തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സ്വീവേജ് കണക്ഷനുകൾക്കുള്ള നിരക്ക് ഗാർഹിക ഉപഭോക്താക്കൾക്ക് 1000 രൂപയും ഗാർഹികേതരം ഉൾപ്പെടെ മറ്റ് വിഭാഗങ്ങൾക്ക് 1500 രൂപയും വർദ്ധിപ്പിച്ച് വാട്ടർ അതോറിട്ടി ഉത്തരവിറക്കി. ഗാർഹിക ഉപഭോക്താക്കളുടെ നിരക്ക് 500ൽ നിന്ന് 1500 രൂപയാകും. ഗാർഹികേതര വിഭാഗങ്ങൾക്ക് 1000ൽ നിന്ന് 2500രൂപയായും വർദ്ധിക്കും.
ജല ഉപഭോഗത്തിന് അനുസൃതമായി 25 കിലോലിറ്റർ വരെ, 50 കി.ലിറ്റർ വരെ, 50 കി.ലിറ്ററിനു മുകളിൽ എന്നിങ്ങനെ മൂന്നു സ്ലാബുകളായി തിരിച്ച് പുതുതായി സ്വീവേജ് സെസും, ഫിക്സഡ് ചാർജും ഏർപ്പെടുത്തി. പ്രതിമാസ ബില്ലിനൊപ്പമാകും സെസ് ഈടാക്കുക. ഫ്ലാറ്റുകളെ ഗാർഹിക ഉപഭോക്താക്കളുടെ ഗണത്തിൽ ഉൾപ്പെടുത്തി. വാട്ടർ കണക്ഷനില്ലാത്ത കെട്ടിടങ്ങൾക്കും സ്വീവേജ് കണക്ഷൻ നൽകും.
സെസും ഫിക്സഡ് ചാർജും
25 കിലോലിറ്റർ വരെ - ജല ഉപഭോഗത്തിന്റെ 11.02 % സെസ്. ഗാർഹികേതര, സ്പെഷ്യൽ കണക്ഷനുകൾക്ക് 50 രൂപയും, വ്യാവസായിക കണക്ഷനുകൾക്ക് 150 രൂപയും ഫിക്സഡ് ചാർജ്. ഗാർഹിക വിഭാഗങ്ങൾക്ക് ഫിക്സഡ് ചാർജ് ഇല്ല.
25 മുതൽ 50 കിലോലിറ്റർ വരെ- 25 % സെസ്. ഗാർഹിക കണക്ഷനുകൾക്ക് 50 രൂപയും, ഗാർഹികേതര, സ്പെഷ്യൽ കണക്ഷനുകൾക്ക് 100 രൂപയും, വ്യാവസായിക കണക്ഷനുകൾക്ക് 200 രൂപയും ഫിക്സഡ് ചാർജ്
50 കിലോലിറ്ററിനു മുകളിൽ- 50% സെസ്. ഗാർഹിക കണക്ഷനുകൾക്ക് 100 രൂപയും, ഗാർഹികേതര, സ്പെഷ്യൽ കണക്ഷനുകൾക്ക് 200 രൂപയും, വ്യാവസായിക കണക്ഷനുകൾക്ക് 300 രൂപയും ഫിക്സഡ് ചാർജ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |