SignIn
Kerala Kaumudi Online
Saturday, 21 September 2024 4.08 AM IST

പെൻഷൻ പ്രായം കൂട്ടൽ; സർക്കാരിന് താത്പര്യം പണമോ, വിവാദമോ ?

Increase Font Size Decrease Font Size Print Page

pension

"Change is inevitable. Change is constant".എന്ന് പറഞ്ഞത് ബ്രിട്ടീഷ് ചിന്തകനും എഴുത്തുകാരനും ബ്രിട്ടനെ ലോകത്തെ ഏറ്റവും വലിയ സാമ്രാജ്യശക്തിയുമാക്കിയ ബെഞ്ചമിൻ ഡിസ്രയേലിയാണ്. മാറ്റങ്ങൾക്ക് വഴങ്ങാതെ ഒരു സമൂഹത്തിനും ഒരുരാജ്യത്തിനും മുന്നോട്ട് പോകാനും വിജയിക്കാനുമാകില്ലെന്ന് വിശ്വസിക്കുകയും നടപ്പാക്കുകയും ചെയ്ത ചിന്തകനായിരുന്നു അദ്ദേഹം. മാറ്റങ്ങളോട് മുഖം തിരിക്കുന്ന സമീപനം പുരോഗമനസ്വഭാവമുള്ള ഒരു ജനതയ്ക്ക് ചേർന്നതല്ലെന്നാണ് ചരിത്രം. എക്കാലവും എല്ലാം ഒരേപോലെ തന്നെ നിലനിന്നുപോകണമെന്ന് എങ്ങനെ വാശിപിടിക്കാനാകും ? എന്തിനേയും എതിർക്കുന്ന സ്വഭാവത്തെ തോൽപിച്ചാണ് പാശ്ചാത്യരാജ്യങ്ങൾ വികസനത്തിലേക്ക് കുതിച്ചുപാഞ്ഞത്. കേരളത്തിന് എന്തിനേയും എതിർക്കുന്ന സ്വഭാവമാണോ എന്ന് ചിലപ്പോൾ സംശയം തോന്നും. സ്ത്രീകൾ മാറുമറയ്ക്കണമെന്ന് പറഞ്ഞപ്പോഴും ക്ഷേത്രത്തിൽ ഭക്തർക്കെല്ലാം പ്രവേശനം വേണമെന്ന് പറഞ്ഞപ്പോഴും മാത്രമല്ല വാറ്റ് സമ്പ്രദായം വന്നപ്പോഴും ജി.എസ്.ടി. വന്നപ്പോഴും ഇൗ നികുതിയെല്ലാം കുഴപ്പമാകുമെന്ന് ഭയന്ന് എതിർത്തു. കമ്പ്യൂട്ടർ വന്നപ്പോൾ തൊഴിൽ പോകുമെന്ന് പറഞ്ഞ് സമരം ചെയ്‌തു. കാർഷിക രംഗത്ത് സമഗ്രപരിഷ്‌കരണം കൊണ്ടുവരാൻ കേന്ദ്രം ശ്രമിച്ചപ്പോൾ അതിനേയും എതിർത്തു. സിൽവർലൈൻ അതിവേഗ റെയിൽപ്പാത സംസ്ഥാനസർക്കാർ കൊണ്ടുവന്നപ്പോഴും സമീപനം മറ്റൊന്നായിരുന്നില്ല. ഗോശ്രീ, വിഴിഞ്ഞം തുറമുഖം തുടങ്ങി എന്തിനേയും ഏതിനേയും എതിർക്കുന്നു. ഇതിനെല്ലാം യുക്തിയുണ്ടോ എന്ന് നോക്കാറില്ല. രാഷ്ട്രീയം അല്ലെങ്കിൽ മറ്റെന്തെങ്കിലും സ്വാർത്ഥതാത്പര്യം മാത്രമാണ് ഇത്തരം എതിർപ്പുകൾക്ക് പിന്നിൽ. നവോത്ഥാനത്തെ പിന്തുണയ്ക്കുമെന്ന് ഉരുവിടുന്ന മലയാളികൾ "മാറ്റുവിൻ ചട്ടങ്ങളേ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ" എന്ന ആശാന്റെ മൊഴി മറന്നുപോയി. പറഞ്ഞുവന്നത് പെൻഷൻപ്രായം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കോലാഹലങ്ങളെക്കുറിച്ചാണ്.

അതേസമയം ഭരണസംവിധാനങ്ങൾ മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ അത് നന്നായി പഠിച്ചിട്ടാവണമെന്ന മറുവശവും ഇതിനുണ്ട്. സിൽവർലൈൻ വിരുദ്ധ സമരം ശക്തിപ്പെട്ടപ്പോൾ നടത്തിയത് പോലുള്ള സംവാദ പ്രഹസനങ്ങളല്ല. മറിച്ച് ശരിതെറ്റുകൾ ജനങ്ങൾക്ക് ശരിക്കും ബോദ്ധ്യപ്പെടുന്ന രീതിയിൽ അത് നിർവഹിക്കപ്പെടണം. അതില്ലാതിരുന്നതുകൊണ്ടാണ് വിഴിഞ്ഞം സമരം പോലുള്ളവയ്ക്ക് എതിരെ ജനരോഷമുണ്ടാകാത്തത്. ഇപ്പോൾ പ്രശ്നം പെൻഷൻപ്രായം കൂട്ടുന്നതാണ്.

പൊതുമേഖലാസ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെൻഷൻ പ്രായം 60ആക്കി. ഇതോടെ ഇത് പിന്നീട് സർക്കാർ സർവീസുകളിലും വരുമെന്ന് ആശങ്കയുണർന്നു. പെൻഷൻ പ്രായം കൂട്ടിയാൽ യുവാക്കൾക്ക് നിയമനങ്ങൾ കിട്ടില്ലെന്നാണ് ഇതിനെ എതിർക്കുന്നവരുടെ ഭയം. സർക്കാരിന് താൽപര്യം പെൻഷൻ ആകുന്നവർക്ക് കൊടുക്കേണ്ട വമ്പൻ സാമ്പത്തിക ബാദ്ധ്യതയിൽ നിന്ന് തൽക്കാലം രക്ഷപ്പെടാമെന്ന മോഹവുമാണ്.

വാസ്തവത്തിൽ ഇങ്ങനെയാണോ ഒരു മാറ്റം കൊണ്ടുവരേണ്ടത്. തീരുമാനമെടുക്കുന്നതിന് മുമ്പ് സർക്കാർ ഇതേ കുറിച്ച് പഠിക്കണമായിരുന്നു. ബന്ധപ്പെട്ടവരുമായി അതായത് ജീവനക്കാരും ഉദ്യോഗാർത്ഥാർത്ഥികളമൊക്കെയായി ചർച്ച നടത്തണം. മാറ്റം കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയും അനിവാര്യതയും എല്ലാവരേയും ബോദ്ധ്യപ്പെടുത്തണം. അതിന് പകരം സർക്കാർ രണ്ടുകമ്മിറ്റി റിപ്പോർട്ടുകളാണ് ഇൗ തീരുമാനത്തിന് മുമ്പ് പരിഗണിച്ചതായി കാണുന്നത്. രണ്ടും സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള കുറുക്കുവഴി എന്ന നിലയിൽ മാത്രമാണിത് ശുപാർശ ചെയ്തത്. ദാരിദ്ര്യം വരുമ്പോൾ വീട്ടിലെ സ്ഥാവരജംഗമവസ്തുക്കളെടുത്ത് വിൽക്കുന്നതുപോലെ നടപ്പാക്കേണ്ട ഒന്നാണോ സമൂഹത്തിൽ ദൂരവ്യാപകമായ പ്രതിഫലനങ്ങളുണ്ടാക്കുന്ന ഒരു തീരുമാനം.

പെൻഷൻപ്രായം കൂട്ടുന്നത് ജനങ്ങളുടെ ആയുർദൈർഘ്യവുമായി താരതമ്യം ചെയ്തിട്ടാണെന്നാണ് വയ്‌പ്. പെൻഷൻപ്രായം പരിഷ്‌കരിക്കാൻ സർക്കാർ നിയോഗിച്ച ജെ.ജോസ്, ടി.വി.ശേഖർ കമ്മിറ്റി റിപ്പോർട്ടിൽ ഇത് വിശദമായി ചർച്ച ചെയ്യുന്നുണ്ട്. സംസ്ഥാനം രൂപീകൃതമായ 1956ൽ മലയാളികളുടെ ശരാശരി ആയുസ് 60 വയസായിരുന്നു. അന്ന് ജനങ്ങൾക്ക് 45 വയസിന് മുകളിൽ ജോലിയെടുക്കാനുള്ള ആരോഗ്യം കുറവായിരുന്നു. ഇന്ന് സ്ഥിതി മാറി. ശരാശരി ആയുസ് 82.5ആണെന്നാണ് പുതിയ റിപ്പോർട്ട്. ജോലിയെടുക്കാനുള്ള ആരോഗ്യം ക്ഷയിക്കുന്നത് 65 നും 70നും ഇടയ്ക്കാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പെൻഷൻ പ്രായമാകട്ടെ 56 വയസും. അതായത് ജോലിയെടുക്കാൻ കഴിവും പ്രാപ്തിയുമുള്ള പ്രായത്തിൽ ഉദ്യോഗത്തിൽ നിന്ന് പിരിച്ചുവിടുന്നുവെന്ന് ചുരുക്കം. ഇത് ഉത്പാദനക്ഷമതയിലെ നഷ്ടമാണ്. അതിന്റെ മൂല്യം പണത്തിലേക്ക് കണക്കാക്കിയാൽ കോടിക്കണക്കിന് രൂപവരും. 2013വരെ കേരളത്തിൽ സർക്കാർ ജീവനക്കാർക്ക് 55 ആയിരുന്നു പെൻഷൻ പ്രായം. 2013ൽ അത് 56 ആയി ഉയർത്തി. ആ തീരുമാനംകൊണ്ട് എത്രപേർക്കാണ് തൊഴിൽ കിട്ടാതായതെന്നതിന് കണക്കില്ല. നാഷണൽ പെൻഷൻ സ്കീം വന്നപ്പോൾ അത് 60 ആയി. അതോടെ കുറേപ്പേർക്കെങ്കിലും ഇപ്പോൾ പെൻഷൻപ്രായം 60 ആണ്. അതിനോടും അന്ന് ആരും പ്രതിഷേധിച്ചുകണ്ടില്ല. 2016ൽ പെൻഷൻ ആകുന്ന സമയം ഏകീകരിക്കുന്നുവെന്ന പേരിൽ ഒരുവർഷത്തേക്ക് പെൻഷൻ നടപ്പാക്കുന്നത് സർക്കാർ മാറ്റിവെച്ചു. ഒരു ഉദ്യോഗാർത്ഥിക്കും അവസരം നഷ്ടമായതായി ആക്ഷേപമുയർന്നില്ല.

അതുമാത്രമല്ല ഉത്പാദനക്ഷമതയിലെ നഷ്ടത്തിന് പുറമേ സർക്കാരിന് വൻ സാമ്പത്തിക നഷ്ടവും ഇതുമൂലം ഉണ്ടാകുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. അത് എല്ലാവരും പറയുന്നതുപോലെ ഒരു വർഷത്തിൽ 20000 പേർ സർവീസിൽനിന്ന് വിരമിക്കുമ്പോൾ കൊടുക്കേണ്ടിവരുന്ന ആനുകൂല്യങ്ങൾക്കുള്ള 4000കോടി രൂപ മാത്രമല്ല. മറിച്ച് കാലങ്ങളായി വഹിക്കേണ്ടിവരുന്ന ഭാരിച്ച പെൻഷൻ ബാദ്ധ്യതയാണ്. കാരണം ആയുസ് കൂടുന്നതോടെ കൂടുതൽ കാലം പെൻഷൻ നൽകേണ്ടിവരും. അതും ഒരു രൂപയുടെ പണിപോലും എടുക്കാതെ വീട്ടിലിരിക്കുന്നവർക്ക്, സർക്കാരിന് അൽപം പോലും ഉത്പാദനവർദ്ധനവുണ്ടാകാതെ കേവലം മാനുഷിക പരിഗണനയുടെ പേരിൽ വൻ സാമ്പത്തികബാദ്ധ്യത വർഷങ്ങളോളം ഏറ്റെടുക്കണ്ടിവരും. അൻപത് വർഷങ്ങൾക്ക് മുമ്പ് ശരാശരി ആയുസ് 60ആയിരുന്നെങ്കിൽ അഞ്ചോ ആറോ വർഷം പെൻഷൻകൊടുത്താൽ മതിയായിരുന്നു. ഇന്ന് ആയുസ് 80വയസിന് മുകളിൽ പോയതോടെ ഒരാളുടെ സർവീസ് കാലത്തിന് തുല്യമോ, അതിൽ കൂടുതലോ കാലമോ പെൻഷൻ കൊടുക്കേണ്ട സ്ഥിതിയാണ്. നിലവിൽ സർവീസിലുള്ളവരേക്കാൾ കൂടുതൽ പെൻഷൻകാരാണുള്ളതെന്ന് അറിഞ്ഞാൽത്തന്നെ ഇതിന്റെ സത്യാവസ്ഥ ബോദ്ധ്യമാകും. നിലവിൽ 5.10ലക്ഷം ജീവനക്കാരുണ്ട്. പെൻഷൻകാരാകട്ടെ 5.37ലക്ഷവും.

2000-2001 വർഷത്തിൽ പെൻഷൻ നൽകാൻ സർക്കാരിന് ചെലവായിരുന്നത് 1926കോടി രൂപയായിരുന്നു. 2019-20ആയപ്പോഴേക്കും അത് 19064കോടിയായി ഉയർന്നു. കഴിഞ്ഞവർഷം പെൻഷൻ നൽകാൻ ചെലവായത് 23106 കോടി രൂപയാണ്. അതായത് സംസ്ഥാനത്തിന്റെ തനത് വരുമാനത്തിന്റെ ഏതാണ്ട് 48 ശതമാനവും ചെലവാക്കുന്നത് ഇതിനാണെന്ന് വരുന്നു. ഇൗ കുതിപ്പിന് പ്രധാനകാരണം അടിക്കടിയുണ്ടാകുന്ന ശമ്പളപരിഷ്‌കരണവും മനുഷ്യന്റെ ആയുർദൈർഘ്യം കൂടിയതുമാണ്. അതായത് ഒരുപണിയുമെടുക്കാതെ കൂലി കൊടുക്കുന്ന സംവിധാനത്തിന് പകരം അവരുടെ കായിക, ബൗദ്ധികശേഷി നാടിന്റെ വികസനത്തിന് ഉപയോഗിക്കുകയും അതുവഴി ജനങ്ങളുടെ പണം പ്രത്യുത്‌പാദനപരമായി വിനിയോഗിക്കുകയും ചെയ്യുക എന്ന ലക്ഷ്യം കൂടി പെൻഷൻ പ്രായം വർദ്ധന നീക്കത്തിന് പിന്നിലുണ്ടെന്നർത്ഥം.

വസ്തുതകൾ ഇങ്ങനെയൊക്കെയാണെങ്കിലും പെൻഷൻ പ്രായം കൂട്ടുന്ന വിഷയത്തിൽ സർക്കാരും യുവജനങ്ങളും മുഖത്തോടുമുഖം നിന്ന് പോരാടുന്നത് സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും ചൂണ്ടിക്കാട്ടിയാണ്. രണ്ടുപ്രശ്നങ്ങളും യാഥാർത്ഥ്യവുമാണ്. അത് കണ്ടില്ലെന്ന് നടിക്കാൻ ആർക്കുമാകില്ല. ഇവ രണ്ടും പരിഹരിക്കേണ്ടതിനുള്ള ഉത്തരവാദിത്വം സർക്കാരിനാണെന്നതിൽ ആർക്കും തർക്കമില്ല. എന്നാൽ അതിനുള്ള പോംവഴി പെൻഷൻപ്രായം കൂട്ടി ആനുകൂല്യങ്ങൾ ഒന്നോ, രണ്ടോ വർഷത്തേക്ക് കൊടുക്കാതെ കയ്യിൽവച്ച് ഉപയോഗിക്കുകയല്ല, യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കേണ്ടത് പെൻഷൻപ്രായം കൂട്ടാതെ വെച്ച് കുറച്ചുപേർക്ക് സർക്കാർ ജോലി കൊടുത്തുമല്ല. അനുദിനം പെരുകിവരുന്ന തൊഴിലില്ലാപടയ്ക്ക് സർക്കാർ ജോലി ഒരു ചെറിയ ആശ്വാസം മാത്രമാണ്. അത് ശാശ്വത പരിഹാരമൊന്നുമല്ല. കൂടുതൽ വികസനങ്ങൾ കൊണ്ടുവരികയും സാമ്പത്തികവളർച്ചയ്ക്ക് അവസരമുണ്ടാക്കി ജനങ്ങൾക്ക് മികച്ച തൊഴിൽ ലഭിക്കാനുള്ള സാഹചര്യമൊരുക്കിയുമാണ് ഇത് പരിഹരിക്കേണ്ടത്. അതിന് പകരം ചെറിയ സൂത്രപ്പണികൾകൊണ്ട് കാലം കഴിക്കാമെന്ന് കരുതുമ്പോഴാണ് ജനങ്ങളുടെ എതിർപ്പ് നേരിടേണ്ടിവരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: RETIREMENT AGE IN KERALA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.