വിപിന് ദാസിന്റെ സംവിധാനത്തിൽ ബേസിൽ ജോസഫ്- ദർശന രാജേന്ദ്രൻ താരജോഡികൾ അഭിനയിച്ച വിജയചിത്രമായ 'ജയ ജയ ജയ ജയ ഹേ' ബോക്സോഫിൽ മികച്ച കളക്ഷനോടെ പ്രദർശനം തുടരുകയാണ്. വലിയ വാഗ്ദാനങ്ങളൊന്നുമില്ലാതെ പുറത്തിറങ്ങിയ ചിത്രം തിയേറ്ററുകളിൽ എത്തിയ എല്ലാതരം കാണികളെയും സംതൃപ്തിപ്പെടുത്തിക്കൊണ്ട് പണം കൊയ്യുന്നത് തുടരുന്നതായാണ് പുറത്ത് വന്ന ഏറ്റവും പുതിയ കളക്ഷൻ റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്.
കുടുംബ പശ്ചാത്തലത്തിൽ ചിരിമഴ തീർത്ത ചിത്രം ഒക്ടോബർ 28നാണ് പുറത്തിറങ്ങിയത്. കാണികൾ ഏറ്റെടുത്തതിന്റെ ഫലമായി പുറത്തിറങ്ങി 11 ദിവസത്തിനുള്ളിൽ 25 കോടി ക്ളബ്ബിൽ 'ജയ ജയ ജയ ജയ ഹേ' ഇടം പിടിച്ചിരുന്നു. എന്നാൽ അവിടെയും നിലയ്ക്കാതെ ചിത്രത്തിന്റെ ബോക്സോഫീസ് കളക്ഷൻ തുടരുകയാണ്. പുറത്ത് വന്ന കളക്ഷൻ റിപ്പോർട്ട് പ്രകാരം ചിത്രം 35 കോടിയിലധികം കളക്ഷൻ നേടിയതായാണ് വിവരം. 5-6 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ആകെ മുതൽ മുടക്ക്.
ആനന്ദ് മൻമഥൻ, അസീസ് നെടുമങ്ങാട്,സുധീർ പറവൂർ, നോബി മാർക്കോസ്, മഞ്ജു പിള്ള എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ ചിത്രത്തിലെ 'ജയ ജയ ജയ ജയ ഹേ' എന്ന് തുടങ്ങുന്ന ഗാനം ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയിരുന്നു. ജാനേമനു ശേഷം ചിയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ എന്നിവരും സൂപ്പർ ഡ്യുപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസനും ചേർന്നാണ് നിർമ്മാണം. സംവിധായകൻ വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്നാണ് തിരക്കഥ .ബബ്ലു അജു ഛായാഗ്രഹണം നിർവഹിക്കുന്നു. പി.ആർ. ഒ വൈശാഖ് സി വടക്കേവീട്'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |