ചങ്ങനാശേരി: യുവാവിനെ കൊന്ന് വീടിന് സമീപമുള്ള ഷെഡിൽ കുഴിച്ചിട്ട കേസിലെ പ്രതി അറസ്റ്റിൽ. ബി.ജെ.പി ആലപ്പുഴ ആര്യാട് ഈസ്റ്റ് പഞ്ചായത്ത് കമ്മിറ്റിയംഗം അവല്ലുക്കുന്ന് കിഴക്കേവേളിയിൽ ബിന്ദുമോൻ ആണ് കൊല്ലപ്പെട്ടത്. ബിന്ദുമോന്റെ സുഹൃത്ത് ആലപ്പുഴ പാതിരപ്പള്ളി സ്വദേശി മുത്തുകുമാറിനെ (51) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ കലവൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
മുത്തുകുമാർ താമസിക്കുന്ന വാടക വീടിനോട് ചേർന്ന ഷെഡിൽ കുഴിച്ചിട്ട നിലയിൽ ഇന്നലെയാണ് ബിന്ദുമോന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ട്. ഷെഡിൽ ഒരു മനുഷ്യന്റെ വലിപ്പത്തിൽ പുതുതായി കോൺക്രീറ്റ് ഇട്ടിരുന്നതും അതല്പം ഉയർന്ന നിലയിലായിരുന്നതും ശ്രദ്ധയിൽപ്പെട്ടതാണ് പൊലീസിന് സംശയമുണ്ടാക്കിയത്. മൂന്നടിയോളം ആഴത്തിൽ കുഴിച്ച് മൃതദേഹം ചരിച്ചിട്ട നിലയിലായിരുന്നു. ആലപ്പുഴയിൽ നിന്ന് ബിന്ദുമോനെ, മുത്തുകുമാർ ചങ്ങനാശേരിയിലെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തിയതാണോ, മറ്റെവിടെയെങ്കിലും വച്ച് കൊല നടത്തി മൃതദേഹം വീട്ടിലെത്തിച്ച് കുഴിച്ചുമൂടിയതാണോ എന്നതിനെക്കുറിച്ച് വ്യക്തത വന്നിട്ടില്ല.
ചമ്പക്കുളത്ത് ബന്ധുവിന്റെ മരണവിവരം അറിഞ്ഞുപോയ ബിന്ദുമോനെ 26 മുതൽ കാണാതായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പുതുപ്പള്ളി വാകത്താനം ഇരവിനല്ലൂരിലെ തോട്ടിൽ നിന്ന് ബിന്ദുമോന്റെ ബൈക്ക് കണ്ടെത്തി. അവസാനമായി വിളിച്ചത് മുത്തുകുമാറിനെയാണെന്നും വ്യക്തമായി.
ഇയാളോട് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദ്ദേശിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി. ബിന്ദുമോനെ 'ഞാൻ തട്ടി'യെന്ന രീതിയിൽ ഇയാൾ മദ്യലഹരിയിൽ ചിലരോട് പറഞ്ഞിരുന്നതായും പൊലീസിന് വിവരം കിട്ടിയിരുന്നു.
വീടുകളുടെ ടൈൽ, സ്റ്റീൽ വർക്കുകൾ ചെയ്യുന്ന ബിന്ദുമോന് നിർമ്മാണ തൊഴിലാളിയായ മുത്തുകുമാറുമായി ഏറെനാളത്തെ അടുപ്പമുണ്ട്. ആലപ്പുഴയിലെ വീടുവിറ്റശേഷം മുത്തുകുമാർ പൂവത്തിന് സമീപത്തെ ഭാര്യവീട്ടിലായിരുന്നു താമസം. നാലുമാസം മുൻപ് ഭാര്യ വിദേശത്ത് പോയതോടെ മൂന്ന് മക്കളുമൊത്ത് എ.സി കോളനിയിലുള്ള വീട്ടിൽ വാടകയ്ക്ക് എത്തി. നാലു ദിവസം മുൻപ് മക്കളെ സഹോദരിയുടെ നാലുകോടിയിലെ വീട്ടിൽ കൊണ്ടാക്കിയിരുന്നു. ബിന്ദുമോൻ അവിവാഹിതനാണ്. പിതാവ് പുരുഷൻ, അമ്മ കമല. സഹോദരങ്ങൾ: ഷൺമുഖൻ, സജി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |