തൃശൂർ: റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് നവംബർ അവസാനവാരം ഇരിങ്ങാലക്കുട വേദിയാകും. റവന്യൂ ജില്ലാ സ്കൂൾ ഗെയിംസ് ചാമ്പ്യൻഷിപ്പിന് തൃശൂർ നഗരവും വേദിയൊരുക്കും. 16 ഇനങ്ങളിലാണ് ആദ്യഘട്ട ഗെയിംസ് മത്സരങ്ങൾ നടക്കുന്നത്. ഈ മത്സരത്തിൽ നിന്ന് തെരഞ്ഞെടുക്കുന്ന കുട്ടികൾ 15ന് തൃശൂരിൽ നടക്കുന്ന സംസ്ഥാന കായികമേളയിലേക്ക് യോഗ്യത നേടും.
വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയം, ഗവ. മോഡൽ ഗേൾസ് സ്കൂൾ, അക്വാട്ടിക് കോംപ്ലക്സ്, കോർപറേഷൻ സ്റ്റേഡിയം, ഗവ. എൻജിനിയറിംഗ് കോളേജ്, ഡോൺ ബോസ്കോ സ്കൂൾ എന്നിവിടങ്ങളിലാണ് ആദ്യഘട്ട ഗെയിംസ് മത്സരങ്ങൾ നടക്കുന്നത്. ശാസ്ത്രമേള, ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ കുന്നംകുളത്ത് നവംബർ ആദ്യവാരം നടക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ അറിയിച്ചു.
സ്കൂൾ കലോത്സവം സംഘാടക സമിതി രൂപീകരണം നാളെ
സ്കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഇരിങ്ങാലക്കുട ടൗൺഹാളിൽ ചേരും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു യോഗം ഉദ്ഘാടനം ചെയ്യും. നഗരസഭാ അദ്ധ്യക്ഷ സോണിയ ഗിരി അദ്ധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ മുഖ്യാതിഥിയാകും. ഡയറ്റ് പ്രിൻസിപ്പൽ ഡോ. എം. ശ്രീജ, എസ്.എസ്.കെ ഡി.പി.സി ഡോ. എൻ.ജെ. ബിനോയ്, ഹയർ സെക്കൻഡറി ജില്ലാ കോ- ഓർഡിനേറ്റർ വി.എം. കരിം, കൈറ്റ് ജില്ലാ കോ- ഓർഡിനേറ്റർ എം. അഷറഫ് എന്നിവർ പങ്കെടുക്കും.
ജില്ലാ ശാസ്ത്രോത്സവ സംഘാടക സമിതി യോഗം 11ന് കുന്നംകുളം ടൗൺ ഹാളിൽ വൈകിട്ട് മൂന്നിന് ചേരും. മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്യും. കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ അദ്ധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ എ.വി. വല്ലഭൻ മുഖ്യാതിഥിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |