പാലക്കാട്: ദൗർഭാഗ്യകരമായ വ്യാഴം എന്ന് വിശേഷിപ്പിക്കണം ഇന്നത്തെ ദിവസത്തെ. വടക്കഞ്ചേരിയിൽ കെ എസ് ആർ ടി സി ബസിന് പിന്നിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച ടൂറിസ്‌റ്റ് ബസ് ഇടിച്ചുകയറിയ അപകടത്തിൽ ഒമ്പത് ജീവനാണ് പൊലിഞ്ഞത്. അമ്പതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ‌്തു. ടൂറിസ്‌റ്റ് ബസ് ഡ്രൈവറുടെ അമിത വേഗമാണ് അപകടകാരണമെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
പുറപ്പെട്ട സമയം തുടങ്ങി ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നുവെന്നു വിദ്യാർത്ഥികളും പ്രതികരിച്ചു. 80 കിലോമീറ്ററിലധികം വേഗതയിലാണ് ബസ് ഓടിയിരുന്നത്. വേഗക്കൂടുതലല്ലേ എന്നു ചോദിച്ചപ്പോൾ പരിചയസമ്പന്നനായ ഡ്രൈവറായതിനാൽ സാരമില്ലെന്നായിരുന്നു മറുപടിയെന്ന് രക്ഷപ്പെട്ടവർ പറയുന്നു.
വേളാങ്കണ്ണി യാത്ര കഴിഞ്ഞ് വിയർത്ത് ക്ഷീണിതനായാണ് ടൂറിസ്‌റ്റ് ബസ് ഡ്രൈവർ എത്തിയത്. സംശയം തോന്നിയതിനാൽ ശ്രദ്ധിച്ച് പോകണമെന്ന് വിനോദയാത്ര സംഘത്തിലെ കുട്ടിയുടെ അമ്മ ഷാൻ്റി ഡ്രൈവറോട് പറഞ്ഞു. ഭയക്കേണ്ടെന്നും രണ്ട് ഡ്രൈവർ ഉണ്ടെന്നുമായിരുന്നു ഇവരോടുമുള്ള പ്രതികരണം.
അപകടത്തിൽപെട്ട ടൂറിസ്റ്റ് ബസ് മറ്റ് വാഹനങ്ങൾക്കും ഭീതിയുണ്ടാക്കിയാണ് അവിടേക്ക് എത്തിയതത്രേ. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് കെഎസ്ആർടിസി ബസിന്‍റെ പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചത്.
അമിത വേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന്‍റെ പുറകിലിടിച്ചശേഷം തലകീഴായി മറിയുകയായിരുന്നു. ഇടിച്ചശേഷം നിരങ്ങി നീങ്ങി ചതുപ്പിലേക്ക് മറിയുകയായിരുന്നു. കെഎസ്ആർടിസി ബസിനെ മറികടക്കാനുള്ള ശ്രമത്തിലാണ് അപകടം ഉണ്ടായത്. മറ്റ് വാഹനങ്ങളേയും മറികടന്നാണ് ടൂറിസ്റ്റ് ബസ് വന്നതെന്നും ദൃക്‌സാക്ഷികൾ പറയുന്നു. ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ബസിന്‍റെ ഒരു ഭാഗം ടൂറിസ്റ്റ് ബസിനുളളിലായി.
അപകടം നടന്ന ഉടൻ തന്നെ രക്ഷാ പ്രവര്‍ത്തനം തുടങ്ങി . എന്നാൽ ടൂറിസ്റ്റ് ബസിൽ ഉണ്ടായിരുന്നവരെ പുറത്തെടുക്കാൻ ഉള്ള ശ്രമം ദുഷ്കരമായിരുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് പലരേയും പുറത്തെടുത്തത്. ചിലർക്ക് അപകട സ്ഥലത്ത് തന്നെ മരണം സംഭവിച്ചിരുന്നു . കെഎസ്ആർടിസിയിലെ യാത്രക്കാർ പലരും റോഡിൽ തെറിച്ചുവീണ നിലയിൽ ആയിരുന്നു.
ഒരാൾ കൈ കാണിച്ചപ്പോൾ കെഎസ്ആർടിസി ബസ് പെട്ടന്ന് ബ്രേക്ക് ഇട്ടെന്നു രക്ഷപ്രവർത്തകരും പറഞ്ഞു. പിറകിൽ അമിതവേഗതയിൽ വന്ന ടൂറിസ്റ്റ് ബസ് ബ്രേക് ചവിട്ടിയെങ്കിലും നിർത്താൻ പറ്റിയില്ലെന്നും രക്ഷപ്രവർത്തനത്തിന് എത്തിയ സുധീഷ്, ജിജോ എന്നിവർ വ്യക്തമാക്കി.
പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലം കൊല്ലത്തറ ബസ്റ്റോപ്പിന് സമീപത്ത് അർദ്ധരാത്രി 12.30 ഓടെയാണ് സംഭവം. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ കുട്ടികൾ സഞ്ചരിച്ച ബസ് കൊട്ടാരക്കരയിൽ നിന്ന് കോയമ്പത്തൂരേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന്‍റെ പിന്നിലിടിച്ച് മറിയുകയായിരുന്നു.
ആറു പുരുഷൻമാരും മൂന്നു സ്ത്രീകളും മരിച്ചിട്ടുണ്ട്. ഏഴുപേരുടെ നില ഗുരുതരമാണ്. അമ്പതിലറെപേർക്ക് പരിക്കേറ്റിട്ടുണ്ട്. കെഎസ്ആർടിസി യാത്രക്കാരായ തൃശൂർ നടത്തറ കൊഴുക്കുള്ളി ഗോകുലം രോഹിത് രാജ് (24), കൊല്ലം വള്ളിയോട് വൈദ്യൻകുന്ന് ശാന്തിമന്ദിരം ഒ.അനൂപ് (22), സ്കൂൾ ജീവനക്കാരായ നാൻസി ജോർജ്, വി.കെ.വിഷ്ണു എന്നിവർ മരിച്ചവരിൽ ഉൾപ്പെടുന്നു. മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നും ആശങ്കയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |