SignIn
Kerala Kaumudi Online
Thursday, 19 September 2024 12.17 PM IST

പി.ജി എന്ന പ്രതിഭാ വിസ്‌മയം

Increase Font Size Decrease Font Size Print Page

pg-

പ്രശസ്ത മാർക്സിസ്റ്റ് ദാർശനികനും മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്ര പണ്ഡിതനും പുരോഗമന സാഹിത്യനായകനും ഗ്രന്ഥകാരനും പത്രപ്രവർത്തകനും ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പുനഃസംഘാടകനുമായ പി.ഗോവിന്ദപ്പിള്ള നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് പത്തുവർഷം. കേസരി ബാലകൃഷ്ണപിള്ളയ്ക്കുശേഷം മലയാളംകണ്ട മഹാപണ്ഡിതനായിരുന്നു പി.ജി. ഇ.എം.എസും കെ. ദാമോദരനും എൻ.ഇ. ബലറാമും തുടങ്ങിവച്ച മാർക്സിസ്റ്റ് സൗന്ദര്യചിന്തയ്ക്ക് ആഴത്തിലുള്ള പ്രായോഗികസമീപനം ആവിഷ്കരിച്ചത് അദ്ദേഹമാണ്. 1949ൽ കൊല്ലം സമ്മേളനത്തോടെ താത്‌കാലികമായെങ്കിലും തകർന്നുപോയ പുരോഗമന സാഹിത്യസംഘടനയെ ദേശാഭിമാനി സ്റ്റഡിസർക്കിളിലൂടെ പുരോഗമന കലാസാഹിത്യസംഘമാക്കി വികസിപ്പിക്കുന്നതിൽ ഇ.എം.സിനൊപ്പം നേതൃത്വം നൽകിയതും പി.ജിയായിരുന്നു. പി.ജിയുടെ നഷ്ടം ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തിനും, ഇടതുപക്ഷ രാഷ്ട്രീയത്തിനും നികത്താനാവാത്ത വിടവാണ്.

കാഴ്‌ചയിൽ സാധാരണ മനുഷ്യൻ. മുണ്ടും മടക്കിക്കുത്തി, അരക്കയ്യൻ ഷർട്ടുമിട്ട്, പുസ്തകങ്ങളും ആനുകാലികങ്ങളും കുത്തിനിറച്ച തുണിസഞ്ചി തോളത്തുതൂക്കി എ.കെ.ജി സെന്ററിൽ നിന്ന് തലസ്ഥാനനഗരിയിലെ ജനനിബിഡമായ തെരുവോരത്തുകൂടെ നടന്നുപോകുന്ന പൊക്കംകുറഞ്ഞ വലിയ മനുഷ്യൻ. മോഡേൺ ബുക്സിന്റെ പുസ്തകഷോപ്പിലോ ബ്രിട്ടീഷ് ലൈബ്രറി കൗൺസിൽ ലൈബ്രറിയിലോ യൂണിവേഴ്സിറ്റി ലൈബ്രറിയുടെ വായനാമുറിയിലോ പബ്ളിക് ലൈബ്രറിയിലെ ഗർഭഗൃഹത്തിലോ പരിസരം മറന്നിരുന്ന് വായിക്കുന്ന മഹാജ്ഞാനിയായ പി. ഗോവിന്ദപ്പിള്ളയെ ചിലപ്പോൾ കാണുന്നത് വി.ജെ.ടി ഹാളിലെ പ്രസംഗപീഠത്തിൽ ഗർജ്ജിക്കുന്ന സിംഹമായിട്ടായിരിക്കും.

സമ്പന്നമായ സാമ്പത്തി​ക സാംസ്കാരി​ക ചുറ്റുപാടി​ലാണ് പി​.ജി​ ജനി​ച്ചതും വളർന്നതും. പെരുമ്പാവൂരി​നടുത്ത് പുല്ലുവഴി​യി​ൽ കാപ്പള്ളി​ വീട്ടി​ൽ എം.എൻ. പരമേശ്വരൻപി​ള്ളയുടേയും കെ. പാറുക്കുട്ടി​അമ്മയുടെയും മകനായി​ 1926 മാർച്ച് 25നു ഗോവിന്ദപ്പിള്ള ജനിച്ചു. സാമാന്യം ഉയർന്ന ജന്മികുടുംബമായിരുന്നു കാപ്പള്ളിൽ. സ്വന്തം കുടുംബത്തിലും ബന്ധുകുടുംബത്തിലും നിഷ്ഠൂരമായി കുടിയാന്മാരെ കുടിയിറക്കുന്നത് ഇളംപ്രായത്തിലേ കാണേണ്ടിവന്ന പി.ജിയ്‌ക്ക് ആ സാമൂഹ്യവ്യവസ്ഥയോട് വെറുപ്പും പ്രതിഷേധവുമുണ്ടായി.

മിടുക്കനായ വിദ്യാർത്ഥിയായിരുന്നു അദ്ധ്യാപകർ ഗോപിയെന്ന് വിളിച്ചിരുന്ന പി. ഗോവിന്ദപ്പിള്ള. കീഴില്ലം, പുല്ലുവഴി കുറുപ്പുംപടി എന്നിവിടങ്ങളിലായിരുന്ന വിദ്യാഭ്യാസം. 1936 കാലം. ദേശീയ സ്വാതന്ത്ര്യ‌സമരം വിദ്യാർത്ഥികൾക്കിടയിൽ ആളിപ്പടർന്നിരുന്നു. അന്ന് കീഴില്ലം മിഡിൽ സ്കൂൾ വിദ്യാർത്ഥിയായിരുന്നു. അദ്ധ്യാപകരുടെ കണ്ണിലുണ്ണിയായ ആ വിദ്യാർത്ഥി രാജ്യദ്രോഹക്കുറ്റത്തിന് ഹെഡ്മാസ്റ്ററാൽ ശിക്ഷിക്കപ്പെട്ടു. കുറുപ്പുംപടി മാർ ഗ്രിഗോറിയോസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ കോർ എപ്പിസ്കോപ്പ ഫാദർ പി.എ. പൗലോസ് (ഡോ. ഡി. ബാബുപോളിന്റെ പിതാവ്) ആണ് പി.ജിയെ സാഹിത്യത്തിലേക്കും പ്രഭാഷണത്തിലേക്കും കൂട്ടിക്കൊണ്ടുപോയത്. ഈ ഘട്ടത്തിലായിരുന്നു കാലടി ആഗമാനന്ദസ്വാമികളുടെ ആശ്രമത്തിലെ അന്തേവാസിത്വവും. ആ ജീവിതം അദ്ദേഹത്തെ വല്ലാതെ സ്വാധീനിച്ചു. അതേകാലത്തു തന്നെയായിരുന്നു എൻ.വി. കൃഷ്ണവാര്യരെ പരിചയപ്പെട്ടത്. അന്നദ്ദേഹം ബ്രഹ്മാനന്ദസഭയുടെ വകയായ ബ്രഹ്മാനന്ദോദയം സംസ്കൃതസ്കൂളിൽ അദ്ധ്യാപകനായിരുന്നു. അദ്ധ്യാപനവൃത്തിയുടെ മറവിൽ ദേശീയ സ്വാതന്ത്ര്യസമര പ്രവർത്തനമായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. എൻ.വി. കൃഷ്ണവാര്യരുമായുള്ള അടുപ്പം പി.ജിയെ ദേശീയ സമരഭടനാക്കി.

ആലുവ യു.സി കോളേജിലാണ് പി.ജി കോളേജ് വിദ്യാഭ്യാസം ആരംഭിച്ചത്. പി.കെ.വിയും മലയാറ്റൂർ രാമകൃഷ്ണനും കെ.സി. മാത്യുവും എം.എം. ചെറിയാനും ജി. നാരായണയ്യരും സഹപാഠികളായിരുന്നു. 1941ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനകീയ യുദ്ധസിദ്ധാന്തവും, കോൺഗ്രസിന്റെ ക്വിറ്റിന്ത്യാ സമരവും നടക്കുന്ന കാലത്ത് പി. കൃഷ്ണപിള്ളയുടെ ഇടപെടലിനെ തുടർന്നാണ് വിദ്യാർത്ഥി കോൺഗ്രസുകാരനായ പി.ജി വിദ്യാർത്ഥി ഫെഡറേഷൻകാരനാകുന്നത്.

തീഷ്ണമായ വിദ്യാർത്ഥിസംഘടനാ പ്രവർത്തനവും രാഷ്ട്രീയവും കാരണം ഇന്റർമീഡിയേറ്റ് പരീക്ഷയ്‌ക്കിരിക്കാൻ പോലും പി.ജി താത്‌പര്യം കാണിച്ചില്ല. ഒടുവിൽ കുടുംബത്തിന്റെ നിർബന്ധപ്രകാരം ചങ്ങനാശേരിയിൽ എം.പി. പോൾ നടത്തിയിരുന്ന പോൾസ് ട്യൂട്ടോറിയലിൽ ചേർന്ന് ഇന്റർമീഡിയറ്റ് ഫസ്റ്റ് ക്ളാസിൽ പാസായി. മകനെ ഇംഗ്ളണ്ടിലയച്ച് ബാർ അറ്റ് ലോയ്‌ക്ക് പഠിപ്പിക്കണമെന്ന ഉദ്ദേശ്യത്തിൽ പിതാവ് ബോംബെയിലെ സുഹൃത്ത് മുഖാന്തരം പി.ജിയെ ബോംബെയിൽ യൂറോപ്യന്മാർ നടത്തിയിരുന്ന സെന്റ് സേവ്യേഴ്സ് കോളേജിൽ ചേർത്തു. കോളേജിലെ വിദ്യാർത്ഥികളെ സംഘടിപ്പിച്ച് സമരം നടത്തിയതിനെത്തുടർന്ന് പി.ജിയെയും വിദ്യാർത്ഥികളെയും അറസ്റ്റുചെയ്ത് 'യാർവാദ" ജയിലിലടച്ചു.

1953ൽ അദ്ദേഹം തിരുകൊച്ചി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാനകമ്മിറ്റി അംഗമായി. 1954- 55 കാലത്ത് പാർട്ടി കേന്ദ്രകമ്മിറ്റിയുടെ മുഖപത്രമായ ന്യൂ ഏജിന്റെ പത്രാധിപസമിതി അംഗമായി. 1965 മുതൽ 1982 വരെ ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായിരുന്നു.

1951ൽ 25-ാം വയസിൽ ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1957ലും 1967ലും അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ സിൻഡിക്കേറ്റ് മെമ്പറായും കേന്ദ്ര സാഹിത്യഅക്കാഡമിയിൽ മലയാളത്തെ പ്രതിനിധീകരിച്ച് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. സി.ഡിറ്റും കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ സ്കൂൾ ഒഫ് ഡ്രാമയും സ്ഥാപിച്ചതു പി.ജിയാണ്.

ദേശാഭിമാനി സ്റ്റഡിസർക്കിളിനും പുരോഗമന കലാസാഹിത്യ സംഘത്തിനുമെതിരെ ഉയർന്നുവന്ന ആക്ഷേപഹാസ്യങ്ങളേയും വിമർശനങ്ങളേയും നേരിടാനാണ് പി.ജി എഴുതിത്തുടങ്ങിയത്.

ആദ്യ പുസ്തകമായ 'ഇസങ്ങൾക്കിപ്പുറം" പുറത്തുവരുന്നത് 1975ലാണ്. കുപ്രസിദ്ധമായ അടിയന്തരാവസ്ഥക്കാലത്ത്. അവസാനത്തെ പുസ്തകം 'വൈജ്ഞാനികവിപ്ളവം ഒരു സാംസ്കാരിക ചരിത്രം" പുറത്തുവന്നത് 2011ലും. 36 വർഷത്തിനിടയിൽ അദ്ദേഹത്തിൽനിന്ന് സാഹിത്യം, രാഷ്ട്രീയം, സാർവദേശീയം, ജീവചരിത്രം, മതം, ശാസ്ത്രം, നവോത്ഥാനം തുടങ്ങിയ വിഷയങ്ങളിലായി നമുക്കു ലഭിച്ചത് 30ലേറെ ഗ്രന്ഥങ്ങളും. അദ്ദേഹത്തിന്റെ ജീവചരിത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട കൃതികളാണ് ഫ്രെഡറിക് ഏംഗൽസ്,​ ചാൾസ് ഡാർവിൻ,​ ഇ.എം.എസ്,​ കെ. ദാമോദരൻ എന്നിവരെക്കുറിച്ചുള്ള കൃതികൾ.

പി.ജിയുടെ പ്രധാനപ്പെട്ട സംഭാവന ' മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്രത്തെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ ആധികാരിക ഗ്രന്ഥമാണ്. പി.ജിക്കു മുമ്പുവരെയുള്ള മാർക്സിസ്റ്റ് ബുദ്ധിജീവികൾ മാർക്സിയൻ സൗന്ദര്യശാസ്ത്രത്തെക്കുറിച്ച് എങ്ങും തൊടാതെ സംസാരിക്കുകയായിരുന്നു പതിവ്. എന്നാൽ മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്രത്തക്കുറിച്ച് ആധികാരികഗ്രന്ഥം തയ്യാറാക്കിയത് പി.ജിയാണ്. രാഷ്ട്രീയം, മതം, നോവൽ, പുരാണം, കവിത, നാടകം, സാഹിത്യനിരൂപണം, ശാസ്ത്രം തുടങ്ങി ഏതു ഗ്രന്ഥവും പൈസകൊടുത്ത് വാങ്ങി വായിക്കുന്ന ആളായിരുന്നു അദ്ദേഹം. അമൂല്യകൃതികളടങ്ങിയ ഒരു വലിയ ഗ്രന്ഥശേഖരവുമുണ്ടായിരുന്നു. സ്വന്തമായി സിനിമ നിർമ്മിക്കാനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. അങ്ങനെയാണ് ചെറുകാടിന്റെ 'മണ്ണിന്റെ മാറിൽ" സി​നി​മയാക്കി​യത്. ‌ദേവലോകം സി​നി​മയാക്കാനും പ്ളാനുണ്ടായി​രുന്നു.

പി. ഗോവിന്ദപ്പിള്ള സംഘടിത ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് കടന്നുവരുന്നത് 1958ലാണ്. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് പ്രതിസന്ധിഘട്ടങ്ങൾ മുറിച്ചുകടക്കാനുള്ള താത്വികനേതൃത്വം നൽകിയതും പി. ഗോവിന്ദപ്പിള്ളയായിരുന്നു. ഗ്രന്ഥശാലാ സംഘത്തിന്റെ ജനാധിപത്യ പുനഃസ്ഥാപനത്തിനുവേണ്ടി ഗ്രന്ഥശാലാ പ്രവർത്തകർ രൂപീകരിച്ച കർമ്മസമിതിക്കു നേതൃത്വം നൽകിയതും അദ്ദേഹമായിരുന്നു. കേരളത്തിലെ ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ സവിശേഷത കണക്കിലെടുത്ത് ഒരു ലൈബ്രറി നിയമമുണ്ടാക്കാൻ മുൻകൈയെടുത്തതും പി.ജിയായിരുന്നു.

1989ൽ നിയമസഭ പാസാക്കിയ കേരള പബ്ളിക് ലൈബ്രറി ബില്ലിന്റെ അടിസ്ഥാനത്തിൽ 1994ൽ തിരഞ്ഞടുക്കപ്പെട്ട ആദ്യ ലൈബ്രറി കൗൺസിൽ എക്സി. അംഗമായിരുന്നു. ജീവിതം നാടിനും വിപ്ളവപ്രവർത്തനത്തിനും സംസ്കാരത്തിനും സാഹിത്യത്തിനും ഉഴിഞ്ഞുവച്ച സഖാവ് പി.ജിയുടെ ധന്യസ്മരണയ്‌ക്കു മുന്നിൽ ഒരായിരം പ്രണാമങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: P GOVINDAPILLAI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.