കുന്നംകുളം: കുന്നംകുളത്തെ 220 കെ.വി ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷൻ ഉദ്ഘാടനം 22ന് വൈകിട്ട് മൂന്നിന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി നിർവഹിക്കും. എ.സി. മൊയ്തീൻ എം.എൽ.എ അദ്ധ്യക്ഷനാകും. രമ്യ ഹരിദാസ് എം.പി മുഖ്യാതിഥിയാകും.
നിലവിലെ 110 കെ.വി. സബ്സ്റ്റേഷന്റെ ശേഷി 220 കെ.വിയിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി 220 കെ.വിയുടെ ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്റ്റേഷന്റെ നിർമാണം ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പൂർത്തീകരിച്ചത്. പദ്ധതി പ്രാവർത്തികമാകുന്നതോടെ വൈദ്യുതിതടസ്സം പാടേ ഒഴിവാക്കാനും വൈദ്യുത വിതരണം സുഗമമാക്കാനുമാകും.
തൃശൂർ മാടക്കത്തറയിൽ പവർഗ്രിഡ് പുതുതായി നിർമിച്ച എച്ച്.വി.ഡി.സി സ്റ്റേഷനിൽ നിന്നും മാലാപ്പറമ്പിലേക്ക് പോകുന്ന ലൈനിൽ നിന്ന് വടക്കാഞ്ചേരി മുതൽ കുന്നംകുളം വരെ പുതിയ മൾട്ടി സർക്യൂട്ടിനാവശ്യമായ ടവറുകൾ സ്ഥാപിച്ചാണ് ഇവിടേക്കാവശ്യമായ വൈദ്യുതി എത്തിക്കുന്നത്. 220 കെ.വി ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്റ്റേഷനും അനുബന്ധ ലൈനുകൾക്കുമായി 127 കോടി രൂപ ഭരണാനുമതി ലഭിച്ച പദ്ധതികളാണ് ഇപ്പോൾ പൂർത്തീകരിച്ചിരിക്കുന്നത്.
കുന്നംകുളം സബ്സ്റ്റേഷനു പുറമെ സമീപത്തുള്ള പുന്നയൂർക്കുളം, ഗുരുവായൂർ, കണ്ടശാംകടവ്, അത്താണി, വിയ്യൂർ എന്നീ 110 കെ.വി സബ്സ്റ്റേഷമുകളിലേക്കും ബ്ലാങ്ങാട്, ചാവക്കാട്, കൊങ്ങന്നൂർ, മുണ്ടൂർ, എരുമപ്പെട്ടി, വാടാനപ്പിള്ളി, മുല്ലശ്ശേരി, അന്തിക്കാട് എന്നീ 33 കെ.വി സബ്സ്റ്റേഷനുകളിലേക്കും ആവശ്യമായ വൈദ്യുതി ഇവിടെ നിന്നും നൽകാനാകും. അതിനായി 100 എം.വി.എ ശേഷിയുള്ള 220/110 കെ.വിയുടെ രണ്ട് ട്രാൻസ്ഫോർമറുകൾ സ്ഥാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |