മെൽബൺ: ട്വന്റി-20 ലോകകപ്പിൽ സൂപ്പർ 12 ഗ്രൂപ്പ് രണ്ടിൽ ഇന്ത്യ ഉൾപ്പെടെയുള്ള ടീമുകൾക്ക് ഇന്ന് നിർണായക മത്സരങ്ങൾ. ഗ്രൂപ്പ് രണ്ടിൽ ഇന്ന് ഇന്ത്യൻ സമയം വെളുപ്പിന് 5.30 മുതൽ തുടങ്ങുന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയും നെതർലൻഡ്സും തമ്മിലും 9.30മുതൽ പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലും ഏറ്റുമുട്ടും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 മുതലാണ് ഇന്ത്യയും സിംബാബ്വെയും തമ്മിലുള്ള സൂപ്പർ 12ലെ അവസാന മത്സരം.
തോൽക്കരുത്
സിംബാബ്വെയെ തോൽപ്പിച്ച് ഗ്രൂപ്പ് ചാമ്പ്യൻമാരായി സെമി ഫൈനലിൽ എത്താമെന്ന ശുഭ പ്രതീക്ഷയിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. മഴമൂലം മത്സരം ഉപേക്ഷിച്ചാലും ഇന്ത്യയ്ക്ക് സെമി ഉറപ്പാണ്. തോറ്റാൽ മറ്റ് മത്സരങ്ങളുടെ ഫലങ്ങളെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ സെമി പ്രതീക്ഷ. നിലവിലെ ഫോമിൽ സിംബാബ്വെയുടെ വെല്ലുവിളികളെ ഇന്ത്യ മറിടക്കുമെന്ന് തന്നെയാണ് വിലയിരുത്തലുകൾ. മറുവശത്ത് പാകിസ്ഥാനെ കീഴടക്കിയ സിംബാബ്വെയെ ഒരു ഘട്ടത്തിലും എഴുതിത്തള്ളാനാകില്ല.
ബംഗ്ലാദേശിനെതിരെ ജയിച്ച അതേ ടീമിനെ തന്നെ ഇന്ത്യ ഇന്ന് കളത്തിൽ അണിനിരത്തിയേക്കും.
ഇന്ത്യ സാധ്യതാ ടീം: രാഹുൽ, രോഹിത്, കൊഹ്ലി, സൂര്യ, ഹാർദിക്, ദിനേശ്, അക്ഷർ, അശ്വിൻ,ഭുവനേശ്വർ,ഷമി,അർഷദീപ്.
സിംബാബ്വെ സാധ്യതാ ടീം: മധെവേരെ, ഇർവിൻ,ചകാബ്വ,സീൻ,റാസ,ഷുംബ,ബുറൽ,ജോംഗ്വെ, നഗവര,ചതാര,മുസറബനി.
മഴഭീഷണി
ഇന്ത്യ -സിംബാബ്വെ മത്സരവേദിയായ മെൽബണിൽ ഇന്നും മഴഭീഷണിയുണ്ട്. ഈ ലോകകപ്പിൽ ഇതിന് മുമ്പ് ഇവിടെ അവസാനം നിശ്ചയിച്ചിരുന്ന മുന്ന് മത്സരങ്ങളും മഴമൂലം ഒരുപന്ത് പോലും എറിയാനാകാതെ ഉപേക്ഷിച്ചിരുന്നു.
ഇന്ത്യൻ സാധ്യതകൾ
ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ ഇന്ത്യയ്ക്ക് ഗ്രൂപ്പ് 2ലെ ചാമ്പ്യൻമാരായി എട്ട് പോയിന്റുമായി സെമി ഫൈനലിൽ എത്താം.
മഴമൂലം മത്സരം ഉപേക്ഷിച്ചാലും സെമി കളിക്കാം. ദക്ഷിണാഫ്രിക്ക തോറ്റാൽ ഗ്രൂപ്പ് ചാമ്പ്യൻമാരായി തന്നെ.
സിംബാബ്വെയോട് തോറ്റാൽ ദക്ഷിണാഫ്രിക്ക നെതർലൻഡ്സിനോട് തോറ്റാലും ബംഗ്ലാദേശ് പാകിസ്ഥാനെ ചെറിയ മാർജിനിൽ തോൽപ്പിച്ചാലും ഇന്ത്യയ്ക്ക് സെമി കളിക്കാം.
മറ്റ് ടീമുകൾക്ക്
ദക്ഷിണാഫ്രിക്കയ്ക്ക് നെതർലൻഡ്സിനെ തോൽപ്പിച്ചാൽ സെമിയിലെത്താം.
ദക്ഷിണാഫ്രിക്ക തോൽക്കുകയും ഇന്ത്യ തോൽക്കുകയും ചെയ്താൽ ദക്ഷിണാഫ്രിക്കയായിരിക്കും ഗ്രൂപ്പ് ചാമ്പ്യൻമാർ.
മത്സരം ഉപേക്ഷിച്ചാൽ റൺറേറ്ര് നിർണായക ഘടകമാകും. നിലവിൽ ഗ്രൂപ്പിൽ ഏറ്റവും കൂടുതൽ റൺറേറ്റുള്ളത് ദക്ഷിണാഫ്രിക്കയ്ക്കാണ്. ഡച്ചുകാർക്കെതിരെ തോറ്റാൽ പാകിസ്ഥാൻ - ബംഗ്ലാദേശ് മത്സരം ഉപേക്ഷിക്കുകയും നെറ്റ് റൺറേറ്റിൽ മറ്റ് ടീമുകൾ മുന്നിലെത്താതിരിക്കുകയും വേണം ദക്ഷിണാഫ്രിക്കയ്ക്ക് സെമിയിലേക്ക് വഴിതെളിയാൻ.
ബംഗ്ലാദേശിനെ തോൽപ്പിക്കുകയും അതോടൊപ്പം ഇന്ത്യ സിംബാബ്വെയോട് തോൽക്കുകയോ ദക്ഷിണാഫ്രിക്ക നെതർലൻഡ്സിനോട് തോൽക്കുകയോ വേണം പാകിസ്ഥാന് സെമിയിലെത്താൻ.
പാകിസ്ഥാനെ തോൽപ്പിക്കുകയും നെതർലൻഡ്സ് ദക്ഷിണാഫ്രിക്കയെ തോൽപ്പിക്കുകയും ചെയ്താൽ ബംഗ്ലാദേശിന് സെമിയിലെത്താം.
സിംബാബ്വെ സെമിയിൽ എത്താൻ വലിയ അദ്ഭുതങ്ങൾ സംഭവിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |