിക്കാനാകും. എന്നാൽ യുക്രെയിനിലെ ഇതേ സിലബസും പരീക്ഷാരീതികളുമുള്ള യൂണിവേഴ്‌സി​റ്റി കണ്ടെത്തുക ശ്രമകരമാണ്. യുദ്ധസാഹചര്യം നിലനിൽക്കുന്നതിനാൽ ഇവിടത്തെ യൂണിവേഴ്‌സി​റ്റിയിൽ നിന്ന് സർട്ടിഫിക്ക​റ്റ് ലഭ്യമാക്കുകയെന്നതും പ്രതിസന്ധിയാണ്. കേന്ദ്രസർക്കാരിൽ നിന്നും അനുകൂല തീരുമാനമുണ്ടാകുന്നില്ലെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. യുക്രെയിനിലെ ചില യൂണിവേഴ്‌സിറ്റികൾ മ​റ്റുരാജ്യങ്ങളിൽ സൗകര്യമൊരുക്കാമെന്ന് അറിയിച്ചിരുന്നു.

വിദ്യാർത്ഥികൾ കടുത്ത

മാനസിക സംഘർഷത്തിലേക്ക്

ലക്ഷങ്ങൾ ചെലവാക്കി ഡോക്ടറാവുക എന്ന സ്വപ്നം മുറുകെപിടിച്ചാണ് വിദ്യാർത്ഥികൾ യുക്രെയിനിലേക്കെത്തിയത്. യുദ്ധം ഭീകരമായതോടെ ദുരന്തങ്ങൾക്കിടയിലൂടെയാണ് പലരും ജീവനും കൊണ്ട് നാട്ടിൽ തിരിച്ചെത്തിയത്. എന്നാൽ അതുവരെ നേരിട്ട എല്ലാ കഷ്ടപ്പാടുകളും പാഴാകുന്ന സ്ഥിതിയാണ് നാട്ടിൽ തിരിച്ചെത്തിയതോടെ പലരും നേരിടുന്നത്. ഭാവി തന്നെ വഴിമുട്ടുന്ന സ്ഥിതിക്കൊപ്പം ചുറ്റുമുള്ളവരുടെ ചോദ്യങ്ങളും പരിഹാസവും. പഠനം തുടരാനാവുമോ,നാട്ടിൽ സീറ്റ് കിട്ടാത്തതുകൊണ്ടല്ലേ പുറത്തേക്ക് പോകേണ്ടി വന്നത്, ലക്ഷങ്ങൾ വെറുതെ പാഴായില്ലേ തുടങ്ങിയ കുത്തുവാക്കുകൾ സഹിക്കേണ്ടിവരുന്ന വിദ്യാർത്ഥികളും നിരവധിയാണ്. ആവശ്യമായ പരീക്ഷകൾ പാസ്സായി യൂണിവേഴ്സിറ്റി നി‌ർദേശിക്കുന്ന എല്ലാ യോഗ്യതയുമുള്ളതുകൊണ്ട് തന്നെയാണ് തങ്ങൾക്കും മെഡിക്കൽ പഠനത്തിന് വിദേശത്ത് അവസരം ലഭിക്കുന്നതെന്നാണ് വിദ്യാർത്ഥികൾക്ക് പറയാനുള്ളത്.

പഠനാവസരം

തടഞ്ഞ് കേന്ദ്രം

തങ്ങളുടെ തുടർപഠനത്തിനായി സർക്കാർ ഇടപെടൽ വേണമെന്ന് രക്ഷിതാക്കളും തിരിച്ചെത്തിയ വിദ്യാർത്ഥികളും ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെവിടെയും പഠിക്കാൻ തയ്യാറാണെന്നും തുടർ പഠനത്തിന് നിയമ ഭേദഗതിയുൾപ്പെടെയുള്ളവ പരിഗണിക്കണമെന്നുമാണ് രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ആവശ്യം. യുദ്ധഭൂമിയിലേക്ക് ഇനി മടങ്ങാൻ സാഹചര്യമില്ലെന്നും രാജ്യത്തെ കോളേജുകളിൽ പഠിക്കാൻ അവസരം നൽകണമെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം. ഇതിനിടെയാണ് വിദ്യാർത്ഥികർക്ക് മെഡിക്കൽ കോളേജുകളിൽ പഠനം അനുവദിച്ച പശ്ചിമബംഗാളിന്റെ നീക്കം കേന്ദ്രം തടഞ്ഞത്.

എൻജിനീയറിംഗ്

വിദ്യാർത്ഥികൾക്ക്

ആശ്വാസം

യുദ്ധത്തെ തുടർന്ന് മടങ്ങിയെത്തിയ എൻജിനീയറിംഗ് വിദ്യാർത്ഥികളെ ഇന്ത്യയിലെ സർവകലാശാലകളിലെ ഒഴിവുള്ള സീ​റ്റുകളിലേക്ക് പരിഗണിക്കണമെന്ന് എ.ഐ.സി.ടി.ഇ സാങ്കേതിക സർവകലാശാല വി.സിമാർക്കും എ.ഐ.സി.ടി.ഇ അംഗീകൃത സ്ഥാപനങ്ങളിലെ തലവന്മാർക്കും നിർദേശം നൽകിയിരുന്നു.

എന്നാൽ മെഡിക്കൽ വിദ്യാർത്ഥികളുടെ പ്രവേശന കാര്യത്തിൽ ഇനിയും തീരുമാനമുണ്ടായിട്ടില്ല. 2000 ൽ അധികം മെഡിക്കൽ വിദ്യാ‌ത്ഥികൾ നാട്ടിൽ തിരിച്ചെത്തിയിട്ടുണ്ട്.

--

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MEDICAL STUDENTS FROM UKRAINE SEATS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.