SignIn
Kerala Kaumudi Online
Saturday, 27 April 2024 1.39 PM IST

ദുരന്തഭൂമിയായി ഇൻഡോനേഷ്യ:മരണം 268 ആയി

indonesia

ജക്കാർത്ത: ഇൻഡോനേഷ്യയിലെ ജാവയിലെ ചിയാഞ്ചൂർ പട്ടണത്തിലുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 268 ആയി. മരണസംഖ്യ കുതിച്ചുയരുന്നതായി ഇൻഡോനേഷ്യൻ ദേശീയ ദുരന്ത ലഘൂകരണ ഏജൻസിയായ ബി.എൻ.പി.ബിയുടെ മേധാവി സുഹരിയാന്റോ അറിയിച്ചു. കുറഞ്ഞത് 150 പേരെയെങ്കിലും കാണാതായിട്ടുണ്ട്. നിലവിലെ കണക്കനുസരിച്ച് ആയിരത്തിലധികം പേർക്കാണ് പരിക്കുകളുള്ളത്. കുടുങ്ങിക്കിടക്കുന്ന ആളുകളെ എത്രയും വേഗം രക്ഷപ്പെടുത്താനാണ് മുൻഗണന നൽകുന്നതെന്നും എത്രയും വേഗം അവരെ കണ്ടെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അതിനിടെ, ഇൻഡോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ ഇന്നലെ ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം പ്രഖ്യാപിച്ച അദ്ദേഹം ദുരന്ത-രക്ഷാ സേനകൾക്ക് വേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

രക്ഷാപ്രവർത്തനം ദുഷ്കരം

കൂടുതൽ പേർക്കായി രക്ഷാപ്രവർത്തകർ തെരച്ചിൽ തുടരുകയാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിലും മണ്ണിനും മരങ്ങൾക്കുമിടയിലും ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നുള്ള അനുമാനത്തിലാണ് തെരച്ചിൽ നടക്കുന്നത്. ചെയിൻസോകളും എക്സ്കവേറ്ററുകളും ഉപയോഗിച്ചാണ് ആളുകളെ രക്ഷപ്പെടുത്തുന്നതെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. എന്നാൽ,​ അവശിഷ്ടങ്ങൾ റോഡിലേയ്ക്ക് വീണു കിടക്കുന്നത് വേഗത്തിലുള്ള രക്ഷാ പ്രവർത്തനത്തെ ബാധിക്കുന്നുമുണ്ട്. പലയിടത്തും മരിച്ചവരുടെ സംസ്കാര ചടങ്ങുകൾ നടത്തി. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമായ ചിയാഞ്ചൂരിൽ അപകടത്തിൽപ്പെട്ട ഭൂരിഭാഗം പേരും മരിച്ചു. 7060 ഓളം പേർ നഗരത്തിൽ നിന്നും പലായനം ചെയ്തതായും സർക്കാർ അറിയിച്ചു. ഗ്രാമപ്രദേശങ്ങളിലേയ്ക്കും പർവത പ്രദേശങ്ങളിലേയ്ക്കുമുള്ള റോഡ് ബന്ധങ്ങൾ മുറിഞ്ഞുകിടക്കുകയാണ്. ഇതോടൊപ്പം വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടതോടെ ഇന്നലത്തെ രക്ഷാപ്രവർത്തനവും ദുഷ്കരമായിത്തീർന്നു. പല ആശുപത്രികളിലും കെട്ടിടത്തിനു പുറത്താണ് ചികിത്സകൾ നടത്തിയത്. മൃതദേഹവുമായി നടന്നു പോകുന്ന ആളുകളും ബന്ധുക്കളെ തെരഞ്ഞു നടക്കുന്നവരും ഏറെയാണ്.

ഇൻഡോനേഷ്യയിലെ ഭൂപ്രകൃതി ഭൂചലനത്തിന്റെ ആഘാതം വർദ്ധിപ്പിക്കുന്നതാണെന്ന് ജിയോളജിക്കൽ ഏജൻസി പറയുന്നു.

തിങ്കളാഴ്ച ഇന്ത്യൻ സമയം രാവിലെ 11.51നാണ് റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനം ഉണ്ടായത്. ചലനത്തിൽ ചിയാഞ്ചൂർ പട്ടണം ഭൂരിഭാഗവും തകർന്നു. തുടർ ചലനങ്ങളും പട്ടണത്തെ ബാധിച്ചു. 13,​000 ത്തിലേറെ പേരെയാണ് അടിയന്തരമായി പട്ടണത്തിൽ നിന്ന് ഒഴിപ്പിച്ചത്. ഇൻഡോനേഷ്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശമാണ് ജാവ. ലോകത്ത് കൂടുതൽ ഭൂചലന, അഗ്നിപ‌ർവത സാദ്ധ്യതയുള്ള പ്രദേശമാണ് ഇൻഡോനേഷ്യ. 2021 ജനുവരിയിൽ സുലവേസി ദ്വീപിനെ പിടിച്ചുകുലുക്കിയ ഭൂചലനത്തിൽ നൂറിലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു.

കൂടുതലും കുട്ടികൾ

1,75000 ജനങ്ങളുള്ള ചിയാഞ്ചൂർ പട്ടണത്തിൽ 62 ചെറിയ തുടർ ചലനങ്ങളുടെ ഒരു തരംഗമാണ് സ്ഥിതി കൂടുതൽ വഷളാക്കിയത്. ദുരന്തത്തിൽ കൊല്ലപ്പെട്ടവരിൽ കൂടുതലും കുട്ടികളാണെന്ന് ഇൻഡോനേഷ്യൻ ദേശീയ രക്ഷാ ഏജൻസിയായ ബനർനാസ് റിപ്പോടർട്ട് ചെയ്യുന്നു. സ്കൂളുകൾ പ്രവർത്തിക്കുന്ന സമയമാണ് ഭൂചലനം ഉണ്ടായത്. ഇത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. കൂടാതെ വീടുകളിലുണ്ടായിരുന്ന നിരവധി കുട്ടികളും മരണപ്പെട്ടു.

ഇന്ത്യ ഇൻഡോനേഷ്യയ്ക്കൊപ്പം; അനുശോചനം രേഖപ്പെടുത്തി മോദി

ഇന്തോനേഷ്യയിലുണ്ടായ ഭൂചലനത്തിൽ നിരവധി പേർ മരിക്കുകയും നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്ത സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഈ ഘട്ടത്തിൽ ഇൻഡോനേഷ്യയ്ക്കൊപ്പം നിൽക്കുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു. ഇൻഡോനേഷ്യയിലുണ്ടായ ഭൂചലനത്തിൽ നിരവധി ജീവനുകൾ നഷ്ടപ്പെടുകയും നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തതിൽ ദുഃഖിതനാണ്. ഭൂചലനത്തിൽ ഇരകളായവരുടെ കുടുംബങ്ങളോട് അഗാധമായ ദുഃഖം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ഈ പ്രതിസന്ധി ഘട്ടത്തിൽ ഇൻഡോനേഷ്യയ്ക്കൊപ്പം നിൽക്കുന്നു.മോദി ട്വീറ്ര് ചെയ്തു.

ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും കനേഡിയൻ, ഫ്രഞ്ച് നേതാക്കളും ഇന്നലെ അനുശോചനം രേഖപ്പെടുത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.