കൊച്ചി: 'ഗോമാതാ ഉലർത്ത്' എന്ന പേരിൽ ബീഫ് പാചകം നടത്തി മതവികാരം വ്രണപ്പെടുത്തിയ രഹ്ന ഫാത്തിമയ്‌ക്കെതിരായ കേസ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി. രഹ്ന ഫാത്തിമ തന്നെ നൽകിയ ഹർജിയാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ തള്ളിയത്.
യൂട്യൂബ് ചാനലിലൂടെ 'ഗോമാതാ ഉലർത്ത്' എന്ന പേരിൽ ബീഫ് പാചകം ചെയ്യുന്ന കുക്കറി വീഡിയോ പോസ്റ്റ് ചെയ്തതിനാണ് രഹന ഫാത്തിമക്കെതിരെ കേസെടുത്തത്. വർഗീയ സംഘർഷമുണ്ടാക്കാനായി പാചക പരിപാടി അവതരിപ്പിച്ചെന്ന് കാണിച്ച് എറണാകുളം സ്വദേശിയായ അഭിഭാഷകൻ രജീഷ് രാമചന്ദ്രൻ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.
നേരത്തെയും നിരവധി വിവാദങ്ങളിലൂടെ രഹ്ന കുപ്രസിദ്ധി നേടിയിരുന്നു. നഗ്നശരീരത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ട് ചിത്രം വരിപ്പിച്ച് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവം, യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയെത്തുടർന്ന് ശബരിമല ദർശനത്തിനെത്തിയത് എന്നിവയാണ് രഹ്നയെ വിവാദത്തിലാഴ്‌ത്തിയത്.
ശബരിമല വിവാദത്തിൽ, സ്ഥാപനത്തിന്റെ സൽപ്പേരിനെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടി ബിഎസ്എൻഎൽ രഹനയെ സർവീസിൽ നിന്ന് പുറത്താക്കിയിരുന്നു. കുട്ടികളുമായി ബന്ധപ്പെട്ട ചിത്രരചന കേസിൽ പോക്‌സോ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. ജുവനൈൽ ആക്ട്, ഐടി ആക്ട് എന്നിവ പ്രകാരമാണ് കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |