തിരുവനന്തപുരം: സ്വപ്നയുടെ വെളിപ്പെടുത്തലിൽ സിപിഎം നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സിപിഎമ്മിലേതുപോലെ ലൈംഗികാതിക്രമങ്ങൾ വേറെ പാർട്ടിയിൽ നടന്നിട്ടുണ്ടോയെന്നും നേതാക്കൾ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയ്ക്കെതിരായ കേസിൽ മുതിർന്ന നേതാക്കളുമായ ചർച്ച ചെയ്യുമെന്നും എംഎൽഎയുടെ വിശദീകരണമടക്കം പരിശോധിച്ച ശേഷം മാത്രമേ നടപടിയെടുക്കൂ എന്നും സുധാകരൻ വ്യക്തമാക്കി.
'ഈ നാട്ടിൽ എന്തെങ്കിലും ക്രമസമാധാനമുണ്ടോ? പൊലീസ് സ്റ്റേഷൻ തന്നെ ഒരു സെമി കോൺസൺട്രേഷൻ ക്യാമ്പായി മാറിയില്ലേ. പണ്ട് ഫാസിസം നടക്കുന്ന കാലത്ത് പൊലീസ് സ്റ്റേഷനുകൾ വെറും ജയിലറകളായിരുന്നു. ഇന്ന് അതുപോലെയാണ്. പൊലീസ് സ്റ്റേഷനിൽ ഏത് നിരപരാധി പോയാലും പരിക്കോടെയാണ് തിരിച്ച് വരുന്നത്. എന്തിനും ഏതിനും തല്ലാണ്. പരമാവധി ഒരു ട്രാൻസ്ഫർ അല്ലാതെ ആരെയെങ്കിലും നിയമത്തിന് വിധേയരാക്കിയിട്ടുണ്ടോ? അതുകൊണ്ട് തന്നെ തങ്ങളുടെ തെറ്റ് തിരുത്താനോ ആവർത്തിക്കാതിരിക്കാനോ പൊലീസ് ഉദ്യോഗസ്ഥർ തയാറാകുന്നില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഇത് ആദ്യത്തെ സംഭവമൊന്നും അല്ല. സിപിഎമ്മിൽ നടന്നതുപോലുള്ള ലൈംഗികാതിക്രമങ്ങൾ മറ്റൊരു പാർട്ടിയിലും നടന്നിട്ടില്ല. പക്ഷേ അവരിപ്പോൾ സൽസ്വഭാവികളാണ്. തെളിവുകൾ നിരത്തിയാണ് സ്വപ്ന പറയുന്നത്. എൽദോസിന്റെ വിഷയം വന്നപ്പോൾ ഞങ്ങൾ പ്രതികരിച്ചില്ലേ, അവരുടെ പാർട്ടി അതിനെങ്കിലും തയാറായോ? എൽദോസിന്റെ പേരിൽ കേസെടുക്കാമെങ്കിൽ സ്വപ്നയുടെ വിഷയത്തിൽ അവർക്കെതിരെയും കേസെടുക്കണം. എല്ലാവർക്കും ഒരേ നിയമമല്ലേ.'- കെ സുധാകരൻ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |