കൊച്ചി: ജാപ്പനീസ് വാഹന നിർമ്മാണക്കമ്പനിയായ ഹോണ്ട ഇന്ത്യയിലെത്തിച്ച് വൻ വില്പനനേട്ടം കൊയ്ത സെഡാൻ മോഡലായ സിറ്റിക്ക് 25-ാം പിറന്നാൾ. ഇന്ത്യയിലെത്തി ഈ 25 വർഷത്തിനിടെ ഹോണ്ട സിറ്റി സ്വന്തമാക്കിയത് ഒമ്പത് ലക്ഷത്തിലധികം ഉപഭോക്താക്കളെയാണ്.
1998ലാണ് ഈ മിഡ്സൈസ് സെഡാൻ ആദ്യമായി ഇന്ത്യയിലെത്തിയത്. ഇപ്പോൾ ഹോണ്ട സിറ്റിയുടെ അഞ്ചാംതലമുറ പതിപ്പുകളാണ് പുതുതായി നിരത്തിലെത്തുന്നത്. ഹോണ്ടയുടെ ചരിത്രത്തിൽ തന്നെ ഒരു മോഡൽ ഇത്രയും ദീർഘമായ വിജയഗാഥ കുറിക്കുന്നത് ആദ്യമെന്ന് പറയാം.
സിറ്റിയിലൂടെ തന്നെയാണ് ഹോണ്ട ഇന്ത്യൻ വിപണിയിൽ സാന്നിദ്ധ്യം അറിയിച്ചത്. ഇതിനകം ആഭ്യന്തര, വിദേശവിപണികളിലായി ഇന്ത്യയിലെ ഹോണ്ട സിറ്റി ഒമ്പത് ലക്ഷത്തിലധികം യൂണിറ്റുകളുടെ വില്പനയും കുറിച്ചു. ലോകത്ത് ഹോണ്ട സിറ്റിയുടെ ഏറ്റവും വലിയ വിപണികളിലൊന്നുമാണ് ഇന്ത്യ. ഏഷ്യാ-ഓഷ്യാനിയ മേഖലയിൽ 28 ശതമാനം വിപണിവിഹിതവുമായി സിറ്റിയുടെ വലിയ വിപണി ഇന്ത്യയാണ്.
2020ലാണ് ഹോണ്ട സിറ്റിയുടെ അഞ്ചാംതലമുറ പതിപ്പ് വിപണിയിലെത്തിയത്. ഹൈബ്രിഡ് ഇലക്ട്രിക് ടെക്നോളജിയോട് കൂടിയ ഹോണ്ട സിറ്റി ഇ:എച്ച്.ഇ.വി പതിപ്പും പിന്നാലെ വിപണിയിലെത്തി. 124 ബി.എച്ച്.പി കരുത്തുള്ള 1.5 ലിറ്റർ എൻജിനാണ് ഇതിലുള്ളത്. 26.50 കിലോമീറ്ററാണ് മൈലേജ് വാഗ്ദാനം. എക്സ്ഷോറൂം വില 19.89 ലക്ഷം രൂപ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |