പരവൂർ : പൊള്ളലേറ്റ കയ്യിലെ വിരലിൽ കുടുങ്ങിയ മോതിരം പരവൂർ അഗ്നിരക്ഷാസേന നീക്കം ചെയ്തു. വർക്കല ശിവഗിരി സ്വദേശി ചരുവിള പുത്തൻവീട്ടിൽ അനുവിന്റെ(23) വിരലിൽ കുടുങ്ങിയ മോതിരമാണ് നീക്കം ചെയ്തത്. കയ്യിൽ പൊള്ളലേറ്റതിനെത്തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടാനെത്തിയപ്പോഴാണ് കയ്യിൽ കിടന്ന സ്റ്റീൽ മോതിരം ഊരിയെടുക്കാൻ സാധിക്കാത്തവിധം വിരലിൽ കുടുങ്ങിയതായറിയുന്നത്. വേദന സഹിക്കാതായപ്പോൾ ആശുപത്രി അധികൃതരാണ് പരവൂർ അഗ്നിരക്ഷാസേനയെ സമീപിക്കാൻ പറഞ്ഞത്. പൊള്ളലേറ്റ കാരണം മോതിരം ഊരിയെടുക്കുന്നത് കൂടുതൽ മുറിവ് ഉണ്ടാക്കാൻ സാധ്യത ഉണ്ടെന്ന് മനസ്സിലാക്കിയ അഗ്നിരക്ഷാസേനാംഗങ്ങൾ അവരുടെ വാഹനത്തിൽ നെടുങ്ങോലം രാമറാവു മെമ്മോറിയൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം ഡോക്ടറുടെ സഹായത്തോടെയാണ് മോതിരം വിരലിൽ നിന്നും നീക്കം ചെയ്തത്. സ്റ്റേഷൻ ഓഫിസർ ഗിരീഷിന്റെ നേതൃത്വത്തിൽ, എ.ജെ.അംജിത്ത്, എസ്.സുജിത്ത്, എസ്.ഷിനു, കെ.ഷിബുകുമാർ എന്നിവരാണ് മോതിരം നീക്കം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |