SignIn
Kerala Kaumudi Online
Saturday, 27 April 2024 4.29 PM IST

അറേബ്യൻ മഹാത്ഭുതം

world-cup

ദോഹ : സൗദിക്ക് ഇതൊരു വെറും വിജയമല്ല, അറേബ്യൻ മഹാത്ഭുതമാണ്. ലോക ഫുട്ബാളിലെ ഏറ്റവും ശക്തമായ ടീമുകളിലൊന്നിനെതിരെ തങ്ങളുടെ ചരിത്രത്തിലെതന്നെ ഏറ്റവും മാധുര്യമൂറുന്ന വിജയം കൊയ്തെടുക്കുകയായിരുന്നു ഇന്നലെ ലുസൈൽ സ്റ്റേഡിയത്തിൽ സൗദി അറേബ്യക്കാർ. തങ്ങൾ ഫൈനൽ കളിക്കാൻ ഇറങ്ങുമെന്ന് സ്വപ്നം കണ്ടിരുന്ന അതേ സ്റ്റേഡിയത്തിൽ ആദ്യ മത്സരത്തിൽതന്നെ ചങ്കുതകർന്ന് തിരിച്ചുകേടേണ്ട ഗതികേടിലായിരുന്നു മെസിയും സംഘവും. മെസിപ്പടയ്ക്ക് വേണ്ടി ആവേശംകൊണ്ട ജനകോടികളുടെ നെഞ്ചിലാണ് ഇന്നലെ സൗദി തീ കോരിയിട്ടത്.

രണ്ടാം മിനിട്ടിൽതന്നെ സൗദി ബോക്സിനുള്ളിൽ ഏൻജൽ ഡി മരിയയും മെസിയും ചേർന്ന് നടത്തിയ മുന്നേറ്റം ആവേശം ജനിപ്പിച്ചു. ഡി മരിയയുടെ ഷോട്ട് റീബൗണ്ട് ചെയ്തത് മെസി വലയിലേക്ക് തൊടുത്തെങ്കിലും സൗദി ഗോളി അൽ ഒവെയ്സ് അത് തട്ടിയകറ്റി. എന്നാൽ വൈകാതെ ആദ്യ ഗോൾ നേടാൻ മെസിക്ക് കഴിഞ്ഞു. 16-ാം മിനിട്ടിലാണ് അർജന്റീനിയൻ ഗോളിക്ക്നേരേ സൗദി ആദ്യമായൊരു ഷോട്ടുതിർത്തത്.

എന്നാൽ തുടർന്നുള്ള അർജന്റീനിയൻ മുന്നേറ്റങ്ങളെ ഓഫ്സൈഡ് ട്രാപ്പിൽ കുടുക്കിയിടാൻ സൗദിക്ക് കഴിഞ്ഞു. 22-ാം മിനിട്ടിൽ മെസിയും 27-ാം മിനിട്ടിൽ ലൗതാരോ മാർട്ടിനെസും സൗദി വലകുലുക്കിയെങ്കിലും ഓഫ്സൈഡായിരുന്നു. ലൗതാരയുടെ ഗോൾ അനുവദിച്ചശേഷം വാർ പരിശോധിച്ച് റഫറി റദ്ദാക്കുകയായിരുന്നു. 34-ാം മിനിട്ടിൽ ലൗതാരോ വീണ്ടും ഗോളിയെ മറികടന്ന് പന്ത് വലയിലെത്തിച്ചെങ്കിലും ലൈൻ റഫറിയുടെ ഓഫ്സൈഡ് ഫ്ളാഗ് ഉയർന്നിരുന്നു.

ആറുപേരോളം പ്രതിരോധത്തിലേക്ക് പിൻവലിഞ്ഞാണ് സൗദി എതിർമുന്നേറ്റങ്ങളെ തടുക്കാൻ നോക്കിയത്.42-ാം മിനിട്ടിൽ ബോക്സിന്റെ വശത്തുനിന്ന് അർജന്റീനയ്ക്ക് അനുകൂലമായി ഒരു ഫ്രീകിക്ക് ലഭിച്ചെങ്കിലും പ്രയോജനപ്പെടുത്താനായില്ല. തൊട്ടുപിന്നാലെ സൗദി രണ്ട്തവണ അർജന്റീന ബോക്സിലേക്ക് കയറിവന്ന് മടങ്ങി.ആദ്യ പകുതിയുടെ ഇൻജുറിടൈമിൽ ഡി മരിയയുടെ ഷോട്ട് സൗദി ഗോൾ പി‌ടിച്ചെടുത്തു. തൊട്ടുപിന്നാലെ സൗദി ക്യാപ്ടൻ സൽമാൻ അൽഫറാജ് പരിക്കേറ്റ് മടങ്ങി.

രണ്ടാം പകുതിയിലാണ് അർജന്റീന ആരാധകരെ ഞെട്ടിച്ച നാടകീയ രംഗങ്ങൾ പിറന്നത്. അഞ്ചുമിനിട്ടിന്റെ വ്യത്യാസത്തിലാണ് സലേ അൽഷഹരിയും പത്താം നമ്പർ കുപ്പായക്കാരൻ സലേം അൽദവാസിരിയും അർജന്റീനയുടെ വലകുലുക്കിയത്. ലോകമെമ്പാടുമുള്ള അർജന്റീന ആരാധകർ ഞെട്ടിത്തരിച്ചുപോയ നിമിഷങ്ങളായിരുന്നു അത്. ആദ്യ പകുതിയിൽ കാര്യമായ ജോലി ഇല്ലാതിരുന്ന അർജന്റീന പ്രതിരോധത്തിന്റെ അലസതയാണ് രണ്ട് ഗോളുകൾക്കും വഴിതുറന്നത്. ഇതോടെ റൊമേറോ,പാപ്പു ഗോമസ്,പരേഡേസിനെയും മാറ്റി അർജന്റീന ലിസാൻഡ്രോ,അൽവാരേസ്,എൻസോ എന്നിവരെ കളത്തിലിറക്കി. പക്ഷേ 63-ാം മിനിട്ടിൽ ഒരു കോർണർ കിക്കിൽ നിന്ന് കിട്ടിയ സുവർണാവസരം ഗോളാക്കിമാറ്റാൻ തഗ്ളിയാഫിക്കോയ്ക്ക് കഴിയാതെ പോയി.70-ാം മിനിട്ടിൽ തഗ്ളിയാഫിക്കോയെ മാറ്റി അക്യുനയെയും കളത്തിലിറക്കി.72-ാം മിനിട്ടിൽ മെസി നൽകിയ പാസിൽ നിന്ന് ഡി മരിയ തൊടുത്ത ഷോട്ട് സൗദി ഗോളി തടുത്തു. 81-ാംമിനിട്ടിൽ മെസി തൊടുത്ത ഫ്രീ കിക്ക് വലയ്ക്ക് മുകളിലൂടെ പറന്നതും അർജന്റീനയെ മാനസികമായി തകർത്തുകളഞ്ഞു. 85-ാം മിനിട്ടിലെ മെസിയുടെ ബോക്സിന് മുന്നിൽനിന്നുള്ള തകർപ്പൻ ഹെഡറും അൽ ഒവെയ്സ് കൈക്കുമ്പിളിലാക്കി. അധികസമയത്തും അൽ ഒവെയ്സിന്റെ ഒരു തകർപ്പൻ സേവ് കണ്ടു. തുടർന്ന് നടത്തിയ ഫൗളിന് മഞ്ഞക്കാർഡും സൗദി ഗോളിക്ക് ലഭിച്ചു.ഇൻജുറി ടൈമിൽ രണ്ട് കോർണർക്കിക്കുകൾ അർജന്റീനയ്ക്ക് ലഭിച്ചിട്ടും ഫലമുണ്ടായില്ല. ഫൈനൽ വിസിലിന് തൊട്ടുമുമ്പ് അൽ ഒവെയ്സ് നടത്തിയ മറ്റൊരു തകർപ്പൻ സേവും മത്സരത്തിന്റെ വിധി നിശ്ചയിച്ചു

1-0

10-ാം മിനിട്ട്

മെസി(പെനാൽറ്റി)

ആറാം മിനിട്ടിൽ മെസിയെടുത്ത കോർണർകിക്കും അൽവായ്സ് അത് തട്ടിയകറ്റിയിരുന്നു.എന്നാൽ കോർണർ എടുക്കുന്നതിന് മുമ്പ് സൗദി ഡിഫൻഡർമാർ അർജന്റീന താരങ്ങളെ പിടിച്ചുവലിച്ചത് ശ്രദ്ധയിൽ പെട്ട റഫറി വീഡിയോ പരിശോധിച്ച് പെനാൽറ്റി വിധിച്ചു. കിക്കെടുത്ത മെസി ഒട്ടും സമ്മർദ്ദമില്ലാതെ വലയുടെ ഇടതുവശത്തേക്ക് തട്ടിയിട്ടപ്പോൾ ഗോളി വലത്തേക്ക് ഡൈവ് ചെയ്ത് കഴിഞ്ഞിരുന്നു.

1-1

48-ാം മിനിട്ട്

സലേ അൽഷഹരി

പ്രതിരോധഭടൻ റൊമേറോയുടെ പിഴവിൽ നിന്നാണ് സലേ അൽഷഹരിയുടെ ഗോൾ പിറന്നത്. ബോക്സിന് പുറത്തുനിന്ന് വന്ന ലോംഗ്ബാൾ സ്വീകരിച്ച സലേ റൊമേറോയെ സുന്ദരമായി കബളിപ്പിച്ച ശേഷം വലയിലേക്ക് തൊടുത്തപ്പോൾ അർജന്റീന ഗോളി മാർട്ടിനെസ് ഡൈവ് ചെയ്തെങ്കിലും ഫലമുണ്ടായില്ല.

1-2

53-ാം മിനിട്ട്

സലേം അൽദവാസിരി


ഒരു ഗോൾ വഴങ്ങിയതിന്റെ ആഘാതത്തിൽ നിന്ന് മോചിതരാകാൻ കഴിയാതിരുന്ന അർജന്റീനയെ ഞെട്ടിച്ച് അടുത്ത ഗോൾ അൽദവാസിരി വഴിയായിരുന്നു. ബോക്സിന്റെ വലതുമൂലയിലേക്ക് പന്തുമായി പോയ അൽദവാസിരി പെട്ടെന്ന് വെട്ടിത്തിരിഞ്ഞ് ഷൂട്ട് ചെയ്യുകയായിരുന്നു. അർജന്റീനാ ആരാധകരുടെ നെഞ്ചത്തേക്കാണ് ആ വെടിയുണ്ട തറച്ചുകയറിയത്.

36

മത്സരങ്ങളിൽ തോൽവിയറിയാതെവന്ന അർജന്റീനയുടെ അപരാജിതകുതിപ്പിനാണ് സൗദി ഇന്നലെ അറുതിവരുത്തിയത്. 2019 കോപ്പ അമേരിക്ക സെമിയിൽ ബ്രസീലിനോടായിരുന്നു അർജന്റീനയുടെ അവസാന തോൽവി. ഇന്നലെ ജയിച്ചിരുന്നെങ്കിൽ 37 അപരാജിതമത്സരങ്ങളുടെ റെക്കാഡിനൊപ്പമെത്താൻ മെസിക്കും കൂട്ടർക്കും കഴിഞ്ഞേനെ.

5

ലോകകപ്പുകൾ കളിച്ച ആദ്യ അർജന്റീനിയൻ താരമായി മെസി ചരിത്രം കുറിച്ചു.ഇതിഹാസതാരം ഡീഗോ മറഡോണ നാലു ലോകകപ്പുകളിൽ അർജന്റീന കുപ്പായമണിഞ്ഞിട്ടുണ്ട്. ഇന്നലെ മറ്റൊരു അർജന്റീന താരം നിക്കോളാസ് ഒാട്ടമെൻഡി തന്റെ മൂന്നാംലോകകപ്പിനാണ് ഇറങ്ങിയത്.

7

ലോകകപ്പിലെ തന്റെ ഏഴാം ഗോളാണ് മെസി ഇന്നലെ നേടിയത്. മെസി ഗോൾ നേടുന്ന നാലാമത്തെ ലോകകപ്പാണ് ഇത് . 2004,2014,2018 ലോകകപ്പുകളിൽ മെസി വല കുലുക്കിയിരുന്നു. 2010 ലോകകപ്പിൽ മാത്രമാണ് ഗോളടിക്കാൻ കഴിയാതിരുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയും ഏഴുഗോളുകൾ ലോകകപ്പിൽ നേടിയിട്ടുണ്ട്.

1990

ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ അർജന്റീന കാമറൂണിനോട് 1-0ത്തിന് തോറ്റാണ് തുടങ്ങിയത്. അത്തവണ മറഡോണയും സംഘവും ഫൈനലിലെത്തിയിരുന്നു.

ആദ്യ പകുതിയിൽ ഡിഫൻസീവ് സൗദി

ആദ്യ പകുതിയിൽ സൗദിയിൽ പുറത്തെടുത്ത മികച്ച പ്രതിരോധം ശ്രദ്ധേയമായി. മെസിയടക്കമുള്ള അർജന്റീന താരങ്ങളെ മാർക്ക് ചെയ്യുന്നതിലുപരി തങ്ങളുടെ ബോക്സിനുമുന്നിലേക്ക് കൂട്ടായികയറി പ്രതിരോധിക്കാനാണ് സൗദി തീരുമാനിച്ചത്. അത് അർജന്റീന പ്രതീക്ഷിച്ചിരുന്നില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ഓഫ്സൈഡുകളുടെ പ്രളയം.ആദ്യപകുതിയിൽ മാത്രം ഏഴുതവണയാണ് അർജന്റീന ഓഫ് സൈഡിൽ കുരുങ്ങിയത്.

രണ്ടാം പകുതിയിൽ അറ്റാക്കിംഗ് സൗദി

ഇടവേളയ്ക്ക് ശേഷമെത്തിയ സൗദി ആദ്യ പകുതിയിൽ കണ്ടവരേ ആയിരുന്നില്ല. ആദ്യ പകുതിയിൽ പ്രതിരോധത്തിൽ എങ്ങനെ കൂട്ടായ്മ കാട്ടിയോ അത് ആക്രമണത്തിലേക്ക് വഴിതിരിച്ചുവിട്ടു.വേഗത്തിലുള്ള മുന്നേറ്റങ്ങളാണ് മിനിട്ടുകളുടെ വ്യത്യാസത്തിലെ രണ്ട് ഗോളുകൾക്ക് വഴിയൊരുക്കിയത്. അതോടൊപ്പം ഗോളി അൽ ഒവെയ്സിന്റെ കിടിലൻ സേവുകളും വഴിത്തിരിവായി. പത്തോളം സേവുകളാണ് അൽ ഒവെയ്സ് നടത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, WORLD CUP
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.