കോഴിക്കോട്: നഗരത്തിലെ ആരോഗ്യരംഗം കൂടുതൽ മെച്ചപ്പെടുത്തുന്ന നടപടികളുമായി കോർപ്പറേഷൻ. 24 ഇടങ്ങളിൽ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളും എട്ട് പോളി ക്ലിനിക്കുകളും സ്ഥാപിക്കാൻ ഇന്നലെ ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. മേയർ ഡോ.ബീന ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗമാണ് കേന്ദ്രഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികൾക്ക് അംഗീകാരം നൽകിയത്.
11.21 കോടി ചെലവിലാണ് നഗരത്തിൽ 24 ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകൾ സ്ഥാപിക്കുക. എട്ട് എൻ.എച്ച്. എം സെന്ററുകളിലാണ് പുതിയ പോളി ക്ലിനിക്കുകൾ ആരംഭിക്കുന്നത്. ആറ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ കോർപ്പറേഷന്റെ സ്വന്തം കെട്ടിടങ്ങളിലും 18 എണ്ണം വാടക കെട്ടിടങ്ങളിലും പ്രവർത്തിക്കുക. നിലവിലുള്ള എൻ.എച്ച്.എം കേന്ദ്രങ്ങളാണ് പോളി ക്ലിനിക്കുകളാവുക. ഓരോപ്രദേശത്തും കൂടുതലുള്ള രോഗങ്ങൾ കണ്ടെത്തി സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ, ലാബ് സംവിധാനം എന്നിവയുണ്ടാവും. ഡോക്ടർമാരെ നിയമിക്കേണ്ടതും ശമ്പളം നൽകേണ്ടതും കോർപ്പറേഷനാണ്.
വാടകക്കെട്ടിടങ്ങൾക്ക് മാസം 40,000 രൂപ വരെ ചെലവഴിക്കാം. ഓരോ കേന്ദ്രത്തിലും ഒരു ഡോക്ടർ, ഒരു നഴ്സ്, ഒരു മൾട്ടിപർപ്പസ് വർക്കർ, ഒരു ക്ലീനിംഗ് സ്റ്റാഫ് എന്നിവരുണ്ടാകും. യോഗ സെന്ററും ടെലി കൺസൾട്ടേഷനും ലഭ്യമാക്കും. മരുന്നുകൾ കെ.എം.സി.എൽ ലഭ്യമാക്കും. വെൽനെസ് സെന്ററുകളും പോളി ക്ലിനിക്കുകളും തുടങ്ങി ബാക്കിയുള്ള ശേഷിക്കുന്ന തുക ഉപയോഗിച്ച് സർക്കാർ അനുവാദത്തോടെ പാലിയേറ്റീവ് കെയറിനായി 9.75 കോടി രൂപയും വയോമിത്രം പദ്ധതിയിലേക്ക് മൂന്ന് കോടി രൂപയും മാറ്റിവെയ്ക്കാൻ കൗൺസിൽ തീരുമാനിച്ചു. ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ ഡോ.എസ്. ജയശ്രീ പദ്ധതി വിശദീകരിച്ചു.
ഡെപ്യൂട്ടി മേയർ സി.പി.മുസഫർ അഹമ്മദ്, അൽഫോൻസ മാത്യു, എസ്.കെ. അബൂബക്കർ, കെ. മൊയ്തീൻകോയ, കെ.സി ശോഭിത, നവ്യഹരിദാസ്, ടി.കെ.ചന്ദ്രൻ, നവ്യ ഹരിദാസ്, പി.പി. നിഖിൽ തുടങ്ങിയവർ പ്രസംഗിച്ചു.
@ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ ഇവിടെ
മൊകവൂർ, ഫ്ലോറിക്കൽ റോഡ്, സിവിൽ സ്റ്റേഷൻ, മായനാട് ആർ.സി.എച്ച് ബിൽഡിംഗ്, കുതിരവട്ടം ടി.ബി.സെന്റർ, ചെറുവണ്ണൂർ കൊളത്തറ സബ് സെന്റർ എന്നിവിടങ്ങളിലെ കോർപ്പറേഷന്റെ സ്വന്തം കെട്ടിടങ്ങളിലും ചെട്ടികുളം, പുത്തൂർ എരഞ്ഞിക്കൽ, വേങ്ങേരി, മൂഴിക്കൽ, വൃന്ദാവൻ കോളനി , കോട്ടൂളി, മേത്തോട്ടുതാഴം, പൊക്കുന്ന്, പൊറ്റമ്മൽ, അഴകൊടി, തോപ്പയിൽ, ബേപ്പൂർ, നടുവട്ടം വായനശാല അരക്കിണർ, മാത്തോട്ടം, വടക്കെപൊറായി , കോയവളപ്പ്, ഈസ്റ്റ്ഹിൽ , എടക്കാട് എന്നിവടങ്ങളിലെ വാടകക്കെട്ടിടങ്ങളിലുമാണ് ആരംഭിക്കുന്നത്.
@ പോളി ക്ലിനിക്കുകൾ ഇവിടെ
കുണ്ടുപ്പറമ്പ്, പൊന്നാംകോട്, വെളിയഞ്ചേരിപ്പാടം, ചെലവൂർ, കണ്ണാടിക്കൽ, കണ്ണഞ്ചേരി, പയ്യാനക്കൽ, കിണാശ്ശേരി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |