SignIn
Kerala Kaumudi Online
Thursday, 19 September 2024 4.06 AM IST

തരൂരും ചില മത്സര ചിന്തകളും

Increase Font Size Decrease Font Size Print Page

cartoon

കോൺഗ്രസിൽ ഉൾപ്പുളകം എന്ന മലയാള വാക്കിന്റെ അർത്ഥം എല്ലാ വിധത്തിലും അനുഭവിച്ചറിഞ്ഞ് യുവരക്തമായ ഒറ്റ നേതാവേയുള്ളൂ. മുൻ എം.എൽ.എ കെ.എസ്.ശബരീനാഥ്. തിരുവനന്തപുരം എം.പിയും എഴുത്തുകാരനും ബുദ്ധിജീവിയും ടി.രാമലിംഗംപിള്ളയുടെ ഇംഗ്ളീഷ് -മലയാളം നിഘണ്ടുവിനെ നോക്കുകുത്തിയാക്കാൻ മാത്രം അവഗാഹവുമുള്ള ശശിതരൂർ എന്ന മാന്യദേഹം കോൺഗ്രസിന്റെ അഖിലേന്ത്യാ അദ്ധ്യക്ഷനാവാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ച നിമിഷമാണ് നമ്മുടെ ശബരീനാഥൻ രോമാഞ്ച കഞ്ചുകനായത്. കോൺഗ്രസിനെ നയിക്കാൻ ശശിതരൂരിനുള്ള യോഗ്യത അക്കമിട്ടാണ് അദ്ദേഹം നിരത്തിയത്. അദ്ദേഹത്തിന്റെ ഹൃദയാവർജ്ജകമായ കുറിപ്പ് കണ്ട് ശശിതരൂരിന്റെ കണ്ണുപോലും നിറഞ്ഞു. കോഴിക്കോട്ടെ എം.പി. എം.കെ.രാഘവനും കൊച്ചിയിലെ അഴകിയ രാവണൻ ഹൈബി ഈഡനും അടക്കം ഒരുപിടി യുവനേതാക്കൾ തരൂരിന് പരസ്യ പിന്തുണയുമായി രംഗത്തുവന്നു. ഇതെല്ലാം കണ്ടതോടെ ശശിതരൂരിനും ശബരീനാഥനുണ്ടായ ഉൾപ്പുളകാനുഭവം ഉണ്ടായി.

കോൺഗ്രസിൽ എപ്പോഴൊക്കെ പ്രതിസന്ധിയുണ്ടാവുന്നോ അപ്പോഴൊക്കെ മൗനവ്രതം പൂണ്ട് ഗുൽഗുലു തിക്തകവും വ്യോഷാദിവടകവും സേവിച്ച് വല്മീകസമനായി ഇരിക്കാറുള്ള ദേശീയ നേതാവിന്റെ പിന്തുണയൊക്കെ പ്രതീക്ഷിച്ചാണ് തരൂർ മത്സരത്തിന് മെനക്കെട്ടത്. പക്ഷേ മാമുനി സമാന നേതാവ് പ്രതീക്ഷയ്ക്ക് വിരുദ്ധമായി ദേശീയ നേതൃത്വം നിർദ്ദേശിച്ച ആളിന്റെ നാമനിർദ്ദേശ പത്രികയിൽ തിലകം ചാർത്തി. മനഃസാക്ഷി വോട്ടെന്നൊക്കെ പറഞ്ഞ് തരൂരിനെ കൊതിപ്പിച്ച മസിൽമാനും കാണക്കാണെ കാലുവാരി. വോളീബോൾ തള്ളുന്ന ലാഘവത്തോടെ രാഹുൽഗാന്ധിക്ക് രാഷ്ട്രീയ ദിശാബോധം നൽകുന്ന കേരളത്തിൽ നിന്നുള്ള 'അവശനായ യുവതുർക്കി ' തരൂരിനെ പിന്താങ്ങുമെന്ന് വെറുതെ മോഹിച്ചു. ഭാരത് 'ജൂഡോ'( വേഷവിധാനത്തിന്റെ അടിസ്ഥാനത്തിൽ രേഖപ്പെടുത്തപ്പെട്ടതാണ്) യാത്രയുടെ ഭാഗമായി സമോസയും ഉഴുന്നുവടയും ഏത്തപ്പഴവും കഴിച്ചും രാഹുൽജിയെ കഴിപ്പിച്ചും കൃതാർത്ഥനാവുന്ന, വേണുനാദത്തിൽ പ്രസംഗിക്കുന്ന അടിമുടി കോൺഗ്രസുകാരൻ തരൂരിനെ തള്ളിപ്പറഞ്ഞു. ഡൽഹിയിലെ തണുപ്പുള്ള സന്ധ്യകളിൽ കോൺഗ്രസ് എന്ന മഹാ പ്രസ്ഥാനത്തെ രക്ഷപ്പെടുത്താൻ ചർക്കയും നൂലുമില്ലാതെ എന്തെല്ലാം സ്വപ്നങ്ങൾ നെയ്തവരായിരുന്നു. അതിന്റെ നന്ദിപോലും പശുപാലകൻ തരൂരിനോട് കാട്ടിയില്ല. പക്ഷേ ഇതൊന്നും കണ്ടു തളരുന്ന മനസല്ല തരൂരിന്റേത്. 1345 മുടിയിഴകളെ താൻ ആഗ്രഹിക്കുമ്പോൾ വലതു കണ്ണിന് മുകളിലൂടെ മൂക്കിൻ തുമ്പിന് മുകളിലേക്ക് വഴുതി വീഴ്ത്താനും തലയുടെ ഒറ്റവെട്ടിക്കൽ കൊണ്ട് അവയെ പൂർവസ്ഥാനത്തേക്ക് മടക്കാനും കഴിവുള്ള സുന്ദരകളേബരനായ തരൂർ തികഞ്ഞ പോരാളിയാണ്. ആമസോൺ, നൈൽ നദികൾ കഴിഞ്ഞാൽ പിന്നെ ഏറ്റവും ദൈർഘ്യം അദ്ദേഹം പറയുന്ന ചില ഇംഗ്ളീഷ് വാക്കുകൾക്കാണ്. ജനപ്രതിനിധിയെന്ന തിരക്കുകൾക്കിടയിലും പണ്ഡിതസമാനമായ തന്റെ ആംഗലേയ വാക് സംഭരണി നിറയ്ക്കാനും പുഷ്ടിപ്പെടുത്താനും വലിയ സമർപ്പണമാണ് അദ്ദേഹം നടത്തുന്നത്. ആംഗലേയ സാഹിത്യത്തിലെ വിലപ്പെട്ട കൃതികളാണ് എപ്പോഴും അദ്ദേഹം കരുതാറുള്ളത്. കൂട്ടത്തിൽ ഡൈയോ ലിപ്സ്റ്റിക്കോ പെട്ടുപോയെങ്കിൽ അത് മനഃപൂർവമല്ല, തികച്ചു യാദൃശ്ചികം. ഈ ചമയങ്ങളുടെ യാഥാർത്ഥ്യമറിയുന്നതിനാലാണ് പാവം ശബരനീനാഥൻ തരൂരിന് പിന്തുണയുമായി ഇറങ്ങിയത്.

കോൺഗ്രസിൽ എന്നും തിരുത്തൽ ശക്തിയായി നിന്നിട്ടുള്ള ചോരയാണ് അദ്ദേഹത്തിന്റെ സിരകളിൽ ഒഴുകുന്നത്. രമേശ്ജിക്കും എ.എ.ഷുക്കൂർജിക്കും പന്തളം സുധാകർജിക്കും ഇക്കാര്യം നന്നായിട്ട് അറിവുള്ളതാണ്. കെ.മുരളീധരൻ എന്ന മകനെ രാഷ്ട്രീയത്തിലേക്ക് പറിച്ചുനടാൻ ലീഡർ കെ.കരുണാകരൻ പെടാപ്പാട് പെട്ടപ്പോൾ , മക്കൾ രാഷ്ട്രീയമെന്ന വജ്രായുധം ആഞ്ഞു ചുഴറ്റിയ കളരി അഭ്യാസിയുടെ കഥയൊക്കെ അറിയാമല്ലോ. അതു കണ്ടുംകേട്ടും വളർന്ന മക്കൾ രാഷ്ട്രീയത്തിന്റെ കറ തെല്ലും ദേഹത്ത് വീണിട്ടില്ലാത്ത ശബരീനാഥൻ കോൺഗ്രസിന് ഉത്തമനായ ഒരു രക്ഷകനെ കണ്ടെത്താൻ വ്യഗ്രത കാട്ടിയാൽ അവിടെയാണ് മക്കളേ ആത്മാർത്ഥത. 1930-ൽ ജനിക്കാതിരുന്നതു കൊണ്ട് മാത്രം മഹാത്മജിക്കൊപ്പം ദണ്ഡിയാത്രയിൽ പങ്കെടുത്ത് ഉപ്പ് സത്യാഗ്രഹത്തിൽ പങ്കാളിയാവാൻ കഴിയാതിരുന്നതിന്റെ മനോവേദന പേറുന്ന ശബരീനാഥന് മത്സരിക്കാനുള്ള തരൂരിന്റെ തീരുമാനം മാത്രമാണ് വലിയ ആശ്വാസമായത്. 'മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിൻമുഖം' എന്നൊക്കെ ആരോ എന്തരോ എപ്പോഴോ പറഞ്ഞുവച്ചിട്ടുണ്ടെങ്കിൽ അത് എഴുതിയവരുടെ കുറ്റം.

പക്ഷേ ആത്മാർത്ഥത എന്നതിന്റെ അർത്ഥം അറിയണമെങ്കിൽ ചെന്നിത്തലയെ കണ്ടുപഠിക്കണം. തീർത്തും നിഷ്കാമ കർമി. ഹൈക്കമാൻഡ് ഇരിക്കാൻ പറഞ്ഞാൽ ചെന്നിത്തല കിടക്കും. തുള്ളാൻ പറഞ്ഞാൽ മുള്ളും. ഓടാൻ പറഞ്ഞാൽ ചാടും. എത്ര നല്ല അനുസരണയുള്ള കുട്ടി. കേരളത്തിന്റെ മുഖ്യമന്ത്രി ആവേണ്ട വ്യക്തിയായിരുന്നു. ബോധമില്ലാത്ത ജനങ്ങൾ ഇടത് സർക്കാരിനെ തുടർച്ചയായി വോട്ടുകുത്തി ജയിപ്പിച്ചു. നഷ്ടമാർക്കാ, നല്ലൊരു മുഖ്യനെ കിട്ടാതെപോയി. പക്ഷെ സ്ഥാനമാനങ്ങൾക്ക് പിറകെ ഒരിക്കലും പോകാത്ത വ്യക്തിയാണ് ചെന്നിത്തല. താക്കോൽ സ്ഥാനമെന്നൊക്കെ പറഞ്ഞ് ചിലരൊക്കെ കൊതിപ്പിച്ചപ്പോൾ ചെറുതായി ഒന്നു കാൽവഴുതി. കിലുക്കം സിനിമയിൽ രേവതിയുടെ കഥാപാത്രം പറയും പോലെ അത്രേ സംഭവിച്ചുള്ളൂ. എണ്ണയിൽ നിന്നെടുക്കുന്ന ഏത്തയ്ക്കാ അപ്പം കടിക്കും പോലെ സംസാരിക്കുന്ന സതീശനൊക്കെ പ്രതിപക്ഷ നേതവായത് ചെന്നിത്തലയെന്ന വ്യക്തിയുടെ ത്യാഗമനോഭാവം കാരണമാണെന്നും ഓർക്കണം.

ഇപ്പോൾ ചെന്നിത്തല വീണ്ടും ത്യാഗിയാവുകയാണ് . കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി മല്ലികാർജുൻ ഖാർഗെയ്ക്ക് വേണ്ട മറ്റു സംസ്ഥാനങ്ങളിൽ അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാൻ പോവുകയാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.' കണ്ടാലൊരു ലുക്കില്ലെന്നേയുള്ളൂ, നല്ല ബുദ്ധിയാ' മീശ മാധവൻ സിനിമയിൽ ഈ ഡയലോഗ് എഴുതിയത് സലിം കുമാറിനെ കൊണ്ട് പറയിക്കാൻ വേണ്ടി മാത്രമാണ്. രാഷ്ട്രീയത്തിൽ ആരെങ്കിലുമായി സാമ്യം തോന്നിയാൽ അത് തീർത്തും യാദൃശ്ചികം മാത്രം. (യാദൃശ്ചികം എന്ന വാക്ക് കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ തെണ്ടിപ്പോയേനെ).

പിന്നെ തരൂരിനെക്കുറിച്ചു കൂടി രണ്ട് നല്ല വാക്ക് പറയണമല്ലോ. തിരവനന്തപുരം എം.പിയാണ്. അതിവിശിഷ്ട വ്യക്തികൾ ഉൾപ്പെടുന്ന ചടങ്ങുകളിൽ കൃത്യമായി പങ്കെടുക്കും. നിലാവത്ത് കുറുക്കൻ കൂവും പോലെ ചിലപ്പോൾ ചില വാക്കുകൾ സംസാരിക്കും. കൃത്യമായി രേഖപ്പെടുത്തപ്പെട്ടവരല്ലാതെ ആരു വിളിച്ചാലും ഫോൺ എടുക്കില്ലെന്ന മാന്യതയും അദ്ദേഹത്തിനുണ്ട്. സ്റ്റാച്യുവിന് സമീപം അദ്ദേഹം തുറന്നുവച്ചിട്ടുള്ള ഓഫീസും നല്ല ജനപ്രിയമാണ്. ആനയെ പേടിക്കാറുണ്ട്. ആനപിണ്ടത്തെ പേടിക്കണമെന്ന ചൊല്ല് അവിടെയെത്തിയാൽ നമുക്ക് കാണാപാഠമാവും.

ഇതും കൂടി കേൾക്കണേ

ഇന്ത്യാമഹാരാജ്യത്ത് ആകെയുള്ള 28 സംസ്ഥാനങ്ങളിൽ രണ്ടിടത്തും ഭരിക്കുന്നത് കോൺഗ്രസാണ്. രാജസ്ഥാനിലും ഛത്തീസ് ഗഡിലും. ഭാരത് 'ജൂഡോ 'യാത്ര കഴിയുമ്പോഴേക്കും മറ്റു സംസ്ഥാനങ്ങളിൽ കൂടി കോൺഗ്രസ് അധികാരത്തിൽ വരാനുള്ള ചില മാന്ത്രിക വിദ്യകളൊക്കെ തയ്യാറാക്കിയിട്ടുണ്ട്. ഭാരത് കരാട്ടെയാത്ര, ഭാരത് കളരിപ്പയറ്റ് യാത്ര, ഭാരത് കുമ്മിയടി യാത്ര തുടങ്ങിയ പേരുകൾ സന്ദർഭാനുസരണം ഉപയോഗിക്കാവുന്നതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SASI THAROOR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.