SignIn
Kerala Kaumudi Online
Thursday, 19 September 2024 9.11 PM IST

അവസരങ്ങൾ പാഴാക്കരുത്

Increase Font Size Decrease Font Size Print Page
photo

സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങളുടെ വികസനത്തിന് സ്വകാര്യ സംരംഭകരെ ആകർഷിക്കാൻ സർക്കാർ ആലോചിക്കുകയാണ്. വളരെ നേരത്തേ പ്രവൃത്തിപഥത്തിൽ കൊണ്ടുവരേണ്ടിയിരുന്ന കാര്യം വളരെ വൈകിയാണെങ്കിലും ചിന്തയിൽ വന്നത് ഭാഗ്യമായി കരുതാം. അറുനൂറു കിലോമീറ്ററിലധികം നീളുന്ന തീരക്കടലും നാല്പത്തിനാലു നദികളും അനവധി കായലുകളും പുഴകളുമൊക്കെയുള്ള സംസ്ഥാനത്ത് ജലമാർഗമുള്ള ചരക്കുനീക്കവും വിനോദസഞ്ചാര സൗകര്യങ്ങളും വളരെ നേരത്തെ തന്നെ വികസിക്കേണ്ടതായിരുന്നു. ഈ രംഗത്ത് മുതൽമുടക്കാൻ സംരംഭകരെ കിട്ടാത്തതല്ല കാരണം. അതിനുവേണ്ടിയുള്ള ശ്രമങ്ങളൊന്നും നടത്തിയിട്ടില്ലെന്നതാണു വാസ്തവം. സ്വകാര്യ സംരംഭകരെ ശത്രുക്കളായി കാണുന്ന മനോഭാവം ഇന്നും വച്ചുപുലർത്തുന്നതാണ് കേരളം മറ്റു സംസ്ഥാനങ്ങൾക്കൊപ്പം വികസിക്കാത്തതിനുള്ള കാരണങ്ങളിലൊന്ന്. എല്ലാം സർക്കാർ മേഖലയിൽത്തന്നെ വേണമെന്ന വാദത്തിന് ഇന്നത്തെ കാലത്ത് വലിയ പ്രസക്തിയൊന്നുമില്ല. അതു മനസിലാക്കിയാണ് സർക്കാർ വിദേശികളിൽ നിന്നുള്ളത് ഉൾപ്പെടെ നിക്ഷേപം തേടി ലോക രാജ്യങ്ങൾ സന്ദർശിക്കുന്നത്.

സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങൾ വികസിപ്പിച്ച് ചരക്കുനീക്കം ജലമാർഗമാക്കാൻ ആകർഷകമായ പദ്ധതി വർഷങ്ങൾക്കു മുൻപുതന്നെ തയ്യാറാക്കിയിരുന്നു. ഇച്ഛാശക്തിയില്ലാത്തതിനാൽ നടപ്പായില്ലെന്നു മാത്രം. കൊല്ലം, ബേപ്പൂർ, അഴിക്കൽ, വിഴിഞ്ഞം, പൊന്നാനി തുടങ്ങിയ ചെറിയ തുറമുഖങ്ങൾ വലിയ വികസന സാദ്ധ്യതകളുള്ളവയാണ്. റോഡ് വഴിയുള്ള കടത്തുനീക്കത്തിന്റെ നല്ലൊരു ഭാഗം കടൽവഴിയാക്കിയാൽ നേട്ടം ചില്ലറയൊന്നുമല്ല. തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ചരക്കുകടത്തിന് സർക്കാർ പ്രോത്സാഹന പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതു പ്രയോജനപ്പെടുത്താൻ അധികമാരും മുന്നോട്ടുവരാത്തതിന് പ്രധാന കാരണം തുറമുഖങ്ങളിൽ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കഴിയാത്തതാണ്. ഏതായാലും ഈ ചെറുകിട തുറമുഖങ്ങളുടെ വികസനത്തിൽ പങ്കാളികളാകാൻ സ്വകാര്യ സംരംഭകരെ ക്ഷണിച്ചിരിക്കുകയാണ് ഇപ്പോൾ. മാരിടൈം ബോർഡിന്റെ ആഭിമുഖ്യത്തിൽ ഈയിടെ ദുബായിൽ സംഘടിപ്പിച്ച വ്യവസായ സംരംഭകരുടെ യോഗത്തിൽ നിരവധി സംരംഭകർ ഇതിൽ താത‌്‌പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നത് ശുഭലക്ഷണമാണ്. പദ്ധതി നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ഇരുപത് പേരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏറെ വികസന സാദ്ധ്യതകളുള്ള കൊല്ലം തുറമുഖത്തിനായിരിക്കും പ്രഥമ പരിഗണന.

ചെറുകിട തുറമുഖങ്ങളുടെ വികസനം കുറഞ്ഞ ചെലവിൽ ചരക്കുനീക്കം നടത്താൻ മാത്രമല്ല ഉതകുക. വിനോദസഞ്ചാര മേഖലയുടെ വൻകുതിപ്പിനുള്ള അനന്തസാദ്ധ്യതകളും ഇതോടൊപ്പം വന്നുചേരും. സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയിൽ നിന്നുള്ള വരുമാനം പ്രധാനമായും കരയിൽ നിന്നാണ് ഇപ്പോൾ ലഭിക്കുന്നത്. ജലമാർഗമുള്ള സഞ്ചാര മേഖലയുടെ വൈവിദ്ധ്യവത്‌കരണം ഒട്ടേറെപ്പേരെ ആകർഷിക്കും. സംസ്ഥാനത്തിന് വരുമാനത്തിനൊപ്പം ധാരാളം പേർക്ക് തൊഴിലും ലഭിക്കും. നിലവിൽ കടലിനെ ആശ്രയിച്ചുകഴിയുന്ന മത്സ്യമേഖലയിലുള്ളവർക്കും സുസ്ഥിര വരുമാനം ഉറപ്പാക്കുന്ന മേഖല കൂടിയാണിത്. നിക്ഷേപം നടത്താനൊരുങ്ങി വരുന്നവരെ എല്ലാ വിധത്തിലും അകമഴിഞ്ഞു സഹായിക്കാൻ സർക്കാർ ഒപ്പം തന്നെ നിൽക്കണം. ഇപ്പോൾ വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രദേശത്തു കാണുന്നതുപോലുള്ള കല്ലുകടി ഉണ്ടായാൽ നിക്ഷേപകർ ചുരുട്ടിക്കെട്ടി മടങ്ങും. പുതുതായി വരുന്ന ഏതു പദ്ധതിയും മുടക്കുക എന്ന വിട്ടുമാറാത്ത ദുശ്ശീലവുമായിരുന്നാൽ കേരളത്തെ രക്ഷിക്കാൻ ആരും മുന്നോട്ടുവരില്ലെന്നു കൂടി ഓർക്കണം. വളരാനുള്ള അവസരങ്ങൾ പാഴാക്കരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: EDITORIAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.