SignIn
Kerala Kaumudi Online
Thursday, 19 September 2024 6.12 AM IST

കോടിയേരി എന്ന പോരാളി

Increase Font Size Decrease Font Size Print Page

kk

ജീവിതം വിഴുങ്ങാൻ കാത്തുനിന്ന രോഗത്തോടും വിശ്വാസമർപ്പിച്ച പ്രസ്ഥാനത്തിനുവേണ്ടിയും അന്ത്യശ്വാസം വരെ പോരാടിയാണ് കോടിയേരി ബാലകൃഷ്ണൻ എന്ന അതുല്യനായ കമ്മ്യൂണിസ്റ്റ് നേതാവ് വിടപറയുന്നത്. സി.പി.എമ്മിന്റെ ചിരിതൂകുന്ന സൗമ്യമുഖമായി എക്കാലവും വിശേഷിപ്പിക്കപ്പെട്ട കോടിയേരിയുടെ വേർപാട് പാർട്ടിക്കു താങ്ങാനാവുന്നതല്ലെന്നു മാത്രമല്ല,​ കേരളത്തിന്റെ പൊതു മണ്ഡലത്തിനു തന്നെ തീരാനഷ്ടമാണ്.

കമ്മ്യൂണിസ്റ്റ് ആശയത്തിന്റെ കർക്കശമായ ചിട്ടവട്ടങ്ങളിൽ അടിയുറച്ചു നിൽക്കുമ്പോൾത്തന്നെ പുഞ്ചിരിയുടെ കുലീനത്വം കൊണ്ടും വാക്കുകളിലെ സ്നേഹമസൃണതകൊണ്ടും സമീപനത്തിലെ സഹജാവബോധംകൊണ്ടും ആരെയും തന്നിലേക്ക് അടുപ്പിച്ചു നിർത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. രാഷ്ട്രീയ എതിരാളികളോടുള്ള സമീപനത്തിൽപ്പോലും നിഷ്ക്കളങ്കമായ ഈ സൗമ്യഭാവം വിടർന്നുനിന്നിരുന്നു.അതുകൊണ്ടുതന്നെ എതിരാളികൾക്കും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം സ്വീകാര്യമായിരുന്നു.

വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെയും യുവജനപ്രസ്ഥാനത്തിന്റെയും കല്ലും മുള്ളും കനലുകളും നിറഞ്ഞ വഴികളിലൂടെ സഹനത്തിന്റെയും സമരത്തിന്റെയും ഒട്ടേറെ സന്ദർഭങ്ങൾ താണ്ടിയാണ് അദ്ദേഹം കോടിയേരിയെന്ന മേൽവിലാസത്തിലെത്തുകയും ജനങ്ങൾ ആദരിക്കുന്ന നേതാവായി വളരുകയും ചെയ്തത്. കണ്ണൂരിന്റെ കലുഷരാഷ്ട്രീയത്തിന്റെ കയറ്റിറക്കങ്ങളിലൂടെ കൊണ്ടും കൊടുത്തും മുന്നേറിയപ്പോഴും രാഷ്ട്രീയ സമീപനങ്ങളിലെ വിശുദ്ധി കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. എം.എൽ.എയും മന്ത്രിയും പാർട്ടി സെക്രട്ടറിയുമൊക്കെ അദ്ദേഹത്തിന് പൊതുപ്രവർത്തനത്തിലെ വ്യത്യസ്ത അദ്ധ്യായങ്ങൾ മാത്രമായിരുന്നു. അധികാരത്തിന്റെ ശാസനാ ലിഖിതങ്ങളോ ആടയാഭരണങ്ങളോ ഒരിക്കലും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് ഭാരമായിരുന്നില്ല. പാർട്ടി പ്രവർത്തകരോടെന്ന പോലെ തന്നെ സഹപ്രവർത്തകരോടും ഉദ്യാഗസ്ഥരോടും പെരുമാറാൻ കഴിയുന്ന മാനവിക മഹത്വം അദ്ദേഹത്തിനുണ്ടായിരുന്നു രാഷ്ട്രീയ എതിരാളികളോടുള്ള രൂക്ഷമായ എതിർപ്പുകളും വിമ‌ർശനങ്ങളും പരിഹാസങ്ങളും പോലും നർമ്മത്തിൽ ചാലിച്ചു മാത്രമെ അദ്ദേഹം പ്രകടിപ്പിച്ചിട്ടുള്ളൂ. അദ്ദേഹത്തിന്റെ പ്രസംഗങ്ങളെല്ലാം തന്നെ ചിരിയുടെ കൊടിയേറ്റമായിരുന്നു.

കമ്മ്യൂണിസ്റ്റുകാരന് വ്യക്തിയെന്ന നിലയിലും നേതാവെന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും ഒരുപോലെ ശോഭിക്കാൻ കഴിയുക അപൂർവമാണ്. അതിന് ഓരോ നിലയും ഓരോ സന്ദർഭവും ആവശ്യപ്പെടുന്ന വഴക്കങ്ങളിലേക്ക് സ്വന്തം വ്യക്തിത്വത്തെ പരുവപ്പെടുത്തേണ്ടതുണ്ട്. അപൂർവം ആളുകൾക്കു മാത്രം കഴിയുന്ന ഈ സിദ്ധി കോടിയേരിയിൽ നിറഞ്ഞുനിന്നിരുന്നു. എസ്.എഫ്.ഐ എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലേക്കു കടന്നുവന്ന കോടിയേരി വിദ്യാർത്ഥി- യുവജന പ്രസ്ഥാനത്തിന്റെ നേതാവായാണ് സി.പി.എമ്മിൽ എത്തിച്ചേരുന്നത്. തലശ്ശേരി കലാപകാലത്ത് സമാധാനദൂതനായിരുന്നു അദ്ദേഹം .അടിയന്തരാവസ്ഥക്കാലത്ത് പതിനാറു മാസം ജയിൽവാസമനുഭവിച്ചു. കർഷക പ്രസ്ഥാനത്തിനും കോടിയേരി നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്. അഞ്ചുതവണ തലശ്ശേരിയിൽ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട കോടിയേരി,​ വി.എസ് മന്ത്രിസഭയിൽ ആഭ്യന്തര, വിജിലൻസ്, ടൂറിസം വകുപ്പുകളുടെ ചുമതല വഹിച്ചു. മികച്ച ഭരണാധികാരിയായിരുന്നു. ജനമൈത്രി പൊലീസെന്ന ആശയം തന്നെ അദ്ദേഹത്തിന്റേതായിരുന്നു.

സി.പി.എമ്മിൽ വിഭാഗീയത കത്തിനിന്ന കാലയളവിലാണ് കോടിയേരി പാർട്ടി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. പാർട്ടിക്കുള്ളിലെ വിഭാഗീയത അവസാനിപ്പിക്കാൻ കോടിയേരി ആവിഷ്കരിച്ച നയവും തന്ത്രവും വെട്ടിനിരത്തലിന്റേതായിരുന്നില്ല; മറിച്ച് എല്ലാവരെയും ചേർത്തുനിറുത്തിയുള്ള ഒത്തുചേരലിന്റേതായിരുന്നു. സമവായത്തിന്റെ ഒരു വാതിൽ കോടിയേരി എന്ന രാഷ്ട്രീയ നേതാവ് എന്നും തുറന്നുവച്ചിരുന്നു. മൂന്നുതവണ പാർട്ടി സെക്രട്ടറിയായ കോടിയേരി അനാരോഗ്യത്താലാണ് ആ പദവിയിൽ നിന്ന് മാറിനിന്നത്. സി.പി.എമ്മിൽ വിഭാഗീയതയ്ക്കു വിരാമമിട്ട നേതാവെന്ന ഖ്യാതി മാത്രമല്ല,​ പാർട്ടിയെ തുടർഭരണത്തിലേക്കു നയിച്ചവരിൽ നിർണായക പങ്കു വഹിച്ച നേതാവായും കാലം കോടിയേരിയെ വിലയിരുത്തുമെന്നതിൽ സംശയമില്ല.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും സി.പി.എമ്മിനും കൂടുതൽ ജനകീയ മുഖം നൽകാനും ഇടതുപക്ഷ മതനിരപേക്ഷ പ്രസ്ഥാനം കൂടുതൽ ശക്തിപ്പെടുത്താനുമുള്ള ശ്രമങ്ങൾ സജീവമാകുന്നതിനിടയിലാണ് തീർത്തും അപ്രതീക്ഷിതമല്ലെങ്കിലും കോടിയേരിയുടെ വിയോഗം സംഭവിച്ചിരിക്കുന്നത്. സി.പി.എം പൊളിറ്റ്ബ്യൂറോ അംഗമെന്ന നിലയിൽ രാജ്യവ്യാപകമായി മതനിരപേക്ഷ പ്രസ്ഥാനം കരുത്തുറ്റതാക്കാൻ നിർണായക സംഭാവനകൾ നൽകാൻ കഴിയുന്ന നേതാവായിരുന്നു അദ്ദേഹം. എന്നും കേരളകൗമുദിയുടെ അഭ്യുദയകാംക്ഷിയായിരുന്നു കോടിയേരി. ആ സ്നേഹസാന്നിദ്ധ്യത്തിന്റെ വേദനാജനകമായ വേർപാടിൽ സി.പി.എമ്മിന്റെയും അദ്ദേഹത്തിന്റെ കുടുബത്തിന്റെയും ദു:ഖത്തിൽ ഞങ്ങളും പങ്കു ചേരുന്നു. പ്രിയ സഖാവേ,​ വിട.

.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: EDITORIAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.